|    Apr 22 Sun, 2018 12:37 pm
FLASH NEWS
Home   >  Editpage  >  Article  >  

വേലിക്കലാപങ്ങള്‍ തിരിച്ചെത്തുകയാണോ?

Published : 31st July 2016 | Posted By: SMR

slug-avkshngl-nishdnglബാബുരാജ് ബി എസ്

ചേറ്റുവ അഴിക്കും കൊടുങ്ങല്ലൂര്‍ ആലയ്ക്കും ഇടയിലാണ് മണപ്പുറം. ഇംഗ്ലീഷുകാരും ലന്തക്കാരും കൊച്ചിയും മൈസൂരും മാറിമാറി ഭരിച്ച മണപ്പുറം. മണപ്പുറത്ത് ആദ്യമായി റോഡ് വെട്ടിയത് ടിപ്പുവാണ്. രണ്ടെണ്ണം, പടിഞ്ഞാറേ ടിപ്പുസുല്‍ത്താന്‍ റോഡും കിഴക്കേ ടിപ്പുസുല്‍ത്താന്‍ റോഡും. പോവാന്‍ ഒന്നും വരാന്‍ ഒന്നും! മറ്റു റോഡുകള്‍ വരുന്നത് അതിനുശേഷമാണ്.
മതിലുകളുണ്ടാവാന്‍ പിന്നെയും കാലമെടുത്തു. മണപ്പുറത്ത് മതിലുകള്‍ കണ്ടുപിടിക്കുന്നത് എണ്‍പതുകളിലാണ്. ആദ്യം മതിലുകളായിരുന്നില്ല. വേലികളായിരുന്നു. ഓലകൊണ്ടുള്ള വേലികള്‍. വേലികള്‍ക്കു മുമ്പ് മണപ്പുറത്തെ പറമ്പുകള്‍ വിശാലമായി പരന്നുകിടന്നു. തെങ്ങിന്‍തോപ്പുകള്‍ക്കിടയില്‍ ചെറുവീടുകള്‍. ആര്‍ക്കും പ്രത്യേകം പ്രത്യേകം നടവഴിയുണ്ടായിരുന്നില്ല. അല്ലെങ്കില്‍ എല്ലാം നടവഴിയായിരുന്നു. ഓരോ വീടിന്റെയും അടുക്കളവഴികളിലൂടെ ഒരു ജനത ജന്മം മുഴുവന്‍ നടന്നു. അടുക്കളവാതില്‍ കടക്കുമ്പോള്‍ ഒരു ചെറുസംഭാഷണം. കറിയെന്താണെന്ന ഒരു കുഞ്ഞുചോദ്യം. ആംഗ്യങ്ങളിലും മൂളലുകളിലും ചെറുചിരികളിലുമൊതുങ്ങുന്ന കുശലങ്ങള്‍. അങ്ങനെയങ്ങനെ…
ഒരുനാള്‍ മണപ്പുറംകാര്‍ കടല്‍ കടന്ന് ആദ്യം കൊളംബിലേക്കും പിന്നെ ഗള്‍ഫിലേക്കും പോയപ്പോള്‍ ഒപ്പം മണപ്പുറത്തിന്റെ           ഭൂമിശാസ്ത്രവും മാറി. ചേറ്റുവയിലെ അസ്‌ലത്തിന്റെ സുഹൃത്ത് ഭരതന്റെ അച്ഛന്‍, ലോഞ്ച് വേലായുധന്‍ മണപ്പുറംകാരെ കടല്‍കടത്തിയപ്പോള്‍ മാറ്റത്തിന്റെ വേഗവും കൂടി. നാട്ടുകാര്‍ കൂട്ടത്തോടെ വേലികെട്ടാന്‍ തുടങ്ങിയത് ഗള്‍ഫ് പ്രവാസത്തിന്റെ മൂര്‍ധന്യത്തിലെത്തിയ എണ്‍പതുകളിലാണ്. ഓരോ വേലിയും പലരുടെയും നടവഴി കൊട്ടിയടച്ചുകൊണ്ടാണ് പ്രത്യക്ഷപ്പെട്ടത്. അതോടെ ഓരോ വേലിക്കെട്ടും കലാപമായി. തെക്കേക്കാരുമായി നടന്ന വേലിലഹളകള്‍ ഇപ്പോഴും എന്റെ കണ്ണിലുണ്ട്. ഓരോ വേലിക്കെട്ടും വീടുകള്‍ക്കിടയിലുള്ള ദൂരം വര്‍ധിപ്പിച്ചു. വേലി കെട്ടിത്തീര്‍ന്നതിനാലാണോ എന്നറിയില്ല ഏകദേശം 90കളോടെ വേലികലാപങ്ങള്‍ക്ക് അറുതിയായി.
പക്ഷേ, അതു ശരിയല്ലെന്നു പെരിഞ്ഞനത്തെ മനുഷ്യാവകാശസമിതിയുടെ പിഎ കുട്ടപ്പനാണ് പറഞ്ഞത്. പുതിയ കാലത്തും വേലിലഹളകളുണ്ട്. അതിന്റെ രൂപവും സ്വഭാവവും മാറിയിരിക്കുന്നു. ഒരു ജനതയുടെ ജീവിതം പൊടുന്നനെ മാറിയപ്പോള്‍ സംഭവിച്ച സ്വാഭാവികമായ സങ്കീര്‍ണതകളല്ല പുതിയ കാലത്ത്. തികച്ചും ദുഷ്ടലാക്കോടെ ആസൂത്രണം ചെയ്‌തെടുക്കുന്ന ജാതിപീഡനങ്ങളായി മാറിയിരിക്കുന്നു പലതും. പെരിഞ്ഞനം താടിവളവിലെ കണ്ണോത്ത് അയ്യപ്പന്‍ മകന്‍ സന്തോഷിന്റെ അനുഭവം തന്നെ ഉദാഹരണം.
ഭാര്യയും രണ്ടു കുട്ടികളുമുള്ള കുടുംബമാണ് വേട്ടുവനായ സന്തോഷിന്റേത്. തൊഴില്‍ തെങ്ങുകയറ്റം. മകള്‍ ബിരുദവിദ്യാര്‍ഥിനി. സന്തോഷിന്റെ വീട്ടില്‍നിന്ന് മൂന്നു പറമ്പ് കടക്കണം റോഡിലെത്താന്‍. റോഡിനോടു ചേര്‍ന്ന രണ്ടു പറമ്പുകാര്‍ മൂന്ന് അടിവീതം വഴിയിട്ടിട്ടുണ്ട്. മൂന്നാമത്തെ പറമ്പ് തറയില്‍ ബാലന്റേതാണ്. ബാലന്റെ പറമ്പു കടന്നുവേണം സന്തോഷിന് മൂന്നടി വഴിയിലെത്താന്‍. കോണ്‍ട്രാക്ടര്‍ കൂടിയായ ബാലന്‍ വഴി ഒഴിച്ചിടാതെ മതില്‍കെട്ടി. അതോടെ അവിടെ അവശേഷിക്കുന്നത് ഒന്നര അടി വഴി. അതാവട്ടെ ബാലന്റെ അയല്‍വാസി വഴിക്കായി ഒഴിച്ചിട്ട സ്ഥലവും. ബാക്കി ഒന്നര അടി നിയമപരമായി ബാലന്‍ വിടേണ്ടതായിരുന്നു. അതു മറികടന്നാണ് മതിലുകെട്ടിയത്. ചുരുക്കത്തില്‍ സന്തോഷിന് പുറത്തുപോവാന്‍ ബാലന്റെ അതിരില്‍ ഒന്നര അടി വീതിയുള്ള നടവഴി താണ്ടണം. ബാലന്റെ പറമ്പ് കഴിഞ്ഞാല്‍ പിന്നെ മൂന്നടി വഴിയുണ്ട്. സന്തോഷിന്റെ സഞ്ചാരം തടഞ്ഞ ബാലനും റോഡിലെത്തണമെങ്കില്‍ സന്തോഷ് നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വഴി തന്നെ ആശ്രയിക്കണം.
ഈ പ്രശ്‌നത്തിലാണ് കുട്ടപ്പനും സുഹൃത്തുക്കളും ഇടപെട്ടിരിക്കുന്നത്. മണപ്പുറത്ത് ഇപ്പോഴും വഴിപ്രശ്‌നം രൂക്ഷമാണെന്ന് അദ്ദേഹം പറയുന്നു. പ്രത്യേകിച്ച് പറമ്പുകള്‍ പ്ലോട്ടുകളായി വില്‍ക്കുമ്പോള്‍. ഓരോ പ്ലോട്ടും പലരാണ് വാങ്ങുന്നത്. വാങ്ങിയവര്‍ ആദ്യം ചെയ്യുക മതിലു പണിയുകയാണ്. ഇതും വഴിതടയുന്നതില്‍ ഒരു ഘടകമാണ്. ദരിദ്രരും ദലിതരുമായവര്‍ക്കാണ് പലപ്പോഴും വഴിപ്രശ്‌നം ഉയര്‍ന്നുവരുന്നത്. സമ്പന്നരും മറ്റുള്ളവരും പല രീതിയില്‍ അതു പരിഹരിക്കും. ദലിതരെ സംബന്ധിച്ചിടത്തോളം അത്തരം പരിഹാരങ്ങളൊന്നും സാധ്യമാവില്ല. സന്തോഷിന്റെ കാര്യത്തില്‍ കലക്ടര്‍ മുതല്‍ താഴെ ഗ്രാമസേവകന്‍ വരെയുള്ളവരോട് പരാതി പറഞ്ഞിട്ടും പരിഹാരമായില്ല. ഇപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റിക്ക് രൂപം കൊടുത്തിട്ടുണ്ട്. ഒരു പ്രതിഷേധയോഗവും നടന്നു. അയ്യങ്കാളിയെപ്പോലുള്ള നേതാക്കള്‍ പൊരുതി നേടിയ സഞ്ചാരസ്വാതന്ത്ര്യചരിത്രത്തിനു മുന്നില്‍ നിന്നുകൊണ്ട് അധഃസ്ഥിതന്റെ വഴി മുടക്കരുതെന്നാണ് കുട്ടപ്പന്‍ പറയുന്നത്.
അതേസമയം, തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കേണ്ട അധികാരികള്‍ ഇടപെടാതെ മാറിനില്‍ക്കുകയാണ്. രാഷ്ട്രീയപ്രസ്ഥാനങ്ങളാവട്ടെ കനമുള്ള തട്ടില്‍ തൂങ്ങിയാല്‍ മതിയെന്ന നിലപാടിലും. പിന്നെ കുട്ടപ്പന്റേതുപോലുള്ള ചെറുപ്രസ്ഥാനങ്ങള്‍ മാത്രമാണ് ആശ്രയം. പ്രാദേശിക അധികാരികള്‍ ജാഗ്രതയോടെ ഇടപെട്ടാലേ ഇതുപോലുള്ള വഴിപ്രശ്‌നങ്ങളില്‍ ശാശ്വത                പരിഹാരം കാണാനാവൂ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss