|    Oct 19 Thu, 2017 3:30 am
FLASH NEWS

വേരറ്റതാരുടേത്

Published : 30th May 2017 | Posted By: G.A.G

ഗോത്ര-വംശീയ പാരമ്പര്യങ്ങളില്‍ അഭിമാനിച്ചിരുന്നവരാണ് അറബികള്‍. മറ്റു ജനതതികളില്‍ നിന്ന് വ്യത്യസ്തമായി പത്തും ഇരുപതും തലമുറ മുമ്പുളള പൂര്‍വപിതാക്കളെയും അവരുടെ അപദാനങ്ങളെയും മിക്കവര്‍ക്കും ഹൃദിസ്ഥമായിരുന്നു. പൂര്‍വപിതാക്കളെ തങ്ങള്‍ അനുസ്മരിക്കാറുളളതു പോലെ തങ്ങളുടെ കാലശേഷം തങ്ങളും അനുസ്മരിക്കപ്പെടണമെന്നും അവര്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടു തന്നെ തങ്ങളുടെ വംശപാരമ്പര്യം  നിലനിര്‍ത്താന്‍ ആണ്‍ മക്കളുണ്ടാവുക എന്നത് ഏതൊരു അറബിയുടെയും ജന്മാഭിലാഷമായിരുന്നു. അധികാരവും സമ്പത്തും പിടിച്ചെടുക്കാനും നിലനിര്‍ത്താനും യുദ്ധങ്ങളും സംഘട്ടനങ്ങളും പതിവായ ഗോത്രവര്‍ഗ സാമൂഹികഘടനയില്‍ പുരുഷപ്രജകളുടെ എണ്ണം നിലനില്‍പിന്റെ കൂടി പ്രശ്‌നമായിരുന്നു. (അക്കാലത്ത് സാര്‍വത്രികമായിരുന്ന ബഹുഭാര്യത്വത്തിന് പിന്നിലുണ്ടായിരുന്ന ഒരു പ്രചോദനം  സന്താനവര്‍ധനവ് കൂടിയായിരുന്നു.)

മുഹമ്മദ് നബി(സ) മക്കയില്‍ തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച കാലം. അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി പ്രിയപത്‌നി ഖദീജ ഒപ്പമുണ്ട്. ആ ദാമ്പത്യവല്ലരിയില്‍ ആറു മക്കളാണുണ്ടായിരുന്നത്.( ഖദീജയുടെ മരണശേഷം പ്രവാചകന്‍ പത്തു വിവാഹങ്ങള്‍ ചെയ്‌തെങ്കിലും അവര്‍ക്കാര്‍ക്കും തന്നെ പ്രവാചകന് സന്താനങ്ങളെ സമ്മാനിക്കാനുളള ഭാഗ്യമുണ്ടായില്ല. ഹിജ്‌റ ഏഴാം വര്‍ഷം അലക്‌സാഡ്രിയയിലെ റോമന്‍ പാര്‍ത്രിയാര്‍ക്കിസ് (മുഖൗസിസ്) പ്രവാചകന് സമ്മാനിച്ച കോപ്ടിക് വംശജരായ അടിമസ്ത്രീകളിലൊന്നായ മാരിയത്തിനാണ് ആ ഭാഗ്യം സിദ്ധിച്ചത്. ഇബ്രാഹീം എന്നു പേരായ ഈ പുത്രന്‍ രണ്ടു വയസ്സുളളപ്പോള്‍ മരണപ്പെട്ടു.)
പ്രവാചകന്റെ സീമന്ത പുത്രന്‍ ഖാസിം ആയിരുന്നു. ശേഷം സൈനബ്, അബ്ദുല്ല , ഉമ്മുകുല്‍സു, ഫാതിമ, റുഖിയ. പ്രവാചകത്വം ലഭിക്കുന്നതു വരെ നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്ന, എന്നാല്‍  സത്യപ്രബോധനത്തിന്റെ മാര്‍ഗത്തില്‍ ഇറങ്ങിതിരിച്ചതിനാല്‍ നാനാഭാഗത്തും നിന്നും എതിര്‍പ്പുകളാല്‍ വലയം ചെയ്യപ്പെട്ട് ഒറ്റപ്പെട്ട പ്രവാചകന്റെ ആശ്വാസമായിരുന്നു സ്‌നേഹമയിയായ ഭാര്യയും സന്താനങ്ങളും.
വാല്‍സല്യനിധിയായ ആ പിതാവ്  പിഞ്ചോമനകളുടെ കളിചരികളില്‍ ലയിക്കുമ്പോള്‍ തന്റെ പ്രയാസങ്ങള്‍ വിസ്മരിക്കും. എന്നാല്‍ ആ സന്തോഷം അധികം നീണ്ടു നിന്നില്ല. സ്‌നേഹനിധികളായ  മാതാപിതാക്കളെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ഖാസിം അല്ലാഹുവിലേക്ക് യാത്രയായി. നന്മയും തിന്മയും എല്ലാം അല്ലാഹുവിങ്കല്‍ നിന്നുളളതാണെന്ന ദൃഢബോധ്യമുളള പ്രവാചകനും ഖദീജയും ദുഖം കടിച്ചമര്‍ത്തി.

എന്നാല്‍ അധിക നാള്‍ കഴിയും മുമ്പേ ആ ദമ്പതികളെ തീരാദുഖത്തിലാഴ്ത്തി  അവശേഷിച്ച ഏക പുത്രന്‍ അബ്ദുല്ലയും അല്ലാഹുവിലേക്ക് യാത്രയായി.  പുത്രവിയോഗത്താല്‍ ദുഖാര്‍ത്തരായ പ്രവാചകനെയും ഭാര്യയെയും ആശ്വസിപ്പിക്കുന്നതിനു പകരം ആ മുറിവില്‍ ഉപ്പ് തേക്കുന്ന സമീപനമാണ് പ്രവാചകന്റെ ശത്രുക്കള്‍ സ്വീകരിച്ചത്. പ്രവാചകന്റെ പിതൃവ്യനും അയല്‍വാസിയുമായിരുന്ന അബൂലഹബ് ഇക്കാര്യത്തില്‍ മുമ്പന്തിയിലായിരുന്നു. അബ്ദുല്ലയുടെ വിയോഗവാര്‍ത്ത അറിഞ്ഞ ഉടനെ അബൂലഹബ് തുളളിച്ചാടിക്കൊണ്ട് തന്റെ കൂട്ടാളികളുടെ അടുക്കല്‍ ചെന്ന് പറഞ്ഞു: ഈ രാത്രി മുഹമ്മദ് കുറ്റിയറ്റവനായി (പുത്രന്മാരില്ലാത്തവനായി).

അബൂലഹബിനെക്കൂടാതെ മറ്റു ഖുറൈശിപ്രമുഖരും പുത്രന്മാര്‍ നഷ്ടപ്പെട്ട പ്രവാചകനെ കുറ്റിയറ്റവന്‍ എന്നധിക്ഷേപിക്കാറുണ്ടായിരുന്നു. ഇപ്രകാരം അധിക്ഷേപിക്കുന്നതിലൂടെ പ്രവാചകന്റെ വ്യക്തിപരമായ പിന്തുടര്‍ച്ചയില്ലായ്മ മാത്രമല്ല ഖുറൈശികള്‍ ഉദ്ദേശിച്ചിരുന്നത്. മറിച്ച്, പ്രവാചകന്‍ പ്രബോധനം ചെയ്യുന്ന പ്രസ്ഥാനവും അദ്ദേഹത്തോടു കൂടി നാമവശേഷമാകുമെന്ന അര്‍ത്ഥത്തിലായിരുന്നു.

ഈ സന്ദര്‍ഭത്തില്‍ പ്രവാചകനെ അദ്ദേഹത്തിന് ലഭിക്കാനിരിക്കുന്ന ഉന്നതമായ സ്ഥാനമാനങ്ങളും അനുഗ്രഹങ്ങളും സംബന്ധിച്ച സന്തോഷവാര്‍ത്ത അറിയിച്ച് അദ്ദേഹത്തിന് ആശ്വാസവും സ്ഥൈര്യവും നല്‍കേണ്ടത് അനിവാര്യമായിരുന്നു. അല്ലാഹു തന്റെ സൃഷ്ടിശ്രേഷ്ഠനെ അദ്ദേഹത്തിനൊരുക്കി വെച്ചിരിക്കുന്ന വിശിഷ്ടാനുഗ്രഹങ്ങളെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ടും പ്രവാചകന്റെ   ശത്രുക്കള്‍ക്ക് വരാനിരിക്കുന്ന അനിവാര്യമായ പതനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കികൊണ്ടും പ്രത്യേകമായി ഒരധ്യായം തന്നെ അവതരിപ്പിച്ചു:
‘(നബിയേ)നാം താങ്കള്‍ക്കു കൗഥര്‍ ഒരുക്കിവെച്ചിരിക്കുന്നു. അതിനാല്‍ താങ്കള്‍ താങ്കളുടെ നാഥനുവേണ്ടി നമസ്‌കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക. താങ്കളുടെ ശത്രുവാരോ അവന്‍ തന്നെയാകുന്നു വേരറ്റവന്‍’.
(വിശുദ്ധ ഖുര്‍ആന്‍ അധ്യായം 108 സൂക്തം 1-3)

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക