|    Jan 25 Wed, 2017 6:56 am
FLASH NEWS

വേതന പാക്കേജ് പ്രഖ്യാപിച്ചില്ല; തൊഴിലാളികള്‍ക്ക് കണ്ണീരും കിനാവും ബാക്കി

Published : 8th October 2015 | Posted By: RKN

പി പി ഷിയാസ്

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ വേതന പ്രശ്‌നം പരിഹരിക്കാന്‍ സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന മൂന്നാം പി.എല്‍.സി. യോഗത്തില്‍ അരങ്ങേറിയത് നാടകീയ മുഹൂര്‍ത്തങ്ങള്‍. കഴിഞ്ഞ രണ്ടു യോഗങ്ങള്‍ക്കു ശേഷവും കണ്ണീരുമാത്രം ബാക്കിയായ തൊഴിലാളികള്‍ക്ക് ഈ യോഗവും മറിച്ചൊരു ഫലം നല്‍കിയില്ല. ആദ്യം ഇരുവിഭാഗത്തെയും ഒരുമിച്ചിരുത്തിയും പിന്നീട് പലവട്ടം പ്രത്യേകമായും അനുനയശ്രമങ്ങള്‍ നടത്തിയെങ്കിലും അവസാനഫലം നിരാശയായിരുന്നു. ഈ യോഗത്തിലെങ്കിലും സ്വാഗതാര്‍ഹമായ ഒരു തീരുമാനമാണ് തൊഴിലാളികളും സര്‍ക്കാരും പ്രതീക്ഷിച്ചത്.

എന്നാല്‍, ഉന്നയിച്ച ആവശ്യങ്ങളില്‍ ഇരുവിഭാഗവും ഉറച്ചുനിന്നതോടെയാണ് പ്രതീക്ഷ അസ്ഥാനത്തായത്. കഴിഞ്ഞദിവസത്തെ പി.എല്‍.സി. യോഗത്തിനുമുമ്പു നടത്തിയ കൂടിക്കാഴ്ചയില്‍ ഒരു പാക്കേജ് പ്രഖ്യാപിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊമ്പിളൈ ഒരുമൈ നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. ഈ പാക്കേജ് മന്ത്രിസഭയില്‍ വയ്ക്കുമെന്നും പറഞ്ഞിരുന്നു.

ബുധനാഴ്ച് നടക്കുന്ന പി.എല്‍.സി. യോഗം പരാജയപ്പെടുകയാണെങ്കില്‍ ഈ പാക്കേജ് നടപ്പാക്കുമെന്നായിരുന്നു ഉറപ്പ്. മുഖ്യമന്ത്രി മുന്നോട്ടുവച്ച തോട്ടം തൊഴിലാളി പാക്കേജ് ഇന്നലെ മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു. തോട്ടം തൊഴില്‍പ്രശ്‌നം പരിഹരിക്കുന്നതിനു രൂപീകരിച്ച സെക്രട്ടറിതല ഉപസമിതി കഴിഞ്ഞദിവസം സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പാക്കേജ് തയ്യാറാക്കിയതെന്നാണു വിവരം. ആരോഗ്യ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികളുടെ കൂലി കൂട്ടാനും ശുപാര്‍ശയുണ്ടെന്നാണു സൂചന. എന്നാല്‍, പി.എല്‍.സി. യോഗം പരാജയപ്പെട്ടെങ്കിലും പാക്കേജ് സംബന്ധിച്ച് യാതൊന്നും പുറത്തുവിടാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യമാണ് ഇതിനു തടസ്സം.

അടുത്തദിവസം തന്നെ പാക്കേജ് പ്രഖ്യാപിക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആരായും. അതിനുശേഷം മാത്രമേ അനുബന്ധ നടപടികളിലേക്കു കടക്കാനാവൂ.അതേസമയം, വ്യവസായ സെക്രട്ടറി കെ എം എബ്രഹാം അധ്യക്ഷനായ സമിതി മന്ത്രിസഭാ യോഗത്തില്‍ സമര്‍പ്പിച്ച റിപോര്‍ട്ട് സംബന്ധിച്ച് യാതൊന്നും അറിയിക്കാത്തതാണ് പ്ലാന്റേഷന്‍ മാനേജ്‌മെന്റിന്റെ എതിര്‍പ്പിനു കാരണം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതു തന്നെയാണ് ഈ റിപോര്‍ട്ട് ഇപ്പോള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതിന്റെയും തടസ്സം.

എന്നാല്‍, ഈ റിപോര്‍ട്ടിന് തൊഴിലാളികളുടെ കൂലിവര്‍ധനയുമായി യാതൊരു ബന്ധവുമില്ലെന്നാണ് മന്ത്രിയുടെ വാദം. കഴിഞ്ഞ പി.എല്‍.സിയില്‍ തോട്ടമുടമകള്‍ മുന്നോട്ടുവച്ച 10 കിലോ അധികം കൊളുന്തിന് 25 രൂപ എന്ന നയത്തിന് ഇന്നലെ മാറ്റം വന്നു. നിലവില്‍ നുള്ളുന്ന 21 കിലോ കൊളുന്തിനു ശേഷമുള്ള 14 കിലോയില്‍ ഓരോ കിലോയ്ക്ക് 65 പൈസ വീതവും അടുത്ത 14 കിലോയില്‍ ഒരു കിലോയ്ക്ക് 80 പൈസ വീതവും അടുത്തഘട്ടത്തില്‍ ഓരോ കിലോയ്ക്ക് 1.10 രൂപയും നല്‍കാമെന്നായിരുന്നു ഇന്നലത്തെ അവരുടെ നിലപാട്. എന്നാല്‍, ഇതിനോട് യോജിക്കാന്‍ ട്രേഡ് യൂനിയനുകള്‍ തയ്യാറായില്ല. ഇതോടെയാണ് സമവായശ്രമം പൂര്‍ണമായും പാളിയത്.


സമരക്കാര്‍ക്ക്് സി.പി.എമ്മിന്റെ അരിയും പയറും

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഈമാസം 10ാം തിയ്യതി അരിയും പയറും ശേഖരിച്ച് സമരകേന്ദ്രങ്ങളില്‍ എത്തിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. ജീവിതപ്രയാസങ്ങളുടെ നടുവില്‍ കഴിയുന്ന തോട്ടം തൊഴിലാളികളെ സഹായിക്കുക എന്നത് ജനാധിപത്യ കേരളത്തിന്റെ ഉത്തരവാദിത്തമാണ്.

സംസ്ഥാന സര്‍ക്കാര്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊണ്ട് ഇടപെടുന്നതിനു പകരം തൊഴിലുടമകളുടെ പക്ഷം ചേരുകയാണ്. തൊഴിലാളികള്‍ക്കെതിരായി സര്‍ക്കാര്‍ സ്വീകരിക്കുന്ന ഈ നയത്തിനെതിരെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. തോട്ടം തൊഴിലാളികളെ സഹായിക്കാന്‍ പാര്‍ട്ടി നടത്തുന്ന പ്രവര്‍ത്തനം വിജയിപ്പിക്കാന്‍ മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 74 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക