|    Nov 20 Tue, 2018 3:27 pm
FLASH NEWS

വേമ്പനാട്ടുകായലിലെ ജലനിരപ്പുയര്‍ന്നു; പടിഞ്ഞാറന്‍ മേഖലയില്‍ ദുരിതം ഇരട്ടിക്കുന്നു

Published : 19th August 2018 | Posted By: kasim kzm

കോട്ടയം: വേമ്പനാട്ടുകായലില്‍ വര്‍ധിച്ചതോതില്‍ ജലനിരപ്പുയരുന്നതോടെ പടിഞ്ഞാറന്‍ മേഖലകള്‍ ഇരട്ടി ദുരിത്തിലായി. കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളം കയറാത്ത മേഖലകള്‍ ഇന്നലെ ഒറ്റപ്പെട്ട അവസ്ഥയാണ്. ജൂണ്‍, ജൂലൈ മാസങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലും അല്‍പം ഉയര്‍ന്ന മേഖലകളിലെ വീടുകളില്‍ വെള്ളം കയറിയിരുന്നില്ല. മുന്‍കാലങ്ങളില്‍ വെള്ളം കയറാത്തതിനാല്‍ പലരും വീടുകളില്‍നിന്ന് ക്യാംപുകളിലേക്ക് മാറിയതുമില്ല.
എന്നാല്‍, അപ്രതീക്ഷിതമായി മഴ ശക്തിപ്പെടുകയും കായലുകളിലെ ജലനിരപ്പുയരുകയും ചെയ്തതോടെ ഇവിടങ്ങളിലെ വീടുകളെല്ലാം വെള്ളത്തിലായി. മീനച്ചിലാര്‍, മണിമലയാര്‍, മൂവാറ്റുപുഴയാര്‍ എന്നിവ ഒരേസമയം കരകവിഞ്ഞതോടെയാണ് താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിലായത്. പല സ്ഥലങ്ങളിലും മടവീഴ്ചയും അനുഭവപ്പെടുന്നുണ്ട്.
നഗരത്തില്‍ മീനച്ചിലാറിന്റെ തീരപ്രദേശങ്ങളായ കുമാരനല്ലൂര്‍, താഴത്തങ്ങാടി, അറപുഴ, പള്ളിപ്പുറം, പഴയ സെമിനാരി, ചുങ്കം, വാരിശ്ശേരി, പനയക്കഴിപ്പ്, ഇല്ലിക്കല്‍, കുമ്മനം കൊടൂരാറിന്റെ പരിസരങ്ങളിലുള്ള കോടിമത, കാഞ്ഞിരം ഭാഗങ്ങില്‍ താഴ്ന്ന പ്രദേശങ്ങളിലെ പുരയിടങ്ങളും വീടുകളും വെള്ളത്തിലായി. അയ്മനം, തിരുവാര്‍പ്പ്, കുമരകം, നീണ്ടൂര്‍, ആര്‍പ്പൂക്കര പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളും വീട്ടുകളും വെള്ളക്കെട്ടിലാണ്.
കാരാപ്പുഴ, ചെങ്ങളം ഭാഗങ്ങളിലും കനത്ത വെള്ളപ്പൊക്കമാണ്. മീനച്ചിലാറ്റില്‍ കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്ക് അതിശക്തമാണ്. അടിക്കടി ജലവിതാനം ഉയരുന്നു. പടിഞ്ഞാറന്‍ കൈവഴികളും ഇടത്തോടുകളും നിറഞ്ഞുകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളും ഇടവഴികളും വെള്ളത്തിലായി. കോട്ടയം നഗരത്തില്‍ മെഡിക്കല്‍ കോളജ് ബൈപ്പാസില്‍നിന്നുള്ള ചുങ്കം- പഴയ സെമിനാരി പിഡബ്ല്യുഡി റോഡ് പൂര്‍ണമായും വെള്ളത്തിലായി.
കുടയംപടി ഭാഗത്തും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. അയ്മനം വല്യാട് ഹെല്‍ത്ത് സെന്ററില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനം പഞ്ചായത്ത് ഓഫിസിലേക്ക് മാറ്റി. തിരുവഞ്ചൂര്‍ പ്രദേങ്ങളിലും വെള്ളത്തിന്റെ നിരപ്പിന് കുറവ് വന്നിട്ടില്ല. മണര്‍കാട് മാലം പാലത്തില്‍ വെള്ളം കയറിയതുമൂലം അയര്‍ക്കുന്നം ഭാഗത്തുനിന്നുമുള്ള വാഹനങ്ങള്‍ക്ക് നഗരത്തിലെത്താന്‍ പ്രയാസം നേരിട്ടു. തിരുവഞ്ചൂര്‍, നാലുമണിക്കാറ്റ് ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതുമൂലം അതുവഴിയുള്ള ബസ് സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്.
കിടങ്ങൂര്‍ ഭാഗത്ത് മീനച്ചിലാര്‍ കരകവിഞ്ഞതുമൂലം വാഹനഗതാഗതം താറുമാറാക്കി. വീടുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മൂങ്ങിയ അവസ്ഥയാണ്. കുമരകം- ഇല്ലിക്കല്‍ റോഡില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് കുമരകത്തേക്കുള്ള ബസ് സര്‍വീസും സ്തംഭിച്ചിരിക്കുകയാണ്.
വൈക്കം, തലയോലപ്പറമ്പ് പ്രദേശങ്ങള്‍ ഇന്നലെ രൂക്ഷമായ വെള്ളപ്പൊക്കത്തിനാണ് സാക്ഷ്യം വഹിച്ചത്. വീടിന്റെ രണ്ടാംനിലയില്‍വരെ വെള്ളം കയറിയതോടെ ഒരിക്കിലും വെള്ളത്തിന്റെ കെടുതികളുണ്ടാവില്ലെന്ന് കരുതിയ ഉയര്‍ന്ന മേഖലകള്‍പോലും മുങ്ങിപ്പോയി. നൂറുകണക്കിനാളുകളാണ് ഇന്നലെയും ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss