|    Dec 11 Tue, 2018 3:23 am
FLASH NEWS
Home   >  Editpage  >  Lead Article  >  

വേണ്ടത് കൂട്ടായ പ്രവര്‍ത്തനം

Published : 17th November 2018 | Posted By: kasim kzm

പ്രഫ. കെ അരവിന്ദാക്ഷന്‍

മറ്റു നിരവധി ധനശാസ്ത്രജ്ഞരെയും പോലെ നോര്‍ഡൗസും വിശ്വസിക്കുന്നത്, കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ പരമാവധി കുറയ്ക്കാന്‍ ജീവാവശിഷ്ടങ്ങള്‍ വഴി നിര്‍മിക്കുന്ന ഇന്ധനങ്ങള്‍ ഉളവാക്കുന്ന മലിനീകരണം ഒഴിവാക്കുകയാണ് വേണ്ടത് എന്നാണ്. എന്നാല്‍, ഇതിന് അനിവാര്യമായിട്ടുള്ളത് സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലാണ്. ഇതിലേക്കായി പെട്രോളിന്റെയും ഡീസലിന്റെയും മേല്‍ കൂടുതല്‍ നികുതി ചുമത്തേണ്ടിവരും. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിലൂടെ അന്തരീക്ഷ മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രണവിധേയമാക്കാന്‍ കഴിയും.
നിലവിലുള്ള ആഗോള സാഹചര്യങ്ങളില്‍ ഇതൊന്നും കാണാന്‍ കഴിയുന്നില്ല. നവീകരിക്കപ്പെട്ട ഊര്‍ജസ്രോതസ്സുകളുടെ വിനിയോഗമാണ് ബദല്‍ മാര്‍ഗമായി നോര്‍ഡൗസ് നിര്‍ദേശിക്കുന്നത്. നമുക്കെല്ലാം അറിയാവുന്നതുപോലെ കാര്‍ബണ്‍ നികുതികള്‍ എന്നത് കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള ഒരു ഉപാധിയെന്ന നിര്‍ദേശം നാളിതുവരെയായി സാര്‍വദേശീയതലത്തില്‍ നടക്കുന്ന അക്കാദമിക ചര്‍ച്ചാവേദികളിലൊന്നും ഗൗരവമായി പരിഗണിക്കപ്പെടുകയുമുണ്ടായിട്ടില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പൊതുവിലും കേരള സംസ്ഥാനത്തെ സംബന്ധിച്ചാണെങ്കില്‍ സവിശേഷമായും കാലാവസ്ഥാ വ്യതിയാനം വന്‍തോതിലുള്ള ദുരന്തങ്ങളാണ് നേരിടേണ്ടിവന്നിട്ടുള്ളത്. നടപ്പു വര്‍ഷത്തിലേത് 1924നു ശേഷം കേരള സംസ്ഥാനം അഭിമുഖീകരിക്കേണ്ടിവന്നിരിക്കുന്ന ഏറ്റവും ഗുരുതരമായൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നു വ്യക്തമാണ്.
അതേയവസരത്തില്‍ തന്നെ ഇന്ത്യയാണ് ആഗോളതലത്തില്‍ പരിശോധിച്ചാല്‍ ഏറ്റവും ഉയര്‍ന്ന കാര്‍ബണ്‍ നികുതി നിലവിലുള്ള രാജ്യങ്ങളില്‍ ഒന്നെന്നുകൂടി കാണാന്‍ കഴിയുന്നു. ഈ വസ്തുത ആവര്‍ത്തിച്ചു ചൂണ്ടിക്കാണിച്ചിട്ടുള്ളത് മോദി സര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ ഡോ. അരവിന്ദ് സുബ്രഹ്മണ്യനാണ്. ആളോഹരി വരുമാനവും നികുതിബാധ്യതയും തമ്മില്‍ തുലനം ചെയ്താല്‍ ഇക്കാര്യം ബോധ്യമാവും.
എന്നാല്‍, ഇതുകൊണ്ടു മാത്രം കാര്യമില്ലെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെടുന്നത്. ലോക രാജ്യങ്ങള്‍ നടത്തേണ്ടതായ കൂട്ടായ യത്‌നം നമ്മുടെ ജൈവാവകാശ മേഖലയാകെത്തന്നെ കാര്‍ബണ്‍ മുക്തമാക്കുക എന്നതാണെന്ന് നോര്‍ഡൗസ് വിശ്വസിക്കുന്നു. ഇതില്‍ കാലവിളംബം വരുത്തുന്നത് വലിയ വിപത്തായിരിക്കും സൃഷ്ടിക്കുക. കാലാവസ്ഥാ വ്യതിയാനം വഴി ഉണ്ടാകാനിടയുള്ള വിപത്തുകള്‍ തന്‍മൂലം കൂടുതല്‍ ഗുരുതരമായി പരിണമിക്കുകയും ചെയ്യും.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പാരിസ് ഉടമ്പടിയെ നോര്‍ഡൗസ് വിശേഷിപ്പിക്കുന്നത് ഇതൊരു പ്രഹസനം മാത്രമാണെന്നാണ്. ആഗോളതാപനം 2 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാക്കാന്‍ കഴിയുമെന്നത് അപ്രായോഗികമാണ് എന്നതുതന്നെ കാരണം. മറ്റൊരു സാഹചര്യം കൂടി ഇപ്പോള്‍ ആഗോളതലത്തില്‍ നിലവിലുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിഷേധാത്മക നിലപാടു തന്നെ. അദ്ദേഹം പാരിസ് ഉടമ്പടിയിലെ വ്യവസ്ഥകളൊന്നും നടപ്പാക്കാന്‍ സന്നദ്ധമല്ലെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.
പോള്‍ റോമറാണെങ്കില്‍, നയപരമായ മേഖലയില്‍ അതിശക്തമായ നിലപാടുകളുള്ളൊരു ധനശാസ്ത്രജ്ഞനാണ്. ലോക വികസനവുമായി ബന്ധപ്പെട്ട ചിന്താതലത്തില്‍ ഒരു കാലഘട്ടം മുഴുവന്‍ ആധിപത്യം പുലര്‍ത്തിയിരുന്നത് 1987ല്‍ നൊബേല്‍ സമ്മാനിതനായ റോബര്‍ട്ട് സോളോവിന്റെ വികസന മോഡല്‍ മാത്രമായിരുന്നില്ല. മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് തത്ത്വശാസ്ത്ര ചിന്തയും വലിയ തോതിലുള്ള സ്വാധീനം ചെലുത്തിവന്നിരുന്നു. ഇവരെല്ലാം ആസൂത്രണ നയരൂപീകരണത്തിന്റെ കേന്ദ്രബിന്ദുവായി കരുതിയിരുന്നത് വികസനത്തിനുള്ള അനിവാര്യ ഘടകങ്ങള്‍ മനുഷ്യാധ്വാനവും മൂലധന സമാഹരണവുമായിരുന്നു.
ഇപ്പോള്‍ ഇതില്‍ മാറ്റം വന്നിരിക്കുന്നു. റോമറിന്റെ സ്വാധീനത്തെ തുടര്‍ന്നാണ് ഈ മാറ്റം ഉണ്ടായിരിക്കുന്നത്. റോമര്‍ തന്റെ വികസന മാതൃകയില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത് നവീന സാങ്കേതികവിദ്യകളിലും പരിശീലനം സിദ്ധിച്ച മനുഷ്യാധ്വാനശക്തിയിലുമാണ്. സ്ഥായിയായ വികസനം യാഥാര്‍ഥ്യമാക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്ന ഉറച്ച നിലപാടിലാണ് പോള്‍ റോമര്‍. എന്നാല്‍, ഇന്ത്യയുടെ വികസന കാര്യമെടുത്താല്‍ സ്ഥിതി വ്യത്യസ്തമാണ്.
ഇന്ത്യന്‍ ഭരണകൂടങ്ങള്‍ അമിതമായ പ്രാധാന്യം നല്‍കിക്കാണുന്നത് ചെലവു കുറഞ്ഞ മൂലധനത്തിലും ആന്തരഘടനാ വികസനത്തിലുമാണ്. അധ്വാനശക്തിയുടെ സാങ്കേതിക പരിശീലനത്തില്‍ പൊതുവേ നിസ്സംഗതാ മനോഭാവമാണ് പുലര്‍ത്തിവരുന്നതെന്നു കാണുന്നു. ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ ഉല്‍പാദനക്ഷമതയും ഗുണമേന്‍മയും മെച്ചപ്പെടാതിരിക്കുന്നതിനുള്ള കാരണവും മറ്റൊന്നല്ല.
ഇത്തരമൊരു പശ്ചാത്തലത്തിലാണ് റോമര്‍ ഒരു റോള്‍മോഡലായി മാറുന്നത്. ആധുനിക ധനശാസ്ത്ര ചിന്താലോകത്ത് ഒരു വിപ്ലവകാരിയെന്ന വിശേഷണത്തിനു തന്നെ അദ്ദേഹം അര്‍ഹനായിത്തീരുന്നതും ഇക്കാരണത്താലാണ്. വികസനത്തിന്റെ നേട്ടങ്ങള്‍ വിലയിരുത്തുന്നതിനായി വിനിയോഗിക്കപ്പെടുന്ന സ്ഥിതിവിവരക്കണക്കുകളുടെ വിശ്വാസ്യതയെ അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്. സ്വാഭാവികമായും ഇത്തരം സ്ഥിതിവിവര കണക്കുകളുടെ സഹായത്തോടെ എത്തിച്ചേരുന്ന നിഗമനങ്ങളും വസ്തുതാപരമോ ശാസ്ത്രീയമോ ആയിരിക്കില്ലല്ലോ.
ഇന്ത്യയുടെ വികസനവുമായി ബന്ധപ്പെട്ട് സമീപകാലത്ത് ലോകബാങ്ക് നടത്തിയ പഠന റിപോര്‍ട്ടിലെ കണ്ടെത്തല്‍ യുക്തിസഹമല്ലെന്ന വിമര്‍ശനം ഉയര്‍ത്തിയ റോമറിന്റെ നിലപാട് വന്‍ വിവാദമുയര്‍ത്തിയിരുന്ന കാര്യം നാം ഓര്‍ക്കുന്നത് നന്നായിരിക്കും. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷമുള്ള കാലയളവില്‍ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇന്‍ഡെക്‌സ്’ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഈ സൂചിക അളവുകോലാക്കിയാല്‍ ഇന്ത്യയുടെ റാങ്ക് 30 പോയിന്റുകള്‍ ഉയര്‍ന്നിട്ടുണ്ടെന്നുമായിരുന്നു ലോകബാങ്ക് റിപോര്‍ട്ട് ചെയ്തിരുന്നത്. ഈ കണ്ടെത്തലാണ് പോള്‍ റോമര്‍ പരസ്യമായി ചോദ്യം ചെയ്തതെന്നത് ശ്രദ്ധേയമാണ്. അദ്ദേഹം ലോകബാങ്കിന്റെ തന്നെ ചീഫ് ഇകണോമിസ്റ്റും സീനിയര്‍ വൈസ് പ്രസിഡന്റുമായി സേവനം അനുഷ്ഠിച്ചിരുന്നൊരു ധനശാസ്ത്രജ്ഞനായിരുന്നു എന്നതുതന്നെ കാരണം.
2018ലെ ധനശാസ്ത്ര വിജ്ഞാനശാഖയിലെ നൊബേല്‍ സമ്മാനം പങ്കിട്ട വില്യം ഡി നോര്‍ഡൗസിന്റെയും പോള്‍ റോമറുടെയും അക്കാദമിക പശ്ചാത്തലവും പദവികളും നേട്ടങ്ങളും കൂടി പരിഗണിച്ചതിനു ശേഷം അവസാനിപ്പിക്കാമെന്നു കരുതുന്നു. യേല്‍ സര്‍വകലാശാലാ അധ്യാപകനായ നോര്‍ഡൗസ് ഇതിനകം തന്നെ ശ്രദ്ധേയനായിരിക്കുന്നത് കാലാവസ്ഥാ സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട സംഭാവനകളിലൂടെയാണ്. ഇതിലേറെയും ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ചുള്ളതാണ്.
സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം ഏര്‍പ്പെടുത്തിയ ആദ്യഘട്ടത്തില്‍ ഇതിനുള്ള അര്‍ഹത നേടിയവരില്‍ പ്രമുഖനായ പോള്‍ എ സാമുവല്‍സണിനൊപ്പം നോര്‍ഡൗസ് എഴുതിയ ഇകണോമിക്‌സ് എന്ന ഗ്രന്ഥം 17 ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. നോര്‍ഡൗസിന്റെ കൃതികളില്‍ ശ്രദ്ധേയമായത് കാലാവസ്ഥാ വ്യതിയാനത്തിന്റെ സാമ്പത്തിക ശാസ്ത്രം (1994), ആഗോളതാപനത്തിലെ സാമ്പത്തിക മാതൃകകള്‍ (2000) എന്നിവയാണ്. ഈ രചനകളുടെ പേരില്‍ ആഗോളതലത്തില്‍ പ്രവര്‍ത്തനം നടത്തിവരുന്ന പരിസ്ഥിതി സംഘടനകളില്‍ നിന്ന് ഇദ്ദേഹത്തിനു പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ലോകരാജ്യങ്ങളുടെ ദേശീയ വരുമാനം കണക്കാക്കുന്നതിലെ പ്രശ്‌നങ്ങള്‍ ആസ്പദമാക്കിയുള്ള പഠനങ്ങളാണ് അദ്ദേഹത്തിന്റെ മറ്റൊരു സുപ്രധാന നേട്ടം. അമേരിക്കയിലെ ന്യൂമെക്‌സിക്കോയില്‍ 1941ല്‍ ജനിച്ച നോര്‍ഡൗസ് യേല്‍ സര്‍വകലാശാലയില്‍ നിന്നുതന്നെയാണ് ബിരുദ-ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയത്. ഗവേഷണ ബിരുദം നേടിയത് മാസച്ചുസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എംഐടി)യില്‍ നിന്നാണ്.
പോള്‍ റോമറും പരിസ്ഥിതിസൗഹൃദ വികസന മാതൃകകള്‍ക്ക് പിന്തുണ നല്‍കിയ ഗവേഷകനാണ്. ലോകബാങ്കിന്റെ ചീഫ് ഇകണോമിസ്റ്റ് ആയിരിക്കെത്തന്നെ അദ്ദേഹത്തിന്റെ താത്ത്വിക നിലപാടുകള്‍ വികസ്വര രാജ്യങ്ങളുടെ നവകോളനിവല്‍ക്കരണ നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് അനുകൂലമായിരുന്നു. ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളുടെ സ്ഥായിയായ വികസനത്തിന് പരിസ്ഥിതി സംരക്ഷണം അനിവാര്യ ഘടകമാണെന്ന വിശ്വാസവും അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നു. 1955ല്‍ അമേരിക്കയിലെ കൊളറാഡോയില്‍ ജനിച്ച റോമര്‍ ഷിക്കാഗോ സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. ി

(അവസാനിച്ചു.)

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss