|    Dec 18 Tue, 2018 4:08 pm
FLASH NEWS
Home   >  Editpage  >  Editorial  >  

വേണ്ടത് വികസന നയങ്ങളില്‍ മാറ്റങ്ങള്‍

Published : 1st September 2018 | Posted By: kasim kzm

പ്രളയക്കെടുതിയെ അതിജീവിക്കാന്‍ കേരളത്തിനു വലിയ തോതില്‍ ആളും അര്‍ഥവും വേണമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അതിവിപുലമായ ജനപങ്കാളിത്തത്തോടെ ഗവണ്‍മെന്റ് പണം സമാഹരിക്കുന്നുണ്ട്. എന്നാല്‍, അതിനേക്കാള്‍ പ്രധാനമാണ് ധൂര്‍ത്തും ദുര്‍വ്യയവും ഒഴിവാക്കുകയെന്നത്. ഭരണരംഗത്തുള്ള ദുര്‍വ്യയങ്ങള്‍ക്കാണ് ആദ്യമായി അറുതിവരുത്തേണ്ടത്; അതിനു ഗവണ്‍മെന്റിന് എത്രത്തോളം സാധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും പുനര്‍നിര്‍മാണം. അതേപോലെത്തന്നെ പ്രതിപക്ഷത്തു നിന്നുള്ള വിമര്‍ശനങ്ങള്‍ ഗൗരവത്തിലെടുക്കുകയും വേണം. താന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്നു ശഠിക്കുകയും ജനപ്രതിനിധികളോട് കണ്ണുരുട്ടുകയും ചെയ്ത് ഉറപ്പുവരുത്താവുന്നതല്ല പുനര്‍നിര്‍മാണവും അതിലെ ജനപങ്കാളിത്തവും.
ഇടതു മുന്നണി ഈയിടെ നടത്തിയ അധികാരത്തിന്റെ വീതംവയ്പില്‍ സിപിഎമ്മിന് ഒരു മന്ത്രിയെയും സിപിഐക്ക് ഒരു ചീഫ്‌വിപ്പിനെയും കിട്ടി. രണ്ടും പൊതുഖജനാവിനു വന്‍ ബാധ്യതയുണ്ടാക്കുന്ന സംഗതികളാണ്. ഈ രണ്ടു പദവികളും കൂടിയാവുമ്പോള്‍ കാബിനറ്റ് റാങ്കില്‍ 21 പേരുണ്ടാവും. കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റിനു നേരെയുള്ള ഇടതു വിമര്‍ശനം വലിയൊരളവോളം ഈ ദുര്‍വ്യയത്തെച്ചൊല്ലിയായിരുന്നു. മുസ്‌ലിംലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനവും പി സി ജോര്‍ജിന്റെ ചീഫ്‌വിപ്പ് പദവിയും ഏറെ വിമര്‍ശിക്കപ്പെട്ടു. ഇന്നത്തെപ്പോലെയുള്ള വിഷമസ്ഥിതിയിലായിരുന്നില്ല സംസ്ഥാനം അന്ന്. എന്നിട്ടു പോലും അതിനിശിതമായി വിമര്‍ശിച്ചവര്‍ ഇപ്പോള്‍ എന്തിനാണ് മന്ത്രിയെയും ചീഫ്‌വിപ്പിനെയും കുടിയിരുത്തുന്നത്? പ്രളയജലത്തിന്റെ കുത്തൊഴുക്കിനിടയിലായിരുന്നു ജയരാജന്‍ മന്ത്രിയായത്. പ്രളയാനന്തര പുനര്‍നിര്‍മാണത്തിനിടയില്‍ സിപിഐയുടെ ചീഫ്‌വിപ്പ് കൂടി വന്നാല്‍ ‘അടിയന്തിരം വൃത്തി’യായി.
തങ്ങള്‍ പറഞ്ഞുനടക്കുന്ന ആദര്‍ശം ആത്മാര്‍ഥമാണെങ്കില്‍ സിപിഐ ചെയ്യേണ്ടത് ചീഫ്‌വിപ്പ് പദവിക്കാര്യം നീട്ടിക്കൊണ്ടുപോകാതെ നിരാകരിക്കുകയാണ്. സിപിഎം 20ാം മന്ത്രിയെ പിന്‍വലിക്കുകയും വേണം. ഭരണപരിഷ്‌കാര കമ്മീഷന്‍, യുവജന കമ്മീഷന്‍, മുന്നാക്ക സമുദായ കമ്മീഷന്‍ തുടങ്ങിയ നിരവധി വെള്ളാനകള്‍ ഭരണരംഗത്തുണ്ട്. നാട്ടുകാര്‍ ഒരു മാസത്തെ ശമ്പളം വേണ്ടെന്നുവയ്ക്കുകയും മുണ്ടു മുറുക്കിയുടുക്കുകയുമൊക്കെ ചെയ്തുകൊണ്ടു മാത്രം സാധിക്കേണ്ടതല്ല സാമ്പത്തിക അച്ചടക്കം. മുകളില്‍ നിന്നാണത് തുടങ്ങേണ്ടത്.
ശാഠ്യങ്ങളും മുന്‍വിധികളുമല്ല, വികസന പ്രവര്‍ത്തനങ്ങള്‍ മേലില്‍ എങ്ങനെയായിരിക്കണം എന്നതിനെപ്പറ്റിയുള്ള ശരിയായ ആലോചനകളാണ് ഇനി വേണ്ടത്. ഗാഡ്ഗില്‍ റിപോര്‍ട്ട്, വനനശീകരണം, മല തുരക്കല്‍, തണ്ണീര്‍ത്തടം നികത്തല്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം ഗൗരവത്തോടുകൂടി ആളുകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രളയം നിമിത്തമായി. അണക്കെട്ടുകള്‍ വികസനത്തിന്റെ ആണിക്കല്ലുകളാണോ അതോ നാശത്തിന്റെ വിത്തുകളോ എന്ന ചോദ്യവും ഉയര്‍ന്നുവന്നു. ഈ പശ്ചാത്തലത്തില്‍ അതിരപ്പിള്ളിയെപ്പറ്റിയും മുല്ലപ്പെരിയാറിനെപ്പറ്റിയുമൊക്കെയുള്ള നിലപാടുകള്‍ ഇടതു മുന്നണിയും കോണ്‍ഗ്രസ് മുന്നണിയും ഒരേപോലെ പുനഃപരിശോധിക്കണം.
സിപിഎമ്മിന്റെ വികസന നയത്തിനു നവമുതലാളിത്തത്തിന്റെ വികസന നയങ്ങളില്‍ നിന്നു പ്രയോഗത്തില്‍ ഒരു വ്യത്യാസവുമില്ല. പ്രളയം സംസ്ഥാനത്തെ മുച്ചൂടും തകര്‍ത്ത അവസ്ഥയില്‍ ഈ നയങ്ങള്‍ മാറുക തന്നെ വേണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss