|    Oct 18 Thu, 2018 6:58 pm
FLASH NEWS

വേനല്‍ കനത്തതോടെ ജില്ലയില്‍ കാര്‍ഷികോല്‍പാദനം സ്തംഭനത്തിലേക്ക്

Published : 23rd January 2017 | Posted By: fsq

 

പാലക്കാട്: ജില്ല കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ കാര്‍ഷിക മേഖലയായ ആലത്തൂരും, ചിറ്റൂരും കാര്‍ഷിക ഉല്‍പാദന മുരടിപ്പിലേക്കും രൂക്ഷമായ ജലക്ഷാമത്തിലേക്കും നീങ്ങുന്നു. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഉണ്ടാവുന്ന കടുത്ത വരള്‍ച്ചയാണ് ജനുവരിയില്‍ തന്നെ ആലത്തൂര്‍ മേഖലയെ അത്യുഷ്ണത്തിലാക്കിയിരിക്കുന്നത്. കൃഷി പൂര്‍ണമായും തകര്‍ന്നതിന്റെ ആഘാതത്തിലാണ് ആലത്തൂരിലെ കര്‍ഷകര്‍. ഇടവപ്പാതിയും തുലാവര്‍ഷവും ചതിച്ചതോടെ കര്‍ഷകര്‍ നട്ടം തിരിഞ്ഞു. ഏക്കറിന് 30,000 രൂപയിലധികം ചെലവഴിച്ചാണ് ഓരോ തവണയും നെല്‍കൃഷി ഇറക്കുന്നത്. പ്രകൃതി ചതിച്ചതോടെ വിത്തിനു പോലും നെല്ല് ലഭിച്ചില്ല. വരള്‍ച്ചയ്ക്കുശേഷം മഴ പെയ്താല്‍ വിള ഇറക്കണമെങ്കില്‍ സര്‍ക്കാര്‍ വിത്തും വളവും നല്‍കി സഹായിക്കണം. സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കാതായാല്‍ തരിശ്ശിടേണ്ടി വരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. പോത്തുണ്ടി, മലമ്പുഴ, മംഗലംഡാം വെള്ളത്തെ ആശ്രയിച്ചിരുന്ന ഇവര്‍ക്ക് മംഗലം ഡാം ഒഴികെയുള്ള ഡാമുകളില്‍ നിന്ന് വേണ്ടത്ര വെള്ളം വിട്ടു നല്‍കാതിരുന്നതും വിനയായി.കിണറുകളും ജലാശയങ്ങളുമെല്ലാം വറ്റിയതോടെ കുടിവെള്ള ലഭ്യതയും കുറഞ്ഞു. ക്ഷീരകര്‍ഷകരും പ്രതിസന്ധിയിലാണ്. മഴയില്ലാത്തതിനാല്‍ ആവശ്യത്തിന്  പുല്ലും ലഭിക്കുന്നില്ല. പാടങ്ങളില്‍ കൊയ്്്ത്ത് ഇല്ലാതായതോടെ വൈക്കോലും ലഭിക്കാത്ത നിലയാണ്. ഇക്കാരണത്താല്‍ ക്ഷീരമേഖലയില്‍ പാല്‍ ഉല്‍പാദനവും കുറഞ്ഞു.  ആലത്തൂര്‍ ടൗണില്‍ മാത്രം മലമല്‍മുക്ക് മുതല്‍ എരിമയൂര്‍ വരെയുള്ള സ്ഥലങ്ങളില്‍ 125  കിണറുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പേരിനു പോലും കിണര്‍ കാണാനില്ല.  കുഴല്‍ കിണര്‍ കുഴിക്കുന്നതിലും ഒരു നിയന്ത്രണവുമില്ല. മേലാര്‍കോട്, എരിമയൂര്‍, ആലത്തൂര്‍, കാവശേരി, തരൂര്‍ പഞ്ചായത്തുകളില്‍ കുഴല്‍ക്കിണര്‍ കുഴിക്കല്‍ തകൃതിയാണ്. ആയിരത്തിലധികം കുഴല്‍കിണറുകള്‍ ഇതുവഴി നിര്‍മിക്കപ്പെട്ടതോടെ ഭൂഗര്‍ഭ ജലനിരപ്പ് അതിവേഗം താഴുന്നതിനും ഇടയാവുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss