|    Mar 26 Sun, 2017 4:33 pm
FLASH NEWS

വേതനവര്‍ധന ആവശ്യപ്പെട്ട് പോസ്റ്റുമോര്‍ട്ടം അറ്റന്‍ഡര്‍മാര്‍

Published : 4th August 2016 | Posted By: SMR

തൊടുപുഴ: പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ട ജോലിചെയ്യുന്ന അറ്റന്‍ഡര്‍മാരുടെ ജീവിതം ദുരിതത്തില്‍. ഒരു പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ അലവന്‍സായി കിട്ടുന്നത് വെറും 75 രൂപ മാത്രമാണ്. പോസ്റ്റുമോര്‍ട്ടം ടേബിളുകളില്‍ മണിക്കൂറുകള്‍ നീണ്ട ജോലിക്ക് സര്‍ക്കാര്‍ നല്‍കുന്ന അധികകൂലിയാണ് 75 രൂപ.
പോസ്റ്റുമോര്‍ട്ടം ടേബിളും മുറിയും ഉപകരണങ്ങളും കഴുകി വൃത്തിയാക്കലെല്ലാം അറ്റന്‍ഡര്‍മാരുടെ ജോലിയാണ്. നിരന്തരമായി പോസ്റ്റുമോര്‍ട്ടം ടേബിളുകളിലുള്ള ജോലി മാനസിക അസ്വാസ്ഥ്യമുണ്ടാക്കുന്നതായും അറ്റന്‍ഡര്‍മാര്‍ പറയുന്നു. സമാനമായ സാഹചര്യത്തില്‍ തന്നെയാണ് നഴ്‌സിങ് അസിസ്റ്റന്റുമാരുടെയും അവസ്ഥ. ഇവര്‍ക്കു ലഭിക്കുന്നത് 60 രൂപയാണ്. എന്നാല്‍, സമീപകാലത്തെ ശമ്പളപരിഷ്‌കരണത്തില്‍ ഡോക്ടര്‍മാരുടെ അലവന്‍സ് 250ല്‍ നിന്ന് 600 രൂപയാക്കി ഉയര്‍ത്തി.
അറ്റന്‍ഡര്‍മാരുടെയും നഴ്‌സുമാരുടെയും അലവന്‍സ് വര്‍ധിപ്പിച്ചില്ല. ഇതുതന്നെ ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ താമസിച്ചാണു ലഭിക്കുന്നതെന്ന് പോസ്റ്റുമോര്‍ട്ടം നടത്തുന്ന ഡോക്ടര്‍മാരും ജീവനക്കാരും പറയുന്നു. അതുകൊണ്ട് ആറുമാസത്തിലൊരിക്കല്‍ നടന്ന പോസ്റ്റുമോര്‍ട്ടങ്ങളുടെ ബില്ല് ഒരുമിച്ചാണു മാറുന്നത്. എന്നാലും കാര്യമായ തുക ലഭിക്കില്ല. മരിച്ചയാളുടെ കൃത്യമായ മേല്‍വിലാസം, പോലിസ് സ്‌റ്റേഷനിലെ ക്രൈംനമ്പര്‍, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ എന്നിവരുടെ വിവരം ഗവണ്‍മെന്റ് ആശുപത്രികളിലെ ക്ലാര്‍ക്കുമാര്‍ക്കു നല്‍കിയാല്‍ മാത്രമെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഇനത്തിലുള്ള പണം ലഭിക്കുകയുള്ളൂ. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെയും അറ്റന്‍ഡറുടെയും ബില്ല് തയ്യാറാക്കുന്ന ക്ലാര്‍ക്കിന് 25 രൂപ അലവന്‍സ് ലഭിക്കും. മരിച്ച വ്യക്തിയുടെ വിവരങ്ങള്‍ ശേഖരിച്ച് ക്ലാര്‍ക്കിനു നല്‍കലും അറ്റന്‍ഡറുടെ ചുമതലയാണ്.
വേതനം വര്‍ധിപ്പിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണെന്നും സര്‍ക്കാര്‍ ആശുപത്രികളിലെ അറ്റന്‍ഡര്‍മാര്‍ ആരോപിക്കുന്നു. സംസ്ഥാനത്തുടനീളം നഴ്‌സിങ് അസിസ്റ്റന്‍ഡും അറ്റന്‍ഡര്‍മാരും 9500 പേരെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. പുതിയ നിയമനങ്ങള്‍ 6000 രൂപ അടിസ്ഥാന ശമ്പളത്തില്‍ സ്വകാര്യ ഏജന്‍സി വഴി നടത്താന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഇത്തരത്തില്‍ അറ്റന്‍ഡര്‍ തസ്തികയിലുള്ള നിയമനം ആരംഭിച്ചു. ഇവര്‍ക്ക് അലവന്‍സ് ഉള്‍പ്പടെയുള്ള ഒരു ആനുകൂല്യവും ലഭിക്കില്ല. ഇത് സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക