|    Jul 28 Fri, 2017 4:42 am
FLASH NEWS
Home   >  Editpage  >  Lead Article  >  

വേണ്ടത് വിശാല ജനകീയ ഐക്യം

Published : 6th July 2017 | Posted By: fsq

ഇന്ത്യ നേരിടുന്ന ഫാഷിസ്റ്റ് ഭീകരതയ്‌ക്കെതിരായ സാംസ്‌കാരിക പ്രതിരോധത്തെ മുന്നില്‍ നിന്നു നയിക്കുന്ന എഴുത്തുകാരനും ചിന്തകനുമാണ് സച്ചിദാനന്ദന്‍. രാജ്യത്തുടനീളം ഫാഷിസത്തിനെതിരായി നടക്കുന്ന ചെറുത്തുനില്‍പുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന അദ്ദേഹം ഫാഷിസം ഉയര്‍ത്തുന്ന വെല്ലുവിളികളെയും അതിനെ പ്രതിരോധിക്കാന്‍ നടക്കുന്ന ശ്രമങ്ങളെയും കുറിച്ച് ലെഫ്റ്റ് ക്ലിക്ക് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ നിന്ന്: ഇപ്പോള്‍ ഹിന്ദുത്വവാദം ഉയര്‍ത്തുന്ന പുതിയ പ്രശ്‌നങ്ങളുടെ പരിസരത്ത് വളരെ വിശാലമായ ജനാധിപത്യ ഐക്യം ഉണ്ടാക്കാന്‍ കഴിയുക എങ്ങനെയെന്നതാണ് എന്റെ ഇപ്പോഴത്തെ പ്രധാന ഉത്കണ്ഠ. ലിബറലുകളും ഇടതുപക്ഷവും ഒക്കെത്തന്നെ ഒന്നിച്ചുവരേണ്ട രാഷ്ട്രീയ സന്ദര്‍ഭം നിലനില്‍ക്കുന്നുണ്ടെന്നു ഞാന്‍ ആവര്‍ത്തിച്ചു പറയാന്‍ ശ്രമിക്കാറുണ്ട്. പല ആളുകളുടെയും ശത്രുക്കള്‍ പലരായിരിക്കാം. പ്രാദേശിക കക്ഷികളെ സംബന്ധിച്ചിടത്തോളം പ്രധാന പ്രശ്‌നം ഫെഡറലിസം തകര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ്. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ ക്രമേണ കേന്ദ്രം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു. നമ്മുടെ ഫെഡറല്‍ തത്ത്വം തന്നെ തകര്‍ച്ചയെ നേരിടുന്നു. കൂടുതല്‍ കൂടുതലായി അധികാര കേന്ദ്രീകരണം നടക്കുന്നു. ഇതിനെതിരായ മുന്നേറ്റമാണ് പ്രാദേശിക കക്ഷികള്‍ മുന്നില്‍ കാണുന്നത്. ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ നിലനില്‍പുതന്നെ അപകടത്തിലാകുന്നു. മതന്യൂനപക്ഷങ്ങളായാലും വംശീയ ന്യൂനപക്ഷങ്ങളായാലും ലൈംഗിക ന്യൂനപക്ഷങ്ങളായാലും എല്ലാ തരത്തിലുള്ള ന്യൂനപക്ഷങ്ങളും വലിയ അതിജീവനപ്രശ്‌നം നേരിടുന്നുണ്ട്. പ്രാഥമിക ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ലിബറല്‍ കക്ഷികളെ സംബന്ധിച്ചിടത്തോളം മതേതരത്വം അപകടത്തിലാണ്. നമ്മുടെ ഭരണഘടന മുന്നോട്ടുവച്ചിട്ടുള്ള ചില അടിസ്ഥാന തത്ത്വങ്ങളുണ്ട്. പരമാധികാരം, സോഷ്യലിസ്റ്റ് ലക്ഷ്യം, മതേതരത്വം തുടങ്ങിയ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാന തത്ത്വങ്ങള്‍ വെല്ലുവിളിക്കപ്പെടുന്ന കാലമാണിത്. പല വിഭാഗങ്ങള്‍ക്കും ഉണ്ടാകാവുന്ന ഉത്കണ്ഠകള്‍ പലതാണെങ്കില്‍ പോലും അവയെയെല്ലാം ഒന്നിപ്പിക്കുന്ന കാര്യമാണ് നമ്മുടെ ജനാധിപത്യത്തിന്റെ അതിജീവനം, ഭരണഘടനയുടെ അതിജീവനം എന്നത്. അതുകൊണ്ട് വളരെ വിശാലമായ രീതിയിലുള്ള ഐക്യപ്പെടലിന്റെ ആവശ്യം ഇന്നുണ്ട്. മതന്യൂനപക്ഷങ്ങള്‍, ബുദ്ധിജീവികള്‍, സാംസ്‌കാരികമായ പല തരത്തിലുള്ള ഉത്കണ്ഠയുള്ള ആളുകള്‍, പല തരത്തിലുള്ള പാര്‍ട്ടികള്‍- ഇവയുടെയൊക്കെത്തന്നെ വലിയ തോതിലുള്ള ഐക്യത്തിന്റെ അനിവാര്യത ഏറ്റവുമധികം ബോധ്യപ്പെടുന്ന ദേശീയ രാഷ്ട്രീയ സന്ദര്‍ഭമാണ് ഇന്നുള്ളത്. എങ്ങനെയാണ് ഇവരെയെല്ലാം ഒന്നിപ്പിച്ചു നിര്‍ത്തുക, എങ്ങനെയാണ് കൂടുതല്‍ വിശാലമായ വേദികള്‍, പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടാക്കുക എന്ന ചോദ്യമാണ് നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാഥമികമായിട്ടുള്ളത്. ആ തരത്തിലുള്ള ശ്രമങ്ങള്‍ കൂടുതല്‍ കൂടുതലായി ഉണ്ടായാല്‍ മാത്രമേ ആസന്നമായ 2019ലെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയൂ. 2019ലെ തിരഞ്ഞെടുപ്പ് നമ്മുടെ അവസാനത്തെ തിരഞ്ഞെടുപ്പാവുമോ എന്നുപോലുമുള്ള ഉത്കണ്ഠ വല്ലാതെ പീഡിപ്പിക്കുന്ന കാലമാണിത്. പല തരത്തിലുള്ള വ്യത്യാസങ്ങള്‍ മാറ്റിവച്ചുകൊണ്ടുതന്നെ, അല്ലെങ്കില്‍ അവ നിലനിര്‍ത്തിക്കൊണ്ടുതന്നെ വിവിധ തരത്തിലുള്ള ആളുകള്‍ക്ക് ഒന്നിച്ചുനില്‍ക്കാന്‍ കഴിയേണ്ടതുണ്ട്. ദലിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, പൊതുവേ നമ്മുടെ ജനാധിപത്യത്തിലും അടിസ്ഥാന സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നവര്‍- ഇങ്ങനെ എല്ലാവരുടെയും ബൃഹത്തായ ഐക്യം രൂപപ്പെടുത്താതെ ഇന്നു ഹിന്ദുത്വവാദത്തിന്റെ വെല്ലുവിളിയെ നേരിടാന്‍ കഴിയില്ല. യഥാര്‍ഥ പ്രശ്‌നം ഇങ്ങനെയൊരു ഐക്യം സാധ്യമാവുക എന്നതാണ്. അതാണ് ഏറ്റവും വലിയ വെല്ലുവിളി. ഏറ്റവും വലിയ സാധ്യതയും അതാണ്. കീഴാള ഐക്യത്തിന്റെ സാധ്യതയെന്നു വളരെ ലളിതമായി അതിനെക്കുറിച്ചു പറയാന്‍ കഴിയും. പല തരത്തിലുള്ള പീഡനം അനുഭവിക്കുന്ന ആളുകള്‍, അതു സവര്‍ണാധിപത്യമാകാം, പുരുഷാധിപത്യമാകാം, ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഫാഷിസമാകാം. പല തരത്തിലുള്ള സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും ഒന്നിച്ചുവരേണ്ടതുണ്ട്. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനു വേണ്ടി, ഭരണഘടനയെ സംരക്ഷിക്കുന്നതിനു വേണ്ടി, നമ്മുടെ അടിസ്ഥാന മൂല്യങ്ങള്‍, സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി സംഘടനകളും സംഘടിപ്പിക്കപ്പെട്ടിട്ടില്ലാത്ത വിഭാഗങ്ങളുമെല്ലാം ഒന്നിച്ചുവരേണ്ടതുണ്ട്. അതാണ് നമ്മള്‍ നേരിടുന്ന വെല്ലുവിളി. വലിയ പ്രതിരോധത്തിന്റെ ഇടങ്ങള്‍ രാഷ്ട്രീയത്തിലും സംസ്‌കാരത്തിലും രൂപപ്പെടുന്നുണ്ട്. ശാസ്ത്രജ്ഞന്മാര്‍, ചരിത്രകാരന്മാര്‍, ബ്യൂറോക്രാറ്റുകള്‍, കലാകാരന്മാര്‍- ഇവരെല്ലാം പല തരത്തില്‍ സംഘടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ദക്ഷിണായനം പോലുള്ള സംഘടനകള്‍, ഇന്ത്യന്‍ റൈറ്റേഴ്‌സ് ഫോറം പോലുള്ള സംഘടനകള്‍- ഇങ്ങനെ പ്രതിരോധത്തിന്റെ ഇടങ്ങള്‍ പൊതുജീവിതത്തില്‍ ഉണ്ടായിവരുന്നുണ്ട്. അതേസമയം തന്നെ ഈ ഇടങ്ങളെയൊക്കെത്തന്നെ പിടിച്ചെടുക്കാന്‍ പല തരം മൗലികവാദികള്‍ ശ്രമം നടത്തുന്നുണ്ട്. എങ്ങനെയാണ് നമുക്ക് സാംസ്‌കാരികമായ പൊതുഇടങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുക, സാംസ്‌കാരികമായ പ്രതിരോധത്തിന്റെ ഇടങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുക, രാഷ്ട്രീയമായ പ്രതിരോധത്തിന്റെ ഇടങ്ങളെയും സാംസ്‌കാരികമായ പ്രതിരോധത്തിന്റെ ഇടങ്ങളെയും ഒന്നിച്ചുകൊണ്ടുവരാന്‍ കഴിയുക എന്ന അന്വേഷണം ഈ കാലത്ത് വളരെ പ്രധാനപ്പെട്ടതാണ്. സാംസ്‌കാരിക പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും തമ്മില്‍ വ്യത്യാസങ്ങള്‍ ഉള്ളപ്പോള്‍ തന്നെ എങ്ങനെയാണ് അവ രണ്ടിനെയും ഒന്നിച്ചുകൊണ്ടുവരാന്‍ പറ്റുക? ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍, ഗുജറാത്തില്‍ പോലും ചെറുത്തുനില്‍പിന്റെ ഇടങ്ങള്‍ രൂപപ്പെടുന്നുണ്ട്. അവ ദലിതരുടെയാകാം, ആദിവാസികളുടെയാകാം, ന്യൂനപക്ഷങ്ങളുടെയാകാം. അവയെയൊക്കെ ഹിന്ദുത്വവാദികള്‍, ഭരണകൂടം തന്നെ ഭയപ്പെടുന്നുണ്ട്. അതു നെഹ്‌റുവിയന്‍ ലിബറലുകളുടെ മുന്‍കൈയായാലും മേവാനിയൊക്കെ ശ്രമിക്കുന്നതുപോലെ ദലിതുകളും ഇടതുപക്ഷവും തമ്മില്‍ ഉണ്ടായിവരേണ്ട ഐക്യത്തിനു വേണ്ടിയുള്ള വേദികളായാലും ഇവയെയൊക്കെ ഹിന്ദുത്വശക്തികള്‍ ഭയപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ അവയെ കൂടുതല്‍ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. ദലിതര്‍, ആദിവാസികള്‍, കീഴാളര്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ തുടങ്ങിയവരുടെയൊക്കെ വിശാലമായ ഐക്യം രൂപപ്പെടണം. സെക്യുലറിസം പുനര്‍നിര്‍വചിക്കപ്പെടേണ്ടതുണ്ട്. കേവലമായ മതേതരത്വമെന്ന നിലയില്‍ മാത്രമല്ല കാണേണ്ടത്. മതത്തിനകത്തു തന്നെയുള്ള സ്വാതന്ത്ര്യത്തിന്റെ ഇടങ്ങള്‍, ചോദ്യം ചെയ്യലിന്റെ ഇടങ്ങള്‍- അങ്ങനെയൊരു പാരമ്പര്യം നമുക്കുണ്ട്. ബുദ്ധനും ശ്രീനാരായണഗുരുവുമെല്ലാം ഉള്‍പ്പെട്ട വലിയൊരു പ്രതിപക്ഷ പാരമ്പര്യം നമുക്കുണ്ട്. രാമകൃഷ്ണന്‍, വിവേകാനന്ദന്‍ ഒക്കെ അതില്‍ വരും. അത്തരം പാരമ്പര്യങ്ങളെ കൂടി ഉള്‍ക്കൊണ്ട് മാത്രമേ ഹിന്ദുത്വ തീവ്രവാദത്തെ നേരിടാന്‍ കഴിയൂ. സംവാദത്തിന്റെ ഒരു പുതിയ ഇടം തുറക്കാന്‍ കഴിയൂ. അവിടെയാണ് ബുദ്ധിജീവികള്‍ക്കും എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കുമൊക്കെ ഇന്നു വലിയ പ്രാധാന്യമുള്ളത്. അവരുടെ പ്രവര്‍ത്തനം സജീവമാക്കേണ്ടത് അത്തരത്തിലുള്ള ഇടങ്ങളിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക