|    Mar 26 Sun, 2017 12:57 pm
FLASH NEWS

വേതന വര്‍ധനവ്: സ്വകാര്യ ബസ് തൊഴിലാളി സമരം അഞ്ചാം ദിവസത്തിലേക്ക്

Published : 19th October 2016 | Posted By: Abbasali tf

പറവൂര്‍: വേതന വര്‍ധനവ് ആവശ്യപ്പെട്ട് പറവൂര്‍-വൈപ്പിന്‍ മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തിവരുന്ന സമരം അഞ്ചാം ദിവസത്തിലേക്ക്. ഇന്നലെ ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗം തീരുമാനമാവാതെ അലസിപ്പിരിഞ്ഞതിനെതുടര്‍ന്ന് സമരം ശക്തമാക്കുമെന്ന് സംയുക്തസമരസമിതി നേതാക്കള്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല, ജോ. ലേബര്‍ കമ്മീഷണര്‍ ഇ ജി നാരായണന്‍ നമ്പൂതിരി, ജില്ലാ ലേബര്‍ ഓഫിസര്‍ കെ പി സരള എന്നിവരാണ് ബസ് തൊഴിലാളി പ്രതിനിധികളും ബസ് ഉടമാ സംഘം പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. ഡ്രൈവര്‍, കണ്ടക്ടര്‍, ഡോര്‍ ചെക്കര്‍ എന്നിവര്‍ക്കാകെയായി ഒരു ബസ്സിന് 120 രൂപ വര്‍ധിപ്പിക്കാമെന്ന ഉടമകളുടെ നിര്‍ദേശം തൊഴിലാളികള്‍ തള്ളിക്കളഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ജില്ലയില്‍തന്നെ മറ്റ് ചില മേഖലകളിലെ വേതനം നല്‍കാന്‍ തയ്യാറാവണമെന്ന ജില്ലാ കലക്ടറുടെ നിര്‍ദേശം ഡീസല്‍ വില വര്‍ധനവും മറ്റും ചൂണ്ടിക്കാട്ടി ബസ് ഉടമകളും സ്വീകരിച്ചില്ല. ബസ് സമരം സാധാരണ ജനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഒട്ടേറെ വിദ്യാര്‍ഥികളുടെ അധ്യയനവും മുടങ്ങിയിട്ടുണ്ട്. 250 ഓളം സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങാത്തതിന് ബദല്‍ സൗകര്യം ഏര്‍പെടുത്താന്‍ സര്‍ക്കാരിനായിട്ടില്ല. ഇന്ന് രാവിലെ പണിമുടക്കിയ തൊഴിലാളികളുടെ പ്രകടനത്തിനു ശേഷം നടക്കുന്ന സംയുക്തസമര സമിതി യോഗത്തില്‍ ഹൈവേ ഉപരോധം ഉള്‍പെടെ സമരം ശക്തമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് കെ സി രാജീവ്, സാബു (സിഐടിയു), പറവൂര്‍ ആന്റണി, ജോയ് ജോസഫ്(എഐടിയുസി), എം ജെ രാജു, ജോബി പഞ്ഞിക്കാരന്‍(ഐഎന്‍ടിയുസി), കെ എസ് ശ്യാംജിത്ത്, രഞ്ജിത്(ബിഎംഎസ്), വി എം ഫൈസല്‍, ഷെമീര്‍ അബ്ദുല്ല(എസ്ഡിടിയു), പി സി സുബ്രഹ്മണ്യന്‍, ബസ് ഉടമകളെ പ്രതിനിധീകരിച്ച് കെ എ ഷംസുദ്ദീന്‍, ലെനിന്‍, പ്രകാശന്‍ മണ്ണാളില്‍ പങ്കെടുത്തു.

(Visited 12 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക