|    Apr 22 Sun, 2018 6:12 pm
FLASH NEWS

വേനല്‍ചൂടിനെ വെല്ലുന്ന തിരഞ്ഞെടുപ്പ് ചൂടിലേക്ക് വാമനപുരം

Published : 21st April 2016 | Posted By: SMR

വെഞ്ഞാറമൂട്: മീനമാസം പിന്നിട്ട് മേടത്തിലേക്ക് കടന്നിട്ടും ഒട്ടും കുറയാത്ത ചൂടിനെപ്പോലും വെല്ലുന്ന തരത്തിലേക്ക് നീങ്ങുകയാണ് വാമനപുരം നിയോജകമണ്ഡലം. എല്‍ഡിഎഫിനെ പ്രതിനിധാനം ചെയ്ത് അഡ്വ.സികെ മുരളി, യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി അഡ്വ.ടി ശരത്ചന്ദ്രപ്രസാദ്, എസ്ഡിപിഐ സ്ഥാനാര്‍ത്ഥി തച്ചോണം നിസാമുദ്ദീന്‍,ബിഡിജെഎസ് സ്ഥാനാര്‍ത്ഥി വിപിന്‍കുമാര്‍ എന്നിവരാണ് മത്സരിക്കുന്നത്. നിയമസഭയിലേക്ക് ആദ്യമായി മത്സരിക്കുന്ന അഡ്വ.ഡികെ മുരളി നിലവിലെ എംഎല്‍എ കോലിയക്കോട് കൃഷ്ണന്‍ നായര്‍ പാര്‍ട്ടിതീരുമാനമനുസരിച്ച് നാലാമൂഴം പിന്നിട്ടതോടെ മത്സരരംഗത്ത് നിന്നും പിന്‍വാങ്ങിയതോടെയാണ് ആ സ്ഥാനത്തേക്ക് സി കെ മുരളിയുടെ പേര് ഉയര്‍ന്നുവരികയും സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തത്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഡി കെ മുരളിയുടെ പൊതുപ്രവര്‍ത്തനത്തിലേക്കുള്ള തുടക്കം. തുടര്‍ന്ന് എസ്എഫ്‌ഐ താലൂക്ക് വൈസ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ പുല്ലമ്പാറ പഞ്ചായത്ത് സെക്രട്ടറി, ഏരിയാ കമ്മിറ്റി സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ ജില്ലാ കമ്മിറ്റിയംഗം, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 1979ല്‍ സിപിഎമ്മില്‍ അംഗമായി. 85 മുതല്‍ പുല്ലമ്പാറ ലോക്കല്‍ കമ്മിറ്റിയംഗമായി. 2008 മുതല്‍ വെഞ്ഞാറമൂട് ഏരിയാ സെക്രട്ടറിയായി. 2011 മുതല്‍ ജില്ലാ കമ്മിറ്റിയംഗം, ഈ സ്ഥാനങ്ങള്‍ വഹിക്കുന്നതിനിടെയാണ് 1977 മുതല്‍ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഇടതിനൊപ്പം നിന്ന വാമനപുരം നിയോജകമണ്ഡലം കൈപ്പിടിയില്‍ നിന്നും വിട്ടുപോകാതിരിക്കാന്‍ പാര്‍്ടി നിയോഗവുമായി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വവുമായി നില്‍ക്കുന്നത്.
കാലങ്ങളായി ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന വാമനപുരം നിയോജകമണ്ഡലം തിരിച്ചു പിടിക്കുക എന്ന ദൗത്യവുമായി യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ അഡ്വ.ശരത്ചന്ദ്രപ്രസാദിനെയാണ്. മുമ്പ് ഒരു പ്രാവശ്യം ആറ്റിങ്ങല്‍ നിയമസഭാ പ്രതിനിധീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ തന്നെയാണ് ഇദ്ദേഹത്തിന്റേയും പൊതു പ്രവര്‍ത്തന തുടക്കം. തുടര്‍ന്ന് കേരള യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലര്‍, കെഎസ്‌യു ജില്ലാ പ്രസിഡന്റ്, സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി, കേരളാ യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാന്‍, യൂനിവേഴ്‌സിറ്റി സെനറ്റംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറി എന്നതിനു പുറമെ കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ദേശീയ ബാലതരംഗം ചെയര്‍മാന്‍, ആര്‍ ശങ്കര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ്, പേട്ട വെല്‍ഫയര്‍ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു വരുന്നു.
ഇടതു വലതു മുന്നണികളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനപക്ഷ ബദല്‍ എന്ന സന്ദേശമുയര്‍ത്തി എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി തച്ചോണം നിസ്സാമുദ്ദീന്‍ മണ്ഡലത്തില്‍ സജീവ സാന്നിധ്യമായി മാറിയിട്ടുണ്ട്. കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും പിന്നീട് പിഡിപിയിലേക്കും പിന്നീട് എസ്ഡിപിഐയുടെ രൂപീകരണ കാലം മുതല്‍ പ്രസ്തുത പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചുവരികയാണ്. കൂടാതെ കെഎംവൈഫ് നെടമങ്ങാട് താലൂക്ക് സെക്രട്ടറിയായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. എസ്ഡിറ്റിയു സംസ്ഥാന ഖജാഞ്ചി, എസ്ഡിപിഐ ജില്ലാ സെക്രട്ടറി, പ്രത്യാശ സംസ്ഥാന സമിതിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. വിപിന്‍ കുമാറാണ് എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി. വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലത്ത് എസ്എഫ്‌ഐ പ്രവത്തകനായിരുന്നു. പിന്നീട് സ്വകാര്യ ബാങ്കൂകളിലെ തൊഴിലുമായി വിദേശത്തും ബോംബെയിലും കഴിഞ്ഞുവരികയായിരുന്നു. ഗ്ലോബല്‍ എന്‍എസ്എസ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, മലബാര്‍ നായര്‍ സമാജം എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss