|    Nov 17 Sat, 2018 10:35 pm
FLASH NEWS

വേര്‍പാടിന്റെ വേദന വിട്ടുമാറാതെ മീനടത്തൂര്‍; പൊലിഞ്ഞത് രണ്ട് കുടുംബത്തിലെ അഞ്ചുപേര്‍

Published : 16th May 2018 | Posted By: kasim kzm

തിരൂര്‍: വേര്‍പാടിന്റെ വേദന വിട്ടുമാറാതെ മീനടത്തൂര്‍ ഗ്രാമം. അപകടത്തില്‍ പൊലിഞ്ഞത് രണ്ടു കുടുംബത്തിലെ അഞ്ചു പേര്‍. രണ്ട് കുടുംബത്തിലെ അഞ്ചു പേര്‍ ഒന്നിച്ച് മരണപ്പെട്ടതിലുള്ള അടങ്ങാത്ത വേദന മീനടത്തൂര്‍ ഗ്രാമത്തെ ദു:ഖ സാന്ദ്രമാക്കി. ശോകമായ അന്തരീക്ഷത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍അഞ്ചു പേരുടേയും മൃതദേഹങ്ങള്‍ ഖബറക്കി.
അപകടത്തില്‍ തിരൂര്‍ മീനടത്തൂര്‍ സ്വദേശികളായ വരിക്കോട്ടില്‍ യാഹുട്ടി, ഭാര്യ നഫീസ, മകള്‍ സഹീറ, സഹീറയുടെ മകന്‍ ഷഫിന്‍ മുഹമ്മദ്, മഠത്തില്‍ പറമ്പില്‍ സൈനുദ്ദീന്‍ എന്നിവരാണ് മരണപ്പെട്ടത്. സൈനുദ്ദീന്റെ മയ്യിത്ത് ഇന്നലെ രാത്രി തന്നെ ചെമ്പ്ര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ബാക്കി മൂന്ന് മൃതദേഹങ്ങള്‍ ഇന്ന് രാവിലെ ഒമ്പതരയോടെയും നാലരവയസ്സുകാരന്‍ ഷഫിന്‍ മുഹമ്മദിന്റെ മൃതദേഹം ഉച്ചക്ക് രണ്ടരയോടെയും മീനടത്തൂര്‍ വെസ്റ്റ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലും മറവു ചെയ്തു.കോഴിക്കോട്ടെ കോംട്രസ്റ്റ് കണ്ണാശുപത്രിയിലേക്ക്  മീനടത്തൂരില്‍ നിന്നും കുടുംബത്തിലെ എട്ടു വയസ്സുകാരി ഷസയുടെ ചികില്‍സക്കായി കാറില്‍ പുറപ്പെട്ടതായിരുന്നു യാഹുട്ടിയുടെ കുടുംബം.
പരിശോധന കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ രാമനാട്ടുകര ബൈപാസില്‍ വെച്ചാണ് ടിപ്പര്‍ ലോറി ഇവര്‍ സഞ്ചരിച്ച കാറിലിടിച്ചത്. അപകടത്തില്‍ ഡ്രൈവര്‍ സൈനുദ്ദീനും യാഹുട്ടിയുടെ ഭാര്യ നഫീസയും തല്‍ക്ഷണം മരണപ്പെടുകയും അപകടത്തില്‍ സാരമായി പരിക്കേറ്റ യാഹുട്ടിയും മകള്‍ സഹീറയും മണിക്കൂറുകള്‍ക്കകവും മരണപ്പെട്ടു. ഇന്നലെ രാത്രി 12 മണിയോടെ ചികില്‍സയിലായിരുന്ന നാലരവയസ്സുകാരന്‍ മുഹമ്മദ് ഷഫിനും മരണപ്പെടുകയായിരുന്നു.അപകട വിവരം അറിഞ്ഞതോടെ ബന്ധുക്കളും നാട്ടുകാരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മരണപ്പെട്ട സൈനുദ്ദീന്റെയും യാഹുട്ടിയുടെയും വീട്ടിലേക്കുമൊഴുകിയെത്തി. രണ്ട് പേരുടെ മരണവാര്‍ത്ത കേട്ടതോടെ അപകട വാര്‍ത്ത നാടൊട്ടുക്കും പ്രചരിക്കുന്നതിനിടയിലാണ് മറ്റു രണ്ട് പേരുടെ വേര്‍പാടിന്റെ വാര്‍ത്തയും വന്നെത്തിയത്. സൈനുദ്ദീന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് ആളുകള്‍ പിരിയുമ്പോഴാണ് നാലരവയസ്സുകാരന്‍ മുഹമ്മദ് ഷഫിന്റെ മരണവാര്‍ത്ത അറിയുന്നത്. അഞ്ചാമത്തെ മരണവാര്‍ത്ത കൂടി എത്തിയതോടെ ഗ്രാമം കണ്ണീരില്‍ മുങ്ങി. വര്‍ഷങ്ങളായി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ കഴിയുന്നവരായിരുന്നു സുഹൃത്തുക്കളായ യാഹുട്ടിയും സൈനുദ്ദീനും. മരണപ്പെട്ട സാഹിറ ഭര്‍ത്താവ് യൂനുസിനും കുട്ടികള്‍ക്കുമൊപ്പം സൗദിയില്‍ താമസിക്കുകയായിരുന്നു. ഒരുവര്‍ഷമായി മക്കളോടൊപ്പം നാട്ടിലാണ് താമസം. മാതാവും സഹോദരനും മറ്റു കുടംബാംഗങ്ങളും മരണപ്പെട്ടതറിയാതെ ഷസ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുകയാണ്. വിവിധ രാഷ്ട്രീയ മത സംഘടനാ നേതാക്കള്‍ വീടുകളിലും ആശുപത്രിയിലുമായി സന്ദര്‍ശനം നടത്തി. എം എല്‍എമാരായ സി മമ്മുട്ടി, എന്‍ ഷംസുദ്ദീന്‍, വി അബ്ദുറഹിമാന്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി ബാപ്പു ഹാജി, പഞ്ചായത്ത് പ്രസിഡന്റ് വി പി സുലൈഖ എന്നിവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss