|    Oct 22 Mon, 2018 7:30 am
FLASH NEWS

വേനല്‍ കടുത്തു : ജില്ലയില്‍ പാടശേഖരങ്ങള്‍ വരണ്ടുണങ്ങുന്നു

Published : 8th January 2017 | Posted By: fsq

പത്തനംതിട്ട: വേനല്‍ കടുത്തതോടെ പാടശേഖരങ്ങള്‍ വരളുന്നു. പാകമായ നെല്‍ക്കതിരുകള്‍ കരിഞ്ഞുങ്ങുന്നത് കര്‍ഷകര്‍ക്ക് സാമ്പത്തികമായി വന്‍ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.ജില്ലയിലെ പ്രധാന നെല്‍കൃഷി മേഖലയായ വള്ളിക്കോട് ഗ്രാമപ്പഞ്ചായത്തിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.വേനല്‍ക്കാലത്ത്കൃഷിക്ക് ആവശ്യമായ ജലം ലഭ്യമായിരുന്ന കെഐപി കനാല്‍ തുറന്നു വിടാത്തതാണ് ഇത്തവണ വരള്‍ച്ച കൃഷി ബാധിച്ചത്. കെഐപി കനാലില്‍ നിന്നുള്ള വെള്ളം ലഭിക്കാതായതോടെ പ്രമാടം, വള്ളിക്കോട് ഭാഗങ്ങളില്‍ കുടിവെള്ളം മുടങ്ങി. കിണറുകള്‍ വറ്റിയിട്ടുണ്ട്. തോടുകളെല്ലാം വരണ്ടു. മണ്‍സൂണ്‍, തുലാമാസ മഴകള്‍ വേണ്ടത്ര കിട്ടാത്തതിനാല്‍ ഇക്കുറി കൃഷി വേണ്ടെന്ന് വച്ചിരുന്നു എങ്കിലും അവര്‍ പിന്നീട് കൃഷി ചെയ്യാന്‍ തയ്യാറാവുകയായിരുന്നു.ചെമ്പകത്തോട് വഴിയാണ് ഇവിടെ വെള്ളം എത്തേണ്ടത്. അതില്‍ ഇനി വെള്ളമില്ല. താഴ്ന്ന പ്രദേശങ്ങളില്‍ മാത്രമാണ് അല്‍പമെങ്കിലും വെള്ളമുള്ളത്. ഉയര്‍ന്ന ഇടങ്ങള്‍ വരണ്ടുകിടക്കുന്നു. കുടിവെള്ളം ഇല്ലാതെ നാട്ടുകാര്‍ ജലവിഭവ വകുപ്പിനോട് പരാതി പറഞ്ഞപ്പോള്‍ അവരും കൈമലര്‍ത്തി. കനാല്‍ നിയന്ത്രിക്കുന്നവര്‍ പറഞ്ഞത് തടസ്സങ്ങള്‍ കാരണം വെള്ളം എത്തില്ല എന്നാണ്.വേട്ടകുളം, നടുവത്തൊടി, തലച്ചേമ്പ്, നരിക്കുഴി എന്നീ പാടങ്ങള്‍ വിണ്ടുകീറിക്കഴിഞ്ഞു. കോട്ടയം തോട്ടില്‍ നീരൊഴിക്ക്   പൂര്‍ണമായും നിലച്ചു. പഞ്ചായത്ത് അധികാരികള്‍ കലക്ടറെ വരെ കണ്ടെങ്കിലും ഫലമുണ്ടായില്ല. കതിരിട്ട് 60 ദിവസം പിന്നിട്ട നെല്ല് കരിഞ്ഞു തുടങ്ങി. സാധാരണ ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ കൊയ്ത് നടത്തുന്നതാണ് പതിവ്. ഇക്കുറി ഫെബ്രുവരി അവസാനമേ കൊയ്ത്ത് നടത്താനാവൂ. വൈകി വിതച്ചതാണ് കാരണം. പാടമാകെ വിണ്ടുകീറിക്കിടക്കുന്ന സ്ഥിതിയില്‍ കൃഷിക്കാര്‍ നെല്ലിലുള്ള പ്രതീക്ഷ കൈവിട്ടിരിക്കുകയാണ്. ഇന്‍ഷൂറന്‍സ് എടുത്തവര്‍ മാത്രമാണ് ആശ്വാസത്തിലുള്ളത്. വരള്‍ച്ചയ്ക്ക് പിന്നാലെ നെല്ല് കൊയ്യാന്‍ യന്ത്രം വരാഞ്ഞതാണ് ഇനി കര്‍ഷകര്‍ നേരിടാന്‍ പോകുന്ന പ്രശ്‌നം. കൊയ്ത്ത് നടത്തിയപ്പോള്‍ നെല്ല് എടുക്കല്‍ താമസിച്ചു. മങ്കിന്റെ സാന്നിധ്യം കൂടിയെന്ന് പറഞ്ഞ് വില കുറച്ചതും പ്രശ്‌നമായി. ഇക്കൊല്ലം മണ്‍സൂണ്‍ ചതിച്ചപ്പോഴെ കൃഷി വേണ്ടെന്ന് മിക്കവരും തീരുമാനിച്ചതാണ്. എന്നാല്‍ തുലമഴയില്‍ പ്രതീക്ഷ അര്‍പ്പിച്ച് ചിലര്‍ വിതച്ചു. മറ്റുള്ളവരും പിന്നാലെ വിതയ്ക്കാന്‍ തയ്യാറായി. വളം ഇടലും കഴിഞ്ഞപ്പോഴാണ് വേനല്‍ കടുത്തത്. കല്ലട അണക്കെട്ടില്‍ വെള്ളം കുറവായ സാഹചര്യത്തില്‍ കനാല്‍ തുറക്കല്‍ വൈകാനാണ്  സാധ്യത. 130 കിലോമീറ്ററിലാണ് ചെറുതും വലുതുമായ കനാലുകള്‍ കടന്നുപോവുന്നത്. വള്ളിക്കോട്, പ്രമാടം, തുമ്പമണ്‍, പന്തളം നഗരസഭ, പന്തളം തെക്കേക്കര,പള്ളിക്കല്‍, പാലമേല്‍, ഏഴംകുളം തുടങ്ങിയ ഇടങ്ങളിലൂടെയാണ് ഏറെയും കടന്നുപോവുന്നത്.കനാല്‍ തുറക്കുന്നതിന് മുന്നോടിയായി വൃത്തിയാക്കല്‍ ജോലി നടക്കുന്നുണ്ട്. തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തിയും മറ്റുമാണ് ഇത് ചെയ്യുന്നത്.ജനുവരി 15ന് കനാല്‍ തുറന്നുവിടണം എന്നാണ് നേരത്തെ തീരുമാനിച്ചതെങ്കിലും അണക്കെട്ടില്‍ വെള്ളമില്ലെന്നത് വലിയ പ്രതിസന്ധിയായി മാറുന്നു. വള്ളിക്കോട് പാടത്ത് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വന്‍ തിരിച്ചടിയാണ് നേരിടുന്നത്. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലാണ് കൃഷി തകര്‍ത്തത്. പിന്നീട് മലവെള്ളപ്പാച്ചില്‍ നാശമുണ്ടാക്കി. ഫംഗസ് ബാധ മൂലമുള്ള ഓല കരിച്ചിലാണ് അടുത്തതായി വില്ലനായത്. ഇതിനെതിരേ മരുന്ന് അടിക്കല്‍ നടത്തിയിരുന്നു. കൃഷിയില്‍ വിളവ് അറുപത് ശതമാനം വരെ കുറഞ്ഞിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss