|    Jun 18 Mon, 2018 8:38 pm
FLASH NEWS

വേദന മറക്കാന്‍ പാലിയേറ്റീവ് തണലൊരുക്കി പൊന്നാനി നരസഭ

Published : 16th January 2017 | Posted By: fsq

 

പൊന്നാനി: എല്ലാവേദനകളും ഒറ്റപ്പെടലുകളും സ്‌നേഹത്തിന്റെ സ്പര്‍ശം ഏറ്റപ്പോള്‍ അലിഞ്ഞുപോയൊരു നിമിഷം. പൊന്നാനി നഗരസഭ സംഘടിപ്പിച്ച സ്‌നേഹ സംഗമത്തിലാണ് അവശതകളും വേദനകളും മറന്ന് രോഗികള്‍ ഒന്നിച്ചത്.രോഗികളായിട്ടല്ല സ്‌നേഹ സംഗമത്തിലെ പ്രതിനിധികളായിത്തന്നെയാണ് ഇവര്‍ എത്തിയത്.പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായാണ് നഗരസഭ കിടപ്പിലായ രോഗികളെ ഒന്നിച്ചു ചേര്‍ത്ത് വീണ്ടുമൊരു പുതിയ ലോകം തുന്നിച്ചേര്‍ത്തത്. രോഗങ്ങള്‍ മൂലം പുറം ലോകവുമായി ബന്ധങ്ങള്‍ അറ്റുപോയവരെ സ്‌നേഹത്തിന്റെയും കരുതലിന്റെയും കൈത്താങ്ങ് നല്‍കിയാണ് പൊന്നാനി നഗരസഭ സ്‌നേഹ സംഗമം സംഘടിപ്പിച്ചത്. ഒരിക്കല്‍ കൂടി അവര്‍ വീണ്ടും കണ്ടു. വാക്കുകള്‍ മുറിഞ്ഞുപോയെങ്കിലും മൗനത്തിന്റെ മഹാതുരുത്തില്‍ അവര്‍ വര്‍ഷങ്ങളുടെ വിശേഷങ്ങള്‍ പങ്കുവച്ചു.പാലിയേറ്റീവ് ദിനം പതിവു ദിനാഘോഷമാവുന്നതിലുപരി വേദനിക്കുന്നവര്‍ക്കൊരു കൈത്താങ്ങുകയായിരുന്നു നഗരസഭ. പുതുപൊന്നാനി എംഐ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ രാവിലെത്തന്നെ ബലഹീനതകള്‍ അനുഭവിക്കുന്നവര്‍ എത്തിയിരുന്നു .പറഞ്ഞതിലും നേരത്തേയെത്തി അവര്‍ മതിലുകളില്ലാത്ത പുറം ലോകത്തിന്റെ കാറ്റിലലിഞ്ഞു ചേര്‍ന്നു.വരവേല്‍ക്കാന്‍ വിദ്യാര്‍ഥികളും നഗരസഭാ കൗണ്‍സിലര്‍മാരും സന്നദ്ധ സേവന പ്രവര്‍ത്തകരും  ചേര്‍ന്നതോടെ പലരും സന്തോഷത്താല്‍ കണ്ണീരൊപ്പാന്‍ പാടുപെട്ടു. തങ്ങളും ഈ ലോകത്തിന്റെ അവകാശികളെന്ന് ഉറക്കെ പറയും പോലെ അനുഭവപ്പെട്ടു അവര്‍ക്ക്. പരിരക്ഷ സംവിധാനം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കിടപ്പിലായവരെ ഒരുമിപ്പിച്ച് നഗരസഭ മാതൃകയായത്. ഔപചാരികത ഒട്ടുമില്ലാതെ കിടപ്പിലായവര്‍ക്ക് സാന്ത്വനവും ഒപ്പം സംഗീതവും നല്‍കുന്നതായിരുന്നു സ്‌നേഹ സംഗമം. ഏറെ നാളുകള്‍ക്ക് ശേഷം സംഗീതവുമാസ്വദിച്ച് പോയകാലത്തിന്റെ ആ നല്ല നാളുകളെ നന്ദിയോടെ ഓര്‍ത്തവര്‍ വിരലുകളില്‍ താളമിട്ടു.വിവിധ വാര്‍ഡുകളില്‍ നിന്നായി എണ്‍പതോളം കിടപ്പിലായ രോഗികളാണ് സ്‌നേഹ സംഗമത്തിലെത്തിയത്. ഒരിക്കല്‍ക്കൂടി വരാന്‍ കൊതിച്ചവര്‍ മടങ്ങി അനുഭവങ്ങളുടെ പുതിയ നല്ല ഓര്‍മ്മകളുമായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss