|    May 30 Tue, 2017 12:40 am
FLASH NEWS

വേറിട്ട വഴികളിലൂടെ ഒരു ഗ്രാമമുഖ്യ

Published : 3rd September 2016 | Posted By: SMR

റായ്പൂര്‍: ആദിവാസി കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും മറ്റു വികസനപ്രവര്‍ത്തനങ്ങളും സ്വയം ഏറ്റെടുത്തു നടത്തുന്ന ഛത്തീസ്ഗഡിലെ 24കാരിയായ ഗ്രാമമുഖ്യയുടെ പ്രവര്‍ത്തനം ശ്രദ്ധേയമാവുന്നു. തലസ്ഥാന നഗരമായ റായ്പൂരില്‍നിന്ന് 225 കിലോമീറ്റര്‍ അകലെ സാര്‍ ബഹറ എന്ന ആദിവാസിഗ്രാമത്തിലെ മുഖ്യയായ റീത്തു പന്ദ്രം എന്ന യുവതിയാണ് ഗ്രാമത്തിലെ ഭാവിതലമുറയുടെ ജീവിതം ശോഭനമാക്കുന്നതിനും അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മുന്നിട്ടിറങ്ങിയത്.
ബിലാസ്പൂര്‍ ഖാസിദാസ് കേന്ദ്ര സര്‍വകലാശാലയില്‍നിന്ന് ബയോ ടെക്‌നോളജിയില്‍ ബിരുദാനന്തരബിരുദമെടുത്ത ഇവര്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് കഴിഞ്ഞ വര്‍ഷം ആദ്യം ഗ്രാമമുഖ്യയായി തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രാമവാസികള്‍ക്ക് വെള്ളവും വൈദ്യുതിയും ശുചിത്വസൗകര്യങ്ങളും വിദ്യാഭ്യാസവും ലഭ്യമാക്കിയാല്‍ അവരെ ശോഭനമായ ഭാവിയിലേക്കു നയിക്കാന്‍ സാധിക്കുമെന്ന് റീത്തു പറഞ്ഞു.  9,000 ജനസംഖ്യയുള്ള ഗ്രാമത്തില്‍ ഭൂരിപക്ഷവും ആദിവാസികളാണ്. തന്റെ കുറഞ്ഞ വരുമാനം ചെലവഴിച്ചാണ് റീത്തുവിന്റെ കൃഷിക്കാരനായ അച്ഛന്‍ അവളെയും മറ്റു രണ്ടു സഹോദരങ്ങളെയും പഠിപ്പിച്ചത്. ഗ്രാമമുഖ്യയായി തിരഞ്ഞെടുക്കപ്പെട്ടശേഷവും റീത്തു സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് മാറ്റിവച്ചിട്ടില്ല. ഗ്രാമത്തില്‍ നല്ല റോഡുകളും ശുചിത്വസൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ അവര്‍ ശ്രമിച്ചു.
ഗ്രാമത്തിലെ കുട്ടികള്‍ക്ക് ഗണിതത്തിലും ശാസ്ത്രത്തിലും അടിസ്ഥാന അറിവുകള്‍ നല്‍കുന്നതിന് 12 കുട്ടികളുമായി വീട്ടില്‍ തുടങ്ങിയ ക്ലാസ് കൂടുതല്‍ പേര്‍ വരാന്‍ തുടങ്ങിയപ്പോള്‍ അടുത്ത അങ്കണവാടി കെട്ടിടത്തിലേക്ക് മാറ്റി. ഇപ്പോള്‍ 30 കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. ഗ്രാമത്തിലെ ഏതു കാര്യത്തിലും ഗ്രാമീണര്‍ ഇപ്പോള്‍ ഇവരെയാണ് ആശ്രയിക്കുന്നത്. ഗ്രാമത്തില്‍ ജലക്ഷാമം വലിയ പ്രശ്‌നമാണ്. അതിനു പരിഹാരമായി മഴക്കൊയ്ത്തുപോലുള്ള ജലസംരക്ഷണ പരിപാടികള്‍ക്കും അവര്‍ തുടക്കം കുറിച്ചുകഴിഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day