|    Jan 22 Sun, 2017 11:55 pm
FLASH NEWS

വേനല്‍മഴ കനത്തു; ജില്ലയില്‍ വ്യാപക നാശം

Published : 18th May 2016 | Posted By: SMR

പാലക്കാട്: വേനല്‍മഴ കനത്തതോടെ മേഖലയില്‍ വ്യാപക നാശനഷ്ടം. വാഴത്തോട്ടങ്ങളും മരങ്ങളും നശിക്കുകയും മറിഞ്ഞു വീഴുകയും ചെയ്ത സ്ഥിതിയാണുള്ളത്. പച്ചക്കറി കൃഷിക്കും വ്യാപകമായ നാശം നേരിട്ടു. വേനല്‍മഴ ശക്തമായതോടെ കടപുഴകുന്ന മരങ്ങള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.പലയിടങ്ങളിലും റബര്‍മരങ്ങള്‍ കടപുഴകി വാഹനഗതാഗതം അവതാളത്തിലായി.
മഴയ്‌ക്കൊപ്പമെത്തുന്ന കാറ്റാണ് വ്യാപക നാശനഷ്ടങ്ങളുണ്ടാക്കുന്നത്.ഒറ്റപ്പാലം: താലൂക്കിന്റെ വിവിധ മേഖലയില്‍ വീടുകള്‍ക്കും ഭാഗികമായി തകര്‍ച്ചാഭീഷണി നേരിട്ടു. പനമണ്ണയില്‍ വീടിന്റെ ചുമരിടിഞ്ഞ് ദേഹത്തുവീണ് വൃദ്ധ മരിച്ചതും പ്രകൃതിക്ഷോഭത്തിന്റെ ശക്തിയേയാണ് സൂചിപ്പിക്കുന്നത്.കരിമ്പുഴ, കടമ്പഴിപ്പുറം, പൂക്കോട്ടുകാവ് പഞ്ചായത്തുകളിലാണ് വാഴകൃഷിക്ക് വ്യാപക നാശം നേരിട്ടത്. ഏക്കര്‍കണക്കിന് വാഴതോട്ടങ്ങളാണ് ഇവിടെ നശിച്ചത്. കനത്ത കാറ്റില്‍ ഇവ ഒടിഞ്ഞുവീഴുകയായിരുന്നു. പച്ചക്കറി കൃഷിക്കും ഇവിടെ നാശം നേരിട്ടു.ഷൊര്‍ണൂരിലും പരിസരപ്രദേശങ്ങളിലും വാഴകൃഷിക്ക് കാറ്റില്‍ നാശം നേരിട്ടു. റബര്‍മരങ്ങളും വ്യാപകമായി പൊട്ടിവീണവയില്‍ ഉള്‍പ്പെടുന്നു. ഇതിനൊപ്പം കൂറ്റന്‍മരങ്ങളും പലയിടത്തും കടപുഴകി വീണു.
വൈകുന്നേരങ്ങളിലാണ് മഴയും കാറ്റും തുടങ്ങുന്നത്.ഈ സമയങ്ങളില്‍ വൈദ്യുതിതകരാറും മുഖ്യപ്രശ്‌നമായി. വൈദ്യുതിലൈനുകളിലേക്ക് മരങ്ങള്‍ മറിഞ്ഞ് വീഴുന്നതാണ് ഇതിനു കാരണം. മഴയ്‌ക്കൊപ്പം അകമ്പടിയായി എത്തുന്ന കാറ്റാണ് വന്‍നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നത്. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് വേനല്‍മഴയില്‍ താലൂക്കില്‍ ഉണ്ടായിരിക്കുന്നത്.
ആനക്കര: തൃത്താല മേഖലയിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി വാഴത്തോട്ടങ്ങളില്‍ കുലച്ചവാഴകള്‍ ഒടിഞ്ഞു വീണു. ആനക്കര മുണ്ട്രക്കോട് കൂറ്റന്‍ പടുമരം കടപുഴകി വീണു വീട് ,ബാത്ത്‌റും,കിണര്‍, തെങ്ങ്,കമുങ്ങുകള്‍,മൂന്ന് ഇലക്ട്രിക്ക് പോസ്റ്റുകള്‍ എന്നിവ തകര്‍ന്നും. കുമ്പിടി പെരുമ്പംല ശാരദപടിയില്‍ പന വീണ് വീട് തകര്‍ന്നു.ഒതളൂരില്‍ മരം വീണ് വീണ് വീട് തകര്‍ന്നു.
കാറ്റില്‍ ഇലക്ട്രിക്ക് പോസ്റ്റുകള്‍, കമ്പികള്‍ എന്നിവ പൊട്ടിയത് കാരണം വൈദ്യുതി വിതരണം തടസപ്പെട്ടു. രാവിലെ പോയ വൈദ്യൂതി വൈകീട്ട് ആറ് മണിയോടെയാണ് പലയിടത്തും പുനസ്ഥാപിച്ചത്.
ചൊവ്വാഴ്ച്ച രാവിലെ ഏഴരമണിയോടെയാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്. മുണ്ട്രക്കോട് മുണ്ട്രക്കോട് പറമ്പില്‍ വേണുവിന്റെ വീടിന് മുകളിലേക്ക് സമീപത്തെ പറമ്പിലെ കൂറ്റന്‍ പടുമരമാണ് കടപുഴങ്ങി വീണത്. ഓടിട്ട വീടിന്റെ മുകള്‍ ഭാഗം തകര്‍ന്നു.വീടിന് സമീപത്തെ ബാത്ത് റും കെട്ടിടം, കിണര്‍, സമീപത്തെ മൂന്ന് ഇലക്ട്രിക്ക് പോസ്റ്റുകള്‍, വീട്ട് വളപ്പിലെ നിരവധി തെങ്ങ്, കമുങ്ങുകള്‍,തേക്ക്,പ്ലാവ്,വാഴ, എന്നിവ ഒടിഞ്ഞു വീണു.
ഒന്നരലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. കുമ്പിടി പെരുമ്പലം ശാരദ പടിയില്‍ തുറയാറ്റില്‍ രാമചന്ദ്രന്റെ വീടിന് മുകളിലേക്ക് സമീപത്തെ പന ഒടിഞ്ഞ് വീണ് വീട് തകര്‍ന്നു. വീടിന്റെ താഴ് വര, മേല്‍ക്കുരയുടെ രണ്ട് ഭാഗങ്ങള്‍ എന്നിവ തകര്‍ന്നു. 50,000 ത്തോളം രൂപയുടെ നാശനഷടമുണ്ടായി.
പട്ടിത്തറ ഒതളൂരില്‍ കാറ്റില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു. കാലത്ത് ഉണ്ടായ ശക്തമായ കാറ്റില്‍ ഒതളൂര്‍ മേലേകുഴിയില്‍ അമ്മാളുവിന്റെ ഓട് മേഞ്ഞ വീടിന് മുകളിലേക്ക് തെങ്ങ് പൊ—ട്ടിവീഴുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക