|    Oct 23 Mon, 2017 12:44 am

വേതനവര്‍ധന : ബാണാസുര ഹൈഡല്‍ ടൂറിസം തൊഴിലാളികള്‍ സമരത്തിന്‌

Published : 11th August 2017 | Posted By: fsq

 

വെള്ളമുണ്ട: പടിഞ്ഞാറത്തറ ബാണാസുര ഹൈഡല്‍ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാര്‍ വേതന വര്‍ധനവ് ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുന്നു. കേന്ദ്രത്തിലെ 40ഓളം ജീവനക്കാരാണ് സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം പോലും ലഭിക്കാതെ തുച്ഛമായ കൂലിക്ക് വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്നത്. സമരത്തിന്റെ മുന്നോടിയായി ഇന്നലെ അവകാശ സംരക്ഷണ ദിനാചരണം നടത്തി. കെഎസ്ഇബിക്ക് കീഴിലുള്ള ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങള്‍ ഇതുവരെ പ്രത്യേക ബോര്‍ഡായി രൂപീകരിച്ചിട്ടില്ല. ഇതുകൊണ്ടു തന്നെ ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള ആനുകൂല്യങ്ങളും ലഭിക്കാറില്ല. പടിഞ്ഞാറത്തറ ഹൈഡല്‍ ടൂറിസം കേന്ദ്രത്തിന് കീഴില്‍ 40ഓളം ജീവനക്കാരാണ് ജോലി ചെയ്തു വരുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും പ്രതിദിനം 300 രൂപയില്‍ താഴെ മാത്രം വേതനം ലഭിക്കുന്നവരാണ്. ഏറ്റവും ഉയര്‍ന്ന വേതനം 450 രൂപയാണ്. സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച മിനിമം കൂലി 600 രൂപയാണ്. എന്നാല്‍, ഈ കൂലിയോ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളോ ഇവര്‍ക്കു ലഭിക്കാറില്ല. ടൂറിസം കേന്ദ്രത്തില്‍ നിന്നു സര്‍ക്കാര്‍ പ്രതിമാസം ലക്ഷക്കണക്കിന് വരുമാനം നേടുമ്പോള്‍ ഇവിടെ തുച്ഛമായ വേതനം നല്‍കുന്ന സാഹചര്യത്തിലാണ് ജീവനക്കാര്‍ സമരപരിപാടികളുമായി മുന്നോട്ടുപോവാനൊരുങ്ങുന്നത്. സര്‍ക്കാര്‍ അംഗീകരിച്ച വേതനം നല്‍കുക, ജോലിസമയം നിജപ്പെടുത്തുക, ടൂറിസം കേന്ദ്രത്തില്‍ സഞ്ചാരികള്‍ക്കായി അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ജീവനക്കാര്‍ ഉന്നയിക്കുന്നു. സിഐടിയുവിന്റെ കീഴിലുള്ള ഹോഡ്‌ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ ഹൈഡല്‍ ടൂറിസം യൂനിറ്റിന്റെ നേതൃത്വത്തിലാണ് ജീവനക്കാര്‍ അവകാശ ദിനാചരണം സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായുള്ള പ്രകടനം യൂനിറ്റ് സിക്രട്ടറി പ്രദീപന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സജീവന്‍ അധ്യക്ഷത വഹിച്ചു. സന്തോഷ്‌കുമാര്‍, രാമചന്ദ്രന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക