|    Dec 14 Thu, 2017 1:53 pm
FLASH NEWS

വേദിയില്‍ സംഘര്‍ഷം; ദഫ്മുട്ട് സംഘത്തിലെ വിദ്യാര്‍ഥിക്കു പരിക്ക്‌

Published : 5th December 2017 | Posted By: kasim kzm

നെന്‍മാറ:  കാണികളുടെ കുറവും സംഘര്‍ഷവും കാരണം ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന്റെ ആദ്യ ദിവസം മാറ്റ് കുറഞ്ഞു. സമയം തെറ്റിയ മല്‍സരങ്ങള്‍ വിധികര്‍ത്താക്കളെയും മല്‍സരാര്‍ത്ഥികളെയും വലച്ചു. കാണികളുടെ പങ്കാളിത്തം കുറഞ്ഞു പോയത് ആവേശത്തെ തെല്ല് കെടുത്തി.
കലോല്‍സവത്തിന്റെ തുടക്കത്തില്‍ തന്നെ സംഘര്‍ഷമുണ്ടായത് സംഘാടകരെ ഞെട്ടിച്ചു. മല്‍സരത്തിനെത്തിയ വണ്ടിത്താവളം കെകെഎംഎച്ച്എസ്എസിലെ വിദ്യാര്‍ഥികളെ ഒരു സംഘം മര്‍ദ്ദിക്കുകയായിരുന്നു. ദഫ് മുട്ട്  സംഘത്തിലെ നന്ദിയോട് വേമ്പ്ര മലമേട്ടില്‍ വീട്ടില്‍ അര്‍ഷാദിന് (17) പരിക്കേറ്റു.
തലയ്ക്ക് പരിക്കേറ്റ അര്‍ഷാദിനെ നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഏഴുപേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. യുപി വിഭാഗം നാടക മല്‍സരത്തിനിടെ മൈക്ക് തകരാറിലായത് പരിപാടി വൈകാനിടയാക്കി. വെളിച്ചക്കുറവ്, കര്‍ട്ടന്റ പോരായ്മ എന്നിവയെല്ലാം ജില്ലാ കലോല്‍സവത്തെ സബ് ജില്ലാ മല്‍സരത്തിന്റെ നിലവാരത്തിലാക്കിയതായി പരാതി ഉയര്‍ന്നു .
ഭക്ഷണ കമ്മിറ്റിയാണ് പതിവിനു വിപരീതമായി ചിട്ടയോടെ പ്രവര്‍ത്തിച്ചത്. കലോല്‍സവത്തിന്റെ സ്‌റ്റേജിതര മല്‍സരങ്ങളുടെ ഫലം ഇതു വരെയും മുഴുവനായി പുറത്തു വിടാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. മല്‍സരാര്‍ഥിക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ടീമിന് ദഫ്മുട്ടില്‍ മല്‍സരിക്കാനും കഴിഞ്ഞില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക