|    Apr 21 Sat, 2018 5:16 pm
FLASH NEWS

വേറിട്ട വരകളുമായി ഏഴ് വയസ്സുകാരിയുടെ ചിത്രപ്രദര്‍ശനം

Published : 16th September 2016 | Posted By: SMR

വിജയന്‍ഏഴോം

കോഴിക്കോട്: സാധാരണ കുട്ടികളൊരുക്കി വരുന്ന വരകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന പെയിന്റിങ് ചിത്രങ്ങളുടെ പ്രദര്‍ശനവുമായി ഏഴു വയസ്സുകാരി നിള സ്റ്റേസി ജോണസ്. ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച പ്രദര്‍ശനം കാണാന്‍ വന്‍ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഇരുത്തം വന്ന ചിത്രകാരന്‍മാരെ പോലും വെല്ലുന്ന ചിത്രങ്ങളാണ് ഈ കലാകാരി ഒരുക്കിയിരിക്കുന്നതെന്ന് പ്രദര്‍ശനം കാണുന്ന ഏവര്‍ക്കും മനസിലാവും. ചിത്രങ്ങളോടൊപ്പമാണ് ഈ ഏഴുവയസ്സുകാരിയുടെ കൂട്ടെന്നതാണെന്നാണ് ഏറെ സവിശേഷത. തന്റെ കൗതുക ലോകത്തെ ക്യാന്‍വാസിലേക്ക് പകര്‍ത്തിയിരിക്കുകയാണ് ഈ കുഞ്ഞു ചിത്രകാരി. പ്രകൃതിയും പക്ഷി മൃഗാദികളും തന്റെ യാത്രകളില്‍ കാണുന്ന കാഴ്ചകളുമാണ് ഏഴ് വയസുകാരിയുടെ കാന്‍വാസില്‍ കൂടുതലും വിരിയുന്നത്.
വര്‍ണക്കൂട്ടുകളുടെ വ്യത്യസ്ഥത കൊണ്ടും പൊതു രീതികളില്‍ നിന്നും മാറി നില്‍ക്കുന്ന വരകള്‍ കൊണ്ടും പ്രദര്‍ശനത്തില്‍ ഒരുക്കിയ ചിത്രങ്ങള്‍ ഏവരേയും അല്‍ഭുതപ്പെടുത്തും.     എറണാകുളം സ്വദേശികളായ കിങ് ജോണസിന്റെയും അനുപമയുടെയും മകളായ നിള സ്റ്റേസിക്ക് വിശേഷങ്ങള്‍ നിരവധിയാണ് പറയാനുള്ളത്. സ്‌കൂളില്‍ പോവാതെ വീട്ടിലിരുന്നാണ് ഈ കൊച്ചു  കലാ കാരിയുടെ പഠനം.അല്‍പനാള്‍ സ്‌കൂളില്‍ പോയെങ്കിലും അവിടത്തെ പഠന കാര്യങ്ങള്‍ അത്ര പിടിച്ചില്ല.അങ്ങിനെയാണ് സ്‌കൂളില്‍ പോവാതായത്. ഇഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ളത് പഠിക്കാന്‍ അനുവാദം നല്‍കിയിരിക്കയാണ് മാതാപിതാക്കള്‍. അത്യാവശ്യം ഇംഗ്ലീഷും കണക്കുമൊക്കെ അമ്മ പഠിപ്പിക്കും. പിന്നെ പെയിന്റിങിന്റെ ലോകത്താണ് നിള സ്റ്റേസി. മുതിര്‍ന്ന ചിത്രകാരന്‍മാരുടെ വരയും വര്‍ണക്കൂട്ടുകളുമൊക്കെ കണ്ട് പഠിക്കും.
കോഴിക്കോട് ആര്‍ട് ഗാലറിയില്‍ ഇപ്പോള്‍ നടക്കുന്നത്  രാണ്ടാമത്തെ ചിത്ര പ്രദര്‍ശനമാണ് നടന്നു വരുന്നതെന്നും നിള സ്റ്റേസി ജോണസ്  പറഞ്ഞു. കാന്‍വാസില്‍ വരച്ച ഇരുപതോളം ചിത്രങ്ങളാണ്  ചിത്ര പ്രദര്‍ശനത്തിലേക്കായി നിള ഒരുക്കിയിരിക്കുന്നത്.ബ്രഷിനു പുറമേ കത്തി, വിവിധ ഇനം തുണികള്‍, ടിഷ്യൂ പേപ്പര്‍, ടൂത്ത് ബ്രഷ് എന്നീ വസ്തുക്കള്‍ കൂടാതെ പലപ്പോഴും വിരലുകള്‍ കൊണ്ടുമാണ് നിള സ്റ്റേസി  ചിത്രങ്ങള്‍ കാന്‍വാസില്‍ പകര്‍ത്തിയിരിക്കുന്നത്. ആക്രലിക്കിലാണ് ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പൂക്കളും, പൂമ്പാറ്റകളും, കടല്‍ പാമ്പും, മീനുകളും, മരങ്ങളും, മലകളും, വെള്ളച്ചാട്ടവും, മഞ്ഞു മനുഷ്യനുമെല്ലാം ഈ ചിത്രകാരിയിലൂടെ  വിരിഞ്ഞു. മൂന്നു വയസ്സ് മുതല്‍ ചിത്രം വരച്ചു തുടങ്ങിയ നിള ആറാം വയസ്സില്‍ തന്റെ ആദ്യ ചിത്ര പ്രദര്‍ശനം നടത്തി. കഴിഞ്ഞ വര്‍ഷം കൊച്ചി ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ വെച്ചായിരുന്നു ആദ്യ പ്രദര്‍ശനം. ആര്‍ട്ട് പേപ്പറില്‍ അക്രിലിക്കും വാട്ടര്‍ കളറും ഉപയോഗിച്ചുളള ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സാമ്പ്രദായികമായ വിദ്യാഭ്യാസ രീതിയില്‍ നിന്ന് വ്യത്യസ്തമായി നിള ബദല്‍ വിദ്യാഭ്യാസ രീതിയാണ് പിന്തുടരുന്നത്. ഓപ്പണ്‍ സ്‌കൂളിങ്, ഡി സ്‌കൂളിങ്, ഗ്രീന്‍ സ്‌കൂളിങ് രീതികളുടെ മിശ്രം വീട്ടിലിരുന്ന് തന്നെയാണ് നിള പഠിക്കുന്നത്. ചിത്രകാരന്‍ ഡെസ്മണ്ട് റിബേറോ ആണ് നിളയുടെ ഗൈഡ്.  ഇത് കൂടാതെ നിള സംഗീത ജാസ് ഡ്രം ക്ലാസിനു പോകുന്നുണ്ട്. പ്രദര്‍ശനം രാവിലെ 11 മണിമുതല്‍ ഏഴുമണിവരെയാണ്. ഈ മാസം 17ന് പ്രദര്‍ശനം അവസാനിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss