|    May 30 Tue, 2017 7:05 am
FLASH NEWS

വേനലും കരിങ്കല്ല് ക്ഷാമവും : പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ നെട്ടോട്ടത്തില്‍

Published : 20th March 2017 | Posted By: fsq

 

എരുമേലി: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ എങ്ങനെയും പദ്ധതികള്‍ പൂര്‍ത്തിയാക്കാനുളള നെട്ടോട്ടത്തിലാ ണ് കരാറുകാര്‍. വര്‍ക്ക് പൂര്‍ത്തിയിക്കാന്‍ നേരിടുന്ന പ്രതിസന്ധികളേക്കാള്‍ ദുരിതമാവുകയാണ് ബില്‍തുക കിട്ടാനായി ഉദ്യോഗസ്ഥരെ സമീപിക്കലെന്ന് കരാറുകാര്‍ ചൂണ്ടിക്കാട്ടുന്നു.
എരുമേലി പഞ്ചായത്തില്‍ ഇത്തവണ പദ്ധതി വിനിയോഗം പകുതി പോലുമെത്തിയിട്ടില്ല. വേനല്‍ചൂടില്‍ നാട് ജലക്ഷാമത്തിലായപ്പോഴാണ് പദ്ധതി പ്രകാരമുള്ള പണികള്‍ മിക്കയിടങ്ങളിലും തുടങ്ങിയത്. ജലക്ഷാമവും ചൂടും പ്രതികൂലമായി. കരിങ്കല്ലും അനുബന്ധ ഉല്‍പന്നങ്ങളായ പാറപ്പൊടിയും മെറ്റലും ചിപ്‌സും പഞ്ചായത്തിലെങ്ങും കിട്ടാനില്ലായിരുന്നു. പാറമടകള്‍ പൂട്ടിയതും വലച്ചു. സമീപ പഞ്ചായത്തുകളിലും പാറമടകള്‍ അടഞ്ഞത് പ്രശ്‌നം ഗുരുതരമാക്കി.
ഇരട്ടിതുകയും വണ്ടിക്കൂലിയും കൊടുത്താലും കരിങ്കല്ല് ഉല്‍പന്നങ്ങള്‍ കിട്ടാന്‍ കാത്തിരിക്കേണ്ട സ്ഥിതിയായി. സിമന്റ്, കമ്പി എന്നിവയ്ക്ക് വില വര്‍ധിച്ചതും ഹോളോബ്രിക്‌സുകള്‍ക്കും വില കൂട്ടിയതും മണലിന് കടുത്ത ക്ഷാമവും നിരോധനവുമായതുമെല്ലാം എരി തീയിലേക്ക് എണ്ണ ഒഴിച്ച പോലെ പ്രതിസന്ധികളുടെ കുരുക്കിലായിരുന്നു കരാറുകാര്‍. ചിലര്‍ വര്‍ക്ക് നടത്താന്‍ കഴിയാതെ മുടക്കിയ പണം വേണ്ടെന്ന് വച്ച് പിന്‍മാറി. ഏറ്റെടുത്ത് നടത്തിയവരെല്ലാം നട്ടം തിരിയുകയാണ്. ചെയ്ത വര്‍ക്കുകളുടെ ബില്ല് മാറി പണം കിട്ടാന്‍ ഒട്ടേറെ കടമ്പകളാണുള്ളത്. ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നും ബില്ല് മാറി കിട്ടാന്‍  വലിയ കടമ്പകള്‍ കടക്കണമെന്ന് കരാറുകാര്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. എല്ലാ ഉദ്യോഗസ്ഥരും ഒരു പോലെയല്ലെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.  ജനകീയാസൂത്രണ പദ്ധതികളില്‍ മിക്കതും ഇഴയുകയാണ്.  മുന്‍ ഭരണസമിതിയുടെ കാലത്ത് ഫണ്ട് അനുവദിച്ച് എസ്റ്റിമേറ്റെടുത്ത ഒട്ടേറെ പദ്ധതികള്‍ ഇപ്പോഴാണ് നിര്‍മാണത്തിലേക്കെത്തിയിരിക്കുന്നത്.
അന്നത്തെ എസ്റ്റിമേറ്റ് തുകയുടെ ഇരട്ടി തുകയാണിപ്പോഴത്തെ നിര്‍മാണ ചെലവ്. കണ്‍വീനറുടെ നേതൃത്വത്തില്‍ ജനകീയ കമ്മിറ്റികളാണ് പണികള്‍ നടത്തേണ്ടതെങ്കിലും കരാറുകാരെ ഏല്‍പ്പിക്കയാണ് മിക്കയിടങ്ങളിലും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day