|    Sep 24 Mon, 2018 12:37 pm

വേനല്‍ കനത്തതോടെ തീപിടിത്തം വ്യാപിക്കുന്നു

Published : 24th January 2017 | Posted By: fsq

 

എരുമേലി: വേനല്‍ കനത്തതോടെ തീപിടിത്തം വ്യാപകമാവുന്നു. ചപ്പുചവറിന്് തീ ഇട്ടത് തൊട്ടടുത്ത ഉണങ്ങിയ മുളമരത്തിലൂടെ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോമറിലേക്ക് പടര്‍ന്നു. ഇത് കണ്ട് തീയണയ്ക്കാനായി ട്രാന്‍സ്‌ഫോമറിലേക്ക് വെള്ളം ഒഴിച്ച വീട്ടമ്മയ്ക്ക് വൈദ്യുതാഘാതമേറ്റതിനൊപ്പം തീപൊള്ളലുമേറ്റു. ശരീരത്ത് 25 ശതമാനത്തിലേറെ പൊള്ളലേറ്റ വീട്ടമ്മ കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. കഴിഞ്ഞ ദിവസം മുക്കൂട്ടുതറക്കടുത്തുണ്ടായ സംഭവമാണിത്. വേനല്‍ രൂക്ഷമായതോടെ കരിയിലകളും ഉണങ്ങിയ ചപ്പുചവറുകളും തീയിടുന്നതില്‍ പലരും കാട്ടുന്ന അശ്രദ്ധ വന്‍ തീപിടിത്തമായി മാറുകയാണെന്ന് കാഞ്ഞിരപ്പളളി ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫിസര്‍ പറയുന്നു. കാട്ടുതീ വ്യാപകമായതിനു പിന്നാലെ നാട്ടിലും തോട്ടം മേഖലകളിലും തീപിടിത്തം പതിവാകുകയാണ്. തീയണക്കാന്‍ ജലക്ഷാമം പ്രയാസം സൃഷ്ടിക്കുന്നുമുണ്ട്. ഇന്നലെ എരുമേലി െ്രെപവറ്റ് ബസ് സ്റ്റാന്‍ഡിനടുത്ത് സ്വകാര്യ സ്ഥലത്ത് ഒന്നര ഏക്കറോളം പറമ്പിലുണ്ടായ തീപിടിത്തവും ചവറിനു തീയിട്ടതില്‍ നിന്നായിരുന്നു. കഴിഞ്ഞ ദിവസം ശ്രീനിപുരത്ത് ഒരു നിര്‍ധന കുടുംബത്തിന്റെ ഷെഡ്ഡ് തീപിടിത്തത്തില്‍ ചാമ്പലായി. കഴിഞ്ഞയിടെ ചെറുവള്ളി എസ്‌റ്റേറ്റില്‍ മൂന്ന് സ്ഥലത്താണ് ഒരേ സമയം തീപിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ മുണ്ടക്കയത്ത് ടിആര്‍ ആന്‍ഡ് ടി എസ്‌റ്റേറ്റിലും പാലാ വലവൂരിലും വന്‍തോതിലാണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞയിടെ എരുമേലിയിലെ പാണപിലാവ് വനമേഖലകളിലും ദിവസങ്ങളോളം കാട്ടുതീ തുടര്‍ച്ചയായി മാറിയിരുന്നു. കാഞ്ഞിരപ്പളി, റാന്നി, ഫയര്‍ഫോഴ്‌സ് നിലയങ്ങള്‍ വേനലായതോടെ ദിവസവും തീയണക്കല്‍ യജ്ഞത്തിലാണ്. ചവറുകള്‍ കത്തിക്കുന്നതും വീടുകളില്‍ പാചകവാതകവും ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുമ്പോഴും മുന്‍കരുതലും ശ്രദ്ധയും പുലര്‍ത്തണമെന്ന് ഫയര്‍ഫോഴ്‌സ് വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. മണല്‍, വെള്ളം നനച്ച ചാക്ക് എന്നിവ തീ കെടുത്താന്‍ സഹായിക്കും. വൈദ്യുതി ഉപകരണങ്ങള്‍ മൂലം അപകടമുണ്ടായാല്‍ വൈദ്യുതി വിച്ഛേദിക്കാന്‍ ആദ്യം ശ്രമിക്കണം. വനങ്ങളില്‍ കാട്ടൂ തീ തടയാനായി പച്ചിലകമ്പുകള്‍ കൊണ്ട് തല്ലിക്കെടുത്തുവാനോ  മണല്‍ വാരിയിടാനോ ശ്രമിക്കണം. ഫയര്‍ വാച്ചര്‍മാരുടെ കുറവു മൂലം വന സംരക്ഷണസമിതിയും ഇക്കോ ഡവലപ്പ്‌മെന്റ് കമ്മിറ്റിയും ചേര്‍ന്ന് വനാതിര്‍ത്തികളില്‍ ഫയര്‍ ലൈന്‍ തെളിക്കല്‍ നടത്തുകയാണ്. വന മേഖലകളിലെ ജനവാസ പ്രദേശങ്ങളിലെ നാട്ടുകാരെ പങ്കെടുപ്പിച്ച് പരിശീലന ക്ലാസുകള്‍ നല്‍കി വരികയാണെന്നും പ്ലാച്ചേരി ഡപ്യൂട്ടി റേഞ്ചര്‍ രതീഷ് പറഞ്ഞു .

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss