|    Oct 22 Mon, 2018 11:53 pm
FLASH NEWS

വേനല്‍മഴയും ചുഴലിക്കാറ്റും;ജില്ലയില്‍ വ്യാപക നാശം

Published : 3rd May 2017 | Posted By: fsq

 
ചാലക്കുടി: കഴിഞ്ഞ ദിവസം പരിയാരം, മേലൂര്‍, കോടശ്ശേരി പഞ്ചായത്തുകളില്‍ ആഞ്ഞുവീശിയ ചുഴലിക്കാറ്റിലും കനത്തമഴയിലും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം. ഒമ്പത് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആയിരക്കണക്കിന് വാഴകള്‍, നിരവധി ജാതി, കവുങ്ങ് തുടങ്ങിയ കാര്‍ഷിക വിളകളും നശിച്ചതായി റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ  പരിശോധനയില്‍ രേഖപ്പെടുത്തി. കളത്തിപറമ്പില്‍ ജോസിന്റെ വീട് മരം വീണ് ഭാഗിമായി തകര്‍ന്നു. മുനിപ്പാറയില്‍ മഠത്തിപറമ്പില്‍ സഗീറിന്റെ വാര്‍ക്കവീടിന് മുകളില്‍ മരംവീണു. വീടിന്റെ മുന്‍ഭാഗവും കാര്‍ഷെഡും തകര്‍ന്നു. കൊന്നക്കുഴിയില്‍ കല്ലേലി ഷൈജന്‍, പൊറോടത്താന്‍ കാളിക്കുട്ടി എന്നിവരുടെ വീടുകള്‍ക്ക് മുകളിലാണ് മരങ്ങള്‍ വീണത്. കോടശ്ശേരിയിലെ കുണ്ടുകുഴിപ്പാടത്തും മരങ്ങള്‍ വീണ് രണ്ടുവീടുകള്‍ ഭാഗികമായി തകര്‍ന്നു. മോതിരക്കണ്ണയില്‍ വൈലിക്കട സജീവന്റെ മുന്നൂറും ഞര്‍ളേലി ജോസിന്റെ നൂറും വാഴകള്‍ ഒടിഞ്ഞുവീണു. തണലില്‍ മാധവന്റെ പറമ്പിലെ വീട്ടിമരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. തൊമ്മാന ദേവസ്സിക്കുട്ടിയുടെ പുതിയ മതിലിന്റെ അടിത്തറ ഇടിഞ്ഞുവീണു. മേലൂര്‍ പഞ്ചായത്തിലെ പൂലാനി, കുറുപ്പം, അടിച്ചിലി എന്നിവടങ്ങളി വ്യാപകമായി കാര്‍ഷികകെടുതി സംഭവിച്ചു. കുറുപ്പത്ത് നടുവത്ര അനിലിന്റെ വീടിന് മുകളില്‍ പ്ലാവ് വീണു. പഞ്ചായത്തു പ്രസിഡന്റുമാരായ ജെനീഷ് പി ജോസ്, പി പി ബാബുവും  മറ്റുജനപ്രതിനിധികളും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.പുതുക്കാട് മുത്രത്തിക്കരയില്‍ കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. കല്ലിക്കടവില്‍ അശോകന്റെ വീടാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വീടിന്റെ പുറക് വശം പൂര്‍ണമായും തകര്‍ന്നു. മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങര, മോനൊടി, കൊടുങ്ങ, കോടശേരി പഞ്ചായത്തില്‍പ്പെട്ട കോര്‍മല, വയലാത്ര പ്രദേശങ്ങളിലാണ് കാറ്റില്‍ വ്യാപകമായ നാശമുണ്ടായത്. മരങ്ങള്‍ ഒടിഞ്ഞുവീണ് നാലുവീടുകള്‍ക്കു നാശം സംഭവിച്ചു. മരച്ചീനി, വാഴ, ജാതി, തെങ്ങ്, കവുങ്ങ് തുടങ്ങിയ കാര്‍ഷിക വിളകള്‍ കാറ്റില്‍ നശിച്ചിട്ടുണ്ട്. രണ്ടായിരത്തോളം നേന്ത്രവാഴകള്‍ ഒടിഞ്ഞുവീണു. കോര്‍മല വയലാത്രയില്‍ കൈപ്പുഴ ബാബുവിന്റെ ഒടിട്ടവീട് കാറ്റില്‍ മരം വീണ് ഭാഗികമായി നശിച്ചു. വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പ്രഭ എന്നയാള്‍ കുട്ടികളുമായി പുറത്തേയ്‌ക്കോടി രക്ഷപ്പെടുകയായിരുന്നു. വയലാത്ര സ്വദേശി വള്ളിയുടെ  വീടിനും മരം വീണ് കേടുപറ്റി. മോനൊടി, വെള്ളിക്കുളങ്ങര പഴയ വില്ലേജോഫീസ് പരിസരം എന്നിവിടങ്ങളിലുള്ള രണ്ടുവീടുകള്‍ക്കും നാശം സംഭവിച്ചു. കൊടുങ്ങപാടത്ത് കൃഷി ചെയ്ത  പാറമേന്‍ ജോയിയുടെ അറുനൂറോളം നേന്ത്രവാഴകള്‍ കാറ്റില്‍ ഒടിഞ്ഞു വീണു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss