|    Jan 18 Wed, 2017 7:15 am
FLASH NEWS

വേനലിലുരുകി കന്നുകാലികള്‍; മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്

Published : 24th April 2016 | Posted By: SMR

കല്‍പ്പറ്റ: കടുത്ത വേനലില്‍ പുല്ലും മരങ്ങളും കരിഞ്ഞുണങ്ങുമ്പോള്‍ ഒരിറക്കു വെള്ളംപോലും ചോദിച്ചുവാങ്ങാനാവാത്ത കന്നുകാലികളിലേക്ക് കരുണയെത്തണമെന്നു മൃഗസംരക്ഷണ വകുപ്പ്. വേനലിന് കാഠിന്യമേറി വരുന്നതോടെ കന്നുകാലികളും ക്ഷീരകര്‍ഷകരും വലയുകയാണ്. ചൂടുകാലാവസ്ഥ ശരീര താപനില വര്‍ധിപ്പിക്കുന്നതിനാല്‍ കന്നുകാലികള്‍ക്ക് തെര്‍മല്‍ സ്‌ട്രെസ് ഉണ്ടാവുന്നു.
ഇത് പാലുല്‍പാദനം, പ്രത്യുല്‍പാദനം, ശരീരവളര്‍ച്ചാ നിരക്ക്, രോഗപ്രതിരോധശേഷി എന്നിവയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. അമിത ഉമിനീരൊഴുക്ക്, കിതപ്പ്, തീറ്റയെടുപ്പ് കുറയല്‍ തുടങ്ങിയവയാണ് തെര്‍മല്‍ സ്‌ട്രെസിന്റെ പ്രധാന ലക്ഷണങ്ങള്‍. അന്തരീക്ഷ താപനില കുറയാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ കന്നുകാലികളുടെ ശരീര താപനില കുറയ്ക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് അവയുടെ ആരോഗ്യവും ഉല്‍പാദനക്ഷമതയും സംരക്ഷിക്കാന്‍ സഹായകമാവുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. കെ ആര്‍ ഗീത പറഞ്ഞു.
ഉഷ്ണകാലത്ത് കന്നുകാലി പരിപാലനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: ശുദ്ധജല ലഭ്യത- ഒരു പശുവിന് സാധാരണയായി പ്രതിദിനം 55-65 ലിറ്റര്‍ കുടിക്കാനുള്ള ജലം ആവശ്യമാണ്.
എന്നാല്‍, ഉഷ്ണകാലത്ത് ഇത് ഇരട്ടിയാവുന്നു. മുഴുവന്‍ സമയവും ജലലഭ്യത ഉറപ്പുവരുത്താന്‍ ഓട്ടോമാറ്റിക് ഡ്രിങ്കര്‍ സംവിധാനം ഒരുക്കാം. വായുസഞ്ചാരം- കാലിത്തൊഴുത്തിലേക്കുള്ള വായുസഞ്ചാരം കൂട്ടുക. ഇതിന് ഫാനുകള്‍ ഘടിപ്പിക്കാം. ഷീറ്റോ മറ്റോ ഉപയോഗിച്ച് തൊഴുത്ത് മറച്ചിട്ടുെങ്കില്‍ അവ നീക്കം ചെയ്ത് വായുസഞ്ചാരം സുഗമമാക്കണം. ശരീര താപനില- തണുത്ത വെള്ളം ഉപയോഗിച്ച് ഇടക്കിടെ ശരീരം നനച്ചുകൊടുക്കുന്നത് ശരീര താപനില കുറയാന്‍ സഹായിക്കും. തീറ്റക്രമവും രീതിയും- ചൂട് കുറവുള്ള സമയങ്ങളില്‍ തീറ്റ നല്‍കുക. അതിരാവിലെയോ വൈകീട്ടോ നല്‍കാം. തീറ്റക്രമത്തില്‍ പെട്ടെന്നു മാറ്റങ്ങള്‍ വരുത്തരുത്. ധാതുലവണ മിശ്രിതവും വൈറ്റമിന്‍ എ യും നല്‍കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ചൂടുള്ള സമങ്ങളില്‍ മേയാന്‍ വിടാതിരിക്കുക. ബീജസങ്കലനം നടത്തിയ കന്നുകാലികളെ ഒരു കാരണവശാലും വെയിലത്ത് നിര്‍ത്തരുത്. കാലിത്തൊഴുത്തിന്റെ മേല്‍ക്കൂര വെള്ളപൂശുന്നതും വൈക്കോല്‍ വിതറി വെള്ളം നനയ്ക്കുന്നതും തൊഴുത്തിന്റെ ഊഷ്മാവ് കുറയ്ക്കാന്‍ സഹായിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക