|    Jun 19 Tue, 2018 10:50 am
FLASH NEWS
Home   >  Editpage  >  Lead Article  >  

വേറിട്ട പാര്‍ട്ടിയുടെ വേഷത്തരങ്ങള്‍

Published : 11th August 2017 | Posted By: fsq

കേരള രാഷ്ട്രീയത്തില്‍ ബിജെപി ചുവടുറപ്പിക്കാന്‍ ശ്രമിച്ചത് ഇടതു-വലതു മുന്നണികളുടെ അഴിമതിക്കെതിരേ പൊരുതുന്ന പാര്‍ട്ടിയെന്ന നിലയിലാണ്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നതും വെറുക്കുന്നതും അഴിമതിയെയാണ്. അഴിമതിക്കെതിരേയുള്ള ജനങ്ങളുടെ പ്രതിഷേധമാണ് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണത്തിനു തിരശ്ശീലയിട്ടത്. ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുന്നതിനു പ്രധാന കാരണവും അതുതന്നെയായിരുന്നു. എന്നാല്‍, ബിജെപി അധികാരത്തില്‍ വന്നതിനു ശേഷം മൂലധന കുത്തകകള്‍ക്ക് അമിതലാഭം ഉണ്ടാക്കാന്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായി സര്‍ക്കാര്‍ സംവിധാനം മാറി. കോര്‍പറേറ്റ് ഭരണത്തിന്റെ ഏജന്‍സിയായി മോദിഭരണം രൂപാന്തരം പ്രാപിച്ചു. അദാനിയും അംബാനിയും ആസൂത്രണം ചെയ്യുന്നത് അനുസരിച്ച് ഇന്ത്യയുടെ സാമ്പത്തിക നയങ്ങള്‍ വളര്‍ന്നു. അതിന്റെ ഫലമായി ദലിതരും ദരിദ്രരും സാമ്പത്തിക അക്രമങ്ങള്‍ക്കു വിധേയരായി. കര്‍ഷകരുടെ കൂട്ട ആത്മഹത്യകള്‍ നിത്യസംഭവമായി. ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ നേരിട്ട് എല്ലാ കാര്യങ്ങളിലും പാര്‍ട്ടി ഇടപെട്ടു. പാര്‍ട്ടിയുടെ നേതാക്കള്‍ പറയുന്നത് അനുസരിച്ച് കാര്യങ്ങള്‍ നടന്നു. പണം ഈ ഇടപെടലുകളുടെ പിന്നില്‍ ഒഴുകി. പല സംസ്ഥാനങ്ങളിലും ബിജെപി അധികാരം പിടിച്ചത് കോണ്‍ഗ്രസ് നേതാക്കളെ കൂട്ടത്തോടെ കൂറുമാറ്റിച്ച് പാര്‍ട്ടിയില്‍ എത്തിച്ചായിരുന്നു. കോണ്‍ഗ്രസ്സിനൊപ്പം നിന്ന് അധികാരം നുണയുകയും അഴിമതി ആസ്വദിക്കുകയും ചെയ്ത നേതാക്കള്‍ ബിജെപിയിലെത്തിയപ്പോഴും അതു തുടര്‍ന്നു. ലേബലേ മാറിയുള്ളൂ. കഥാപാത്രങ്ങള്‍ പഴയതുതന്നെ.  ഭരണമില്ലെങ്കിലും അഴിമതിക്കു വഴിയുണ്ടെന്നു കണ്ടെത്തിയവരാണ് ബിജെപി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളിലെ നേതാക്കള്‍. കേന്ദ്രഭരണം ഉപയോഗിച്ച് സംസ്ഥാനങ്ങളില്‍ അഴിമതി നടത്താം. മുമ്പ് ബിജെപി കേന്ദ്രത്തില്‍ ഭരണത്തില്‍ വന്ന കാലത്ത് കൊയ്ത്തുല്‍സവം നടത്തി ആഘോഷിച്ചവരാണ് അവര്‍. പെട്രോള്‍ പമ്പും ഗ്യാസ് ഏജന്‍സിയും വിറ്റ് അഴിമതിയില്‍ അവര്‍ റെക്കോഡ് സൃഷ്ടിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ തങ്ങള്‍ക്ക് സ്വന്തം സ്ഥാപനം പോലെ ഇടപെടാന്‍ കഴിയുമെന്ന് പൊതുജനങ്ങളെ ധരിപ്പിക്കുന്നതില്‍ ഇവര്‍ വിജയിക്കുന്നു.  അഴിമതി ബിജെപിയുടെ മാത്രം മുഖമുദ്രയല്ല. ഭരിക്കുന്ന എല്ലാ പാര്‍ട്ടികളുടെയും മുഖം അഴിമതിയില്‍ പുരണ്ടതാണ്. താരതമ്യേന അഴിമതി കുറയുന്നത് ഇടതു ഭരണത്തിലാണെങ്കിലും ചില ഇടതു നേതാക്കള്‍ അഴിമതി ആസ്വദിച്ചു ജീവിക്കുന്നവരാണ്. ഇവര്‍ സമൂഹത്തിന്റെ ചോര കുടിച്ചു വളരുന്ന ഇത്തിക്കണ്ണികളാണ്. ഇതൊരു പുതിയ വര്‍ഗമാണ്. ഒരു പുതിയ പൊളിറ്റിക്കല്‍ ക്ലാസ്. രാഷ്ട്രീയ പ്രവര്‍ത്തനം ബിസിനസായി മാറുമ്പോള്‍ സംഭവിക്കുന്ന പരിണാമമാണത്. എല്ലാം ഡീല്‍ ചെയ്യുന്നത് രാഷ്ട്രീയ പാര്‍ട്ടികളിലെ ബി-സ്‌കൂളുകളാണ്. ഡീലര്‍മാരാണ് കേന്ദ്രശക്തി. സുപ്രിംകോടതിയില്‍ ഒരു കേസുണ്ടെങ്കിലും അതെങ്ങനെ ഡീല്‍ ചെയ്യാമെന്നത് അതിന്റെ ആദ്യ അന്വേഷണമാണ്. ജഡ്ജി, കോടതി, വക്കീല്‍ എല്ലാം ഡീല്‍ ചെയ്യപ്പെടുന്നു. നീതി സമ്പൂര്‍ണമായി അട്ടിമറിക്കപ്പെടുന്നു. ബിജെപിയുടെ പ്രവര്‍ത്തനം ആസൂത്രിതമായി രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്നു സാധാരണ രാഷ്ട്രീയ പ്രവര്‍ത്തനം. പോസ്റ്റര്‍ ഒട്ടിച്ചും ജാഥ നടത്തിയും അടിപിടികൂടിയും മുന്നേറുന്ന നാടകവേദി. മറ്റൊന്ന് കൃത്യമായി ആസൂത്രണം ചെയ്തു നടക്കുന്ന കച്ചവടം. കേരളത്തിലെ അത്യാവശ്യം വേണ്ട നേതാക്കള്‍ അറിഞ്ഞാണ് ഇതു നടക്കുന്നത്. ഏതെങ്കിലും പ്രശ്‌നത്തില്‍ ഇടപെടേണ്ടതുണ്ടെങ്കില്‍ നേരിട്ട് ഡല്‍ഹിയിലെ ഇടനിലക്കാര്‍ വഴി കാര്യങ്ങള്‍ അറേഞ്ച് ചെയ്യുന്നു. ഇടയ്ക്ക് ചില കച്ചവടം പൊളിയുമ്പോഴാണ് വാര്‍ത്തകള്‍ ഉണ്ടാവുന്നത്. കേരളത്തില്‍ ഉയര്‍ന്നുവന്ന മെഡിക്കല്‍ കോളജ് അഴിമതി ഏതാണ്ട് എല്ലാ വര്‍ഷവും നടക്കുന്ന ഒരു ബിസിനസ്സാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം മെഡിക്കല്‍ കോളജുകളും ആവശ്യത്തിന് അധ്യാപകര്‍ ഇല്ലാതെയും ആവശ്യത്തിനു പശ്ചാത്തല സൗകര്യങ്ങള്‍ ഇല്ലാതെയുമാണ് പ്രവര്‍ത്തിച്ചുവരുന്നത്. മെഡിക്കല്‍ കൗണ്‍സിലിന്റെ അന്വേഷണസംഘം പരിശോധനയ്ക്കു വരുമ്പോള്‍ ഇതൊന്നും കൃത്യമായി സാക്ഷാല്‍ക്കരിക്കാന്‍ കഴിയാറില്ല. ചിലപ്പോള്‍ എംബിബിഎസ് ബിരുദധാരികളായ ഡോക്ടര്‍മാര്‍ പരിശോധനാ ദിവസം മാത്രം സര്‍ട്ടിഫിക്കറ്റ് സറണ്ടര്‍ ചെയ്ത് മെഡിക്കല്‍ കോളജുകളില്‍ ജോലിക്കാരായി ഹാജരാവും. ആ ഒറ്റ ദിവസത്തിന് 25,000 രൂപ മുതല്‍ 50,000 രൂപ വരെ അവര്‍ ശമ്പളം വാങ്ങും. മെഡിക്കല്‍ കൗണ്‍സില്‍ അന്വേഷണസംഘം പോയിമറയുമ്പോള്‍ ഈ ഫാക്കല്‍റ്റിയും മാഞ്ഞുപോവും. മാനേജ്‌മെന്റ് നല്‍കിയ സല്‍ക്കാരവും സമ്മാനവും സ്വീകരിച്ച് മെഡിക്കല്‍ കൗണ്‍സില്‍ കോളജിന് അംഗീകാരം നല്‍കും. കൗണ്‍സിലിന്റെ ചെയര്‍മാന്‍ മുതല്‍ പ്യൂണ്‍ വരെയുള്ളവര്‍ക്ക് കോഴ നല്‍കണം. ഇതിന്റെ കൂടെ രാഷ്ട്രീയക്കച്ചവടക്കാര്‍ക്കുകൂടി പണം കൊടുക്കേണ്ടിവരുന്നതുകൊണ്ടാണ് ഓരോ വര്‍ഷവും അഫിലിയേഷന്‍ ഉറപ്പിക്കാന്‍ 10 കോടിക്കു മുകളിലേക്ക് റേറ്റിങ് ഉണ്ടാവുന്നത്. മെഡിക്കല്‍ കോളജ് അഴിമതി കേരളത്തിന് എല്ലാവര്‍ഷവും തനിയാവര്‍ത്തനത്തിന്റെ രൂപത്തില്‍ ആഘോഷിക്കാനുള്ള അഴിമതിയാണ്. അത് അനുസ്യൂതം തുടരുകയാണ്. ഈ വര്‍ഷം എസ്ആര്‍ മെഡിക്കല്‍ കോളജിന്റെ പരാതിയില്‍ അത് ചര്‍ച്ചയാവുകയും ആ അഴിമതിക്കു പിന്നില്‍ പ്രവര്‍ത്തിച്ച ബിജെപി നേതൃത്വം തുറന്നുകാട്ടപ്പെടുകയും ചെയ്തു. കൊച്ചി കേന്ദ്രീകരിച്ച് വലിയ കച്ചവടങ്ങള്‍ നടക്കുകയും അതിനു പിന്നില്‍ ബിജെപിയുടെ ഹിന്ദു ഇക്കണോമിക് ഫോറവുമായി ബന്ധപ്പെട്ട നേതാക്കളുടെ പേരുകള്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ബിജെപിയുടെ പ്രമുഖരായ നേതാക്കളുടെ പേരെല്ലാം ഇതുമായി ചേര്‍ത്തുവച്ചു വായിക്കപ്പെടുന്നു. പാര്‍ട്ടിക്കകത്ത് നിലനില്‍ക്കുന്ന വിഭാഗീയത ശക്തമായി വളരുകയാണ്. അഴിമതിക്കഥകളും അതനുസരിച്ചു പെരുകുകയാണ്. ഇതിനെത്തുടര്‍ന്നാണ് അഴിമതി നടത്തിയവരേക്കാള്‍ ശിക്ഷിക്കപ്പെടേണ്ടവര്‍ അഴിമതി കമ്മീഷന്‍ വാര്‍ത്ത പുറത്തുവിട്ടവരാണെന്നു ബിജെപി നേതൃത്വം പറയുന്നത്. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഗതികേട് സമ്പൂര്‍ണമായി പ്രതിഫലിപ്പിക്കുന്ന പ്രസ്താവനയാണത്. മുമ്പ് ഇതിനു സമാനമായ പ്രസ്താവന ഉണ്ടായിട്ടുണ്ട്. അധാര്‍മിക പ്രവര്‍ത്തനത്തേക്കാള്‍ ശിക്ഷാര്‍ഹമായത് അധാര്‍മിക പ്രവര്‍ത്തനം തുറന്നുകാട്ടലാണെന്ന കണ്ടുപിടിത്തം അങ്ങനെയാണ് ഉണ്ടായത്. ഇതിനൊരു വലിയ രാഷ്ട്രീയ മാനമുണ്ട്. കേരളത്തിലെ ജനങ്ങള്‍ മുമ്പ് മടുത്തുപോയത് സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം കൊണ്ടും കോണ്‍ഗ്രസ്സിന്റെ അഴിമതിരാഷ്ട്രീയം കൊണ്ടുമാണ്. ഇതിനു പകരമാണ് വഴിമുട്ടിയ കേരളത്തിനു വഴികാട്ടാന്‍ ബിജെപി എന്ന മുദ്രാവാക്യം ഉണ്ടാക്കിയത്. എന്നാല്‍, എല്ലാ രാഷ്ട്രീയ പ്രവചനങ്ങളെയും തെറ്റിച്ചുകൊണ്ട് ബിജെപി പുതിയ നിര്‍വചനത്തിലേക്കു കടക്കുകയാണ്. സിപിഎമ്മിന്റെ ധാര്‍ഷ്ട്യവും കൊലപാതക രാഷ്ട്രീയവും അതേ നാണയത്തില്‍ പിന്തുടര്‍ന്നും അതോടൊപ്പം തന്നെ കോണ്‍ഗ്രസ്സിന്റെ അഴിമതി സ്വാംശീകരിച്ചും വര്‍ഗീയത ചാലിച്ചുചേര്‍ത്തും രൂപപ്പെടുത്തിയ പാര്‍ട്ടിയായി ബിജെപി മാറുകയാണ്.              ി(കടപ്പാട്: ജനശക്തി, ആഗസ്ത് 15, 2017)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss