|    Oct 15 Mon, 2018 6:09 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വേതന പാക്കേജ് നടപ്പാക്കുന്നില്ല റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിന്

Published : 28th September 2017 | Posted By: fsq

 

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപിച്ച റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് നാല് മാസം കഴിഞ്ഞിട്ടും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ പ്രതിഷേധത്തിലേക്ക്. ഇതിന്റെ ഭാഗമായി നവംബര്‍ നാലു മുതല്‍ അനിശ്ചിതകാല കടയടപ്പ് സമരം നടത്തുമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനു മുന്നോടിയായി ഒക്‌ടോബര്‍ മൂന്ന്, നാല് തിയ്യതികളില്‍ റേഷന്‍ കടകളടച്ച് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ വ്യാപാരികളും ഉപവാസ സമരം നടത്തും. സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് സംഘടന നോട്ടീസും നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപിച്ച മാസവേതനമായ 16,000 രൂപ നല്‍കുക, റേഷന്‍കടകള്‍ നവീകരിച്ച് ഇ-പോസ് മെഷീന്‍ സ്ഥാപിക്കുക, ഇ- പോസ് മെഷീന്‍ സ്ഥാപിച്ചശേഷമേ വേതന പാക്കേജ് നടപ്പാക്കൂവെന്ന വ്യവസ്ഥ ഒഴിവാക്കുക, റേഷന്‍ വിതരണത്തിന് പത്ത് ദിവസമെങ്കിലും സമയം അനുവദിക്കുക, കാര്‍ഡുടമകള്‍ക്ക് വിതരണതോത് സംബന്ധിച്ച സന്ദേശം അയക്കുന്നതിന് മുമ്പ്് വിതരണം ചെയ്യാനുള്ള റേഷന്‍ സാധനങ്ങള്‍ കടയിലെത്തിയെന്ന് ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉടനടി പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് സമരം. റേഷന്‍ സാധനങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും റേഷന്‍ കടകളില്‍ സമയബന്ധിതമായി എത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഇതിന്റെ പാപഭാരം റേഷന്‍ വ്യാപാരികളില്‍ അടിച്ചേല്‍പ്പിക്കാനാണ് അധികൃതരുടെ ശ്രമം. പഴയ മൊത്ത വ്യാപാരികളുടെ ബിനാമികളും ചില ഉദ്യോഗസ്ഥരുമടങ്ങുന്ന ലോബിയാണ് വാതില്‍പ്പടി വിതരണത്തിന് നേതൃത്വം നല്‍കുന്നത്. അതിനാല്‍ ഇപ്പോഴും യഥാര്‍ഥ തൂക്കം വ്യാപാരികള്‍ക്ക് നല്‍കുന്നില്ല. ആഗസ്ത് പത്തിനുള്ളില്‍ ഗോഡൗണുകളില്‍ പ്രിന്റൗട്ട് ലഭിക്കുന്ന തരത്തിലുള്ള തൂക്ക മെഷീന്‍ സ്ഥാപിക്കുമെന്ന സിഎംഡിയുടെ ഉറപ്പും പാലിക്കപ്പെട്ടില്ല. സപ്തംബര്‍ മാസത്തെ അരിയും പഞ്ചസാരയും ഇതുവരെ നല്‍കിയിട്ടില്ലെന്നും ജോണി നെല്ലൂര്‍ കുറ്റപ്പെടുത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി മുഹമ്മദാലി, സംസ്ഥാന സെക്രട്ടറിമാരായ മുട്ടത്തറ ഗോപകുമാര്‍, ഉണ്ണികൃഷ്ണപിള്ള വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss