|    Jan 22 Sun, 2017 1:04 am
FLASH NEWS

വേദന കടിച്ചമര്‍ത്തി ജൂലി തഞ്ചത്തിലാടി; കാഞ്ഞിരപ്പള്ളിയുടെ മൊഞ്ചത്തിമാര്‍ക്ക് മിന്നും ജയം

Published : 25th January 2016 | Posted By: SMR

തിരുവനന്തപുരം: പഴുത്തുപൊട്ടിയ കാലിലെ തുളച്ചുകയറുന്ന വേദന കടിച്ചമര്‍ത്തി ജൂലി തഞ്ചത്തിലാടിയപ്പോള്‍ കാഞ്ഞിരപ്പള്ളിയുടെ മൊഞ്ചത്തിമാര്‍ക്ക് മിന്നും ജയം. എച്ച്എസ്എസ് വിഭാഗം ഒപ്പന മല്‍സരത്തിലാണ് പ്ലസ് ടു വിദ്യാര്‍ഥിനി ജൂലി ജോര്‍ജ് പ്രതിനിധീകരിച്ച കാഞ്ഞിരപ്പള്ളി സെന്റ്. ഡൊമിനിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മൂന്നാംസ്ഥാനം ലഭിച്ചത്. ചെറക്കടവ് സ്വദേശിയായ ജൂലി കാലില്‍ ബാന്‍ഡേജ് കെട്ടി കണ്ണീരിന്റെ അകമ്പടിയോടെ പുഞ്ചിരിച്ച് കളിച്ചപ്പോള്‍ സദസ്സൊന്നാകെ ഹര്‍ഷാരവത്തിന്റെ മധുരം നല്‍കി.
ഒരുമാസം മുമ്പാണ് ജൂലിയുടെ കാല്‍ പഴുത്ത് പൊട്ടാന്‍ തുടങ്ങിയത്. എന്നാല്‍ രണ്ടുദിവസം മുമ്പാണ് വേദന കലശലായത്. ഒപ്പനയുടെ പരിശീലനസമയത്തും വേദന അനുഭവിക്കേണ്ടിവന്നു. കാല്‍ നീരുവന്നു വീര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആശുപത്രിയില്‍ പോവാന്‍ മടിച്ച ജൂലി അധ്യാപകരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചികില്‍സ തേടിയത്. ആനക്കല്ലിലെ ഒരു ആയുര്‍വേദാശുപത്രിയില്‍ ചെന്ന് വേദനയോടൊപ്പം കലോല്‍സവത്തില്‍ പങ്കെടുക്കേണ്ടതാണെന്ന കാര്യവും കൂടി പറഞ്ഞപ്പോഴാണ് ബാന്‍ഡേജ് കെട്ടിക്കളിക്കാന്‍ ഡോക്ടര്‍ നിര്‍ദേശം നല്‍കിയത്. അതനുസരിച്ചാണ് അധ്യാപകര്‍ക്കും പരിശീലകനുമൊപ്പം ജൂലി തലസ്ഥാനത്തേക്കു വണ്ടി കയറിയത്.
ഇന്നലെ രാവിലെ ഒമ്പതിനു മൂന്നാംവേദിയായ ‘മയൂര’ത്തില്‍ ആരംഭിച്ച ഒപ്പന മല്‍സരത്തില്‍ ജൂലിയുടെ ടീമിന്റെ പ്രകടനം ആരംഭിച്ചപ്പോള്‍ തന്നെ കാലിലെ ബാന്‍ഡേജ് പതുക്കെ അഴിഞ്ഞുതുടങ്ങിയിരുന്നു. ഒപ്പം, ഉള്ളില്‍ വേദനയും അണപൊട്ടിയൊഴുകിത്തുടങ്ങി. എന്നാല്‍ താന്‍ കാരണം ടീം പിന്നാക്കം പോവരുതെന്നു ശഠിച്ച ജൂലി അകത്തു കരച്ചിലും പുറത്തു പുഞ്ചിരിയുമായാണ് മാസ്മരിക പ്രകടനം കാഴ്ചവച്ചത്.
വേദനയുടെ പേരില്‍ മാപ്പിളശീലിനൊപ്പം മൊഞ്ചത്തിക്കൊപ്പം ആടിപ്പാടുന്നതില്‍ ജൂലി തെല്ലും ചകിതയായില്ല. അപ്പീലിലൂടെ സംസ്ഥാനതലത്തിലെത്തിയ ടീം മൂന്നാമതെത്തി എന്നറിഞ്ഞപ്പോള്‍ ജൂലിയുടെ കണ്ണുകള്‍ സന്തോഷാശ്രു പൊഴിച്ചു. ഇത്തവണ വട്ടപ്പാട്ടില്‍ എ ഗ്രേഡ് നേടിയ ഇതേ സ്‌കൂള്‍ കഴിഞ്ഞവര്‍ഷം എച്ച്എസ്എസ് ഒപ്പനയില്‍ എ ഗ്രേഡ് നേടിയിരുന്നു.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 106 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക