|    Oct 22 Mon, 2018 2:33 am
FLASH NEWS

വേനല്‍മഴയ്‌ക്കൊപ്പം ആഞ്ഞടിച്ച കാറ്റില്‍ വ്യാപക നാശം

Published : 19th March 2018 | Posted By: kasim kzm

കൊടകര: വേനല്‍മഴയ്‌ക്കൊപ്പം ആഞ്ഞടിച്ച കാറ്റ് മറ്റത്തൂര്‍ പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തി. ശനിയാഴ്ച വൈകീട്ടാണ് സംഭവം. കുലച്ചതും കുല വരാറായതുമായ ആയിരക്കണക്കിന് നേന്ത്രവാഴകള്‍ കാറ്റില്‍ നിലംപൊത്തി. മറ്റ് കാര്‍ഷിക വിളകള്‍ക്കും നാശമുണ്ടായി.
നേന്ത്രവാഴ കര്‍ഷകര്‍ക്കാണ് കൂടുതല്‍ നാശം നേരിട്ടത്. എണ്ണായിരത്തോളം നേന്ത്രവാഴകള്‍ കാറ്റില്‍ നശിച്ചതായാണ് കണക്കാക്കുന്നത്. കിഴക്കേ കോടാലി, കോപ്ലിപ്പാടം, കൊടുങ്ങ, മോനൊടി, കടമ്പോട് പ്രദേശങ്ങളിലാണ് കാറ്റ് കൂടുതലായി നാശം വിതച്ചിട്ടുള്ളത്.
കോപ്ലിപ്പാടത്തെ ഞാറേക്കാടന്‍ ഡേവിസ്, വെട്ടിയാട്ടില്‍ അശോകന്‍, മോനൊടിയിലെ അറക്കപ്പറമ്പില്‍ മത്തായി എന്നിവരുടെ കാര്‍ഷിക വിളകള്‍ നശിച്ചു. ജാതി, മരച്ചീനി, ഫല വൃക്ഷങ്ങള്‍ എന്നിവ കാറ്റില്‍ കടപുഴകിവീണു. പാട്ടത്തിനെടുത്ത ഭൂമിയില്‍ വായ്പയെടുത്ത് വാഴകൃഷിയിറക്കിയ കര്‍ഷകരുടെ വാഴകള്‍ കാറ്റില്‍ നശിച്ചതിനെതുടര്‍ന്ന് കര്‍ഷകര്‍ കടക്കെണിയിലായി.
കോപ്ലിപ്പാടത്തെ ഞാറേക്കാട്ടില്‍ ഡേവിസ് എന്ന കര്‍ഷകന്റെ നാലായിരത്തി അഞ്ഞൂറിലേറെ നേന്ത്രവാഴകള്‍ കാറ്റില്‍ ഒടിഞ്ഞുനശിച്ചു. സിന്‍ഡിക്കേറ്റ്, എസ്ബിഐ ബാങ്കുകളുടെ കോടാലി ശാഖകളില്‍ നിന്ന് വന്‍തുക വായ്പയെടുത്ത് കൃഷി ചെയ്ത ഡേവിസ് ഇനി എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ്. പ്രദേശത്തെ മറ്റ് നിരവധി വാഴ കര്‍ഷകര്‍ക്കും കാറ്റില്‍ നാശനഷ്ടം നേരിട്ടു.
കടമ്പോട് എഎല്‍പി സ്‌കൂളിനു സമീപത്തെ ഓളിപ്പറമ്പില്‍ മോഹനന്‍ എന്നയാളുടെ ഓടിട്ട വീട് കാറ്റില്‍ തകര്‍ന്നുവീണു. കോപ്ലിപ്പാടത്തുള്ള മറ്റൊരു വീടിന്റെ ഓടുകള്‍ കാറ്റില്‍ പറന്നു പോയി. തെങ്ങ്, പ്ലാവ് തുടങ്ങിയവയും ഒടിഞ്ഞു വീണു നശിച്ചു.

ചേറ്റുവ പാലത്തില്‍ നിന്ന് ചാടിയുള്ള
ആത്മഹത്യാശ്രമം വര്‍ധിക്കുന്നു ഒരുമനയൂര്‍: ചേറ്റുവ പാലത്തില്‍ നിന്നും ചാടി അത്യമഹത്യക്കുള്ള ശ്രമം വര്‍ധിക്കുന്നു. ഈയിടെ പത്തോളംപേരാണ് പാലത്തില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. ചേറ്റുവ പുഴയിലെ മല്‍സ്യതൊഴിലാളികളുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടല്‍ കൊണ്ടാണ് പലരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്.
ഇന്നലെ രാവിലെ ഒരു സ്ത്രീയെ നാട്ടുകാര്‍ പിടികൂടിയിരുന്നു. അതിനിടെ ഉച്ചയോടെ ഒരു വൃദ്ധന്‍ പാലത്തിനു മുകളില്‍ നിന്നും ചാടാന്‍ ശ്രമിക്കവേ ആവഴി കാറിലെത്തിയ കടപ്പുറം സ്വദേശികള്‍ പിടികൂടുകയും അനുനയിപ്പിച്ചു പിന്തിരിപ്പിക്കുകയുമായിരുന്നു. ആളൊഴിഞ്ഞ പ്രദേശമായതിനാല്‍ ആരുടെയും ശ്രദ്ധയില്‍പെടില്ല എന്നതാവാം ആത്മഹത്യക്ക് ഇവിടെ തിരഞ്ഞെടുക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍പോലും ചേറ്റുവ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തിട്ടുള്ളതായും നാട്ടുകാര്‍ പറയുന്നു.
ഇതിനിടെ നിരവധിപേര്‍ ആത്മഹത്യ ചെയ്യുകയും ആത്മഹത്യാശ്രമം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പാലത്തിനു ഇരുവശവും സുരക്ഷാമതില്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. സുരക്ഷാ മതില്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ആക്‌സിഡന്റ് പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പ്രവര്‍ത്തകര്‍ ഒരുമനയൂര്‍ യുവജനകലാവേദിയുടെയും എംസിസി ലൈഫ് ലൈന്‍ ചാരിറ്റിയുടെയും സഹകരണത്തോടെ അധികൃതര്‍ക്ക് നിവേദനം നല്‍കുമെന്ന് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss