|    Jun 22 Fri, 2018 7:23 am
FLASH NEWS

വേനല്‍ മഴ: വടകരയിലെ റോഡുകള്‍ വെള്ളത്തില്‍

Published : 27th May 2016 | Posted By: SMR

വടകര: വേനല്‍ മഴ പെയ്തതോടെ വടകരയിലെ വിവിധ മേഖലയിലെ റോഡുകള്‍ വെള്ളത്തിനടിയിലായി. കാലവര്‍ഷമെത്താന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ സാഹചര്യത്തില്‍ ചെറിയ തോതിലുള്ള വേനല്‍ മഴ പെയ്തത് ഇങ്ങനെയാണെങ്കി ല്‍ മുന്നോട്ടുള്ള ദിവസങ്ങളില്‍ ദുരിതമേറും. മുനിസിപാലിറ്റിയിലെ താഴെ അങ്ങാടിയിലെ വിവിധ റോഡുകള്‍, ടൗണിലെ ചെറു റോഡുകള്‍, നാരായണ നഗരം, റെയില്‍വേ സ്റ്റേഷന്‍ റോഡ്, ലിങ്ക് റോഡ്, മേപ്പയില്‍, കുറുമ്പയില്‍, പുതുപ്പണം പാലയാട്ടുതാഴ, അറക്കിലാട്-വയല്‍പീടിക തുടങ്ങിയ സ്ഥലങ്ങളിലെ റോഡുകളാണ് വേനല്‍ മഴയില്‍ തന്നെ കുളങ്ങളായി മാറിയത്.
പഴയ റോഡുകളുടെ പുനര്‍ നിര്‍മാണത്തില്‍ അധികൃതര്‍ കാണിച്ച അലംഭാവവും, റോഡരികിലെ ഓടകള്‍ വൃത്തിയാക്കാത്തതുമാണ് റോഡില്‍ വെള്ളം കെട്ടിക്കിടക്കാന്‍ കാരണമായി ട്ടുള്ളത്. കാലവര്‍ഷത്തിന് മുമ്പായുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നഗരസഭാ പരിധിയില്‍ നടത്തിയിട്ടില്ലെന്നത് മറ്റൊരു കാരണമാണ്. ഓടകള്‍ വൃത്തിയാക്കി വെള്ളം സുഖമമായി ഒഴുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. താഴെഅങ്ങാടിയിലെ വിവിധ ഓടകള്‍ നിലവില്‍ തന്നെ മാലിന്യങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. കോതിബസാര്‍, മുക്കോലഭാഗം എന്നിവിടങ്ങളെ ഓടകളിലെ മലിന ജലം അരയാക്കി തോടിലൂടെ പുഴയിലേക്ക് പോകുന്ന ഓടകള്‍ മുഴുവനായും അടഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നടത്തിയ ചിറക്കല്‍ കുളം നവീകരണത്തി ല്‍ ഇവിടെയുള്ള ചെളികള്‍ കരാറുകാരന്‍ ഒഴുക്കിയത് ഈ ഓടകളിലേക്കാണ്. ഇത് മൂലം നിലവില്‍ വെള്ളം ഒഴുകുന്നത് നിലച്ച് സമീപവാസികള്‍ക്ക് പ്രയാസം നേരിട്ടു കൊണ്ടിരിക്കുകയാണ്. ചെറിയ റോഡുകളുടെ അവസ്ഥയാണെങ്കില്‍ ഇതിലും പരിതാപകരം തന്നെ. കബ്‌റുംപുറം, മുക്കോലഭാഗരം, പാക്കയില്‍, പൂവാടന്‍ ഗെയിറ്റ്, കോട്ടക്കടവ് ഭാഗങ്ങളിലെ റോഡുകള്‍ തുടങ്ങിയവയെല്ലാം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ഇവിടങ്ങളില്‍ വേനല്‍ മഴയില്‍ തന്നെ വെള്ളം നിറഞ്ഞ് യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥിയിലാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന റോഡുകളാണ് കഴിഞ്ഞ വര്‍ഷവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. കാലവര്‍ഷമെത്തിയാല്‍ വെള്ളക്കെട്ട് കാരണം പഠനം പോലും ഉപേക്ഷിച്ച് വീട്ടിലിരിക്കുന്ന അവസ്ഥ ഉണ്ടാ യിട്ടുണ്ട്. പുത്തൂര്‍ അറക്കിലാട്-വയല്‍പീടിക റോഡ് കഴിഞ്ഞ തവണത്തെ കാലവര്‍ഷത്തില്‍ പൂര്‍ണമായും വെള്ളത്തിനടിയിലായിരുന്നു. വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയായതിനാല്‍ സ്‌കൂള്‍ വാഹനങ്ങളടക്കം ഇവിടെയെത്തിയിരുന്നില്ല. ഇവിടെയുള്ള വിദ്യാര്‍ഥികളെ മുതിര്‍ന്നവര്‍ ചുമലിലേറ്റിയാണ് സ്‌കൂളിലെത്തിച്ചിരുന്നത്. മാത്രമല്ല പതിനഞ്ചോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥിലും, ഇവരുടെ വീടുകളിലേക്കുള്ള വഴികള്‍ പൂര്‍ണമായും വെള്ളത്തിനടിയിലുമായിരുന്നു.
എല്ലാ വര്‍ഷത്തിലും ഇത്തരത്തിലുള്ള അവസ്ഥകള്‍ മുനിസിപാലിറ്റിയിലെ വിവിധ മേഖലകളില്‍ പതിവായിട്ടും മഴക്കാലപൂര്‍വ ശുചീകരണം നടത്താ ന്‍ ഇതുവരെ അധികൃതര്‍ക്കായിട്ടില്ല. കാലവര്‍ഷമെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി ഇത്തവണയും വെള്ളത്തില്‍ മുങ്ങേണ്ട ഗതികേടിനെ കുറിച്ചോ ര്‍ത്ത് വേവലാതിപ്പെടുകയാണ് നാട്ടുകാര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss