|    Dec 18 Tue, 2018 1:00 am
FLASH NEWS
Home   >  Editpage  >  Lead Article  >  

വേണ്ടത് കീഴാള ജനാധിപത്യം

Published : 2nd December 2018 | Posted By: kasim kzm

ബി രാജീവന്‍

കേരളത്തില്‍ ഏതാണ്ട് ഒരു നൂറ്റാണ്ടിനു ശേഷം ഉണ്ടായ പെരും വെള്ളപ്പൊക്കം മലയാളികളെ ആകെ പിടിച്ചുലച്ച സംഭവമാണ്. എന്നാല്‍, ഈ വെള്ളപ്പൊക്കം എത്രമാത്രം ഭയാനകവും വിനാശകരവും ആയിരുന്നെങ്കിലും അതിനെ നേരിടുന്നതില്‍ മലയാളി സമൂഹം കാട്ടിയ ത്യാഗബുദ്ധിയും ധീരതയും ഐക്യവും ആരെയും വിസ്മയിപ്പിക്കാന്‍ പോന്നവിധം മാനുഷിക ഗുണങ്ങളുള്ള ഔന്നത്യത്തെ ഉദാഹരിക്കുന്നവയായിരുന്നു.
പ്രത്യേകിച്ചും നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തെ മുഴുവന്‍ പുച്ഛിക്കുന്നവരെന്നും സാമൂഹിക ബോധമില്ലാത്തവരെന്നും ശകാരിക്കപ്പെട്ടുകൊണ്ടിരുന്ന യുവജനങ്ങള്‍ ആണ്‍-പെണ്‍ഭേദമില്ലാതെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനിടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍. ഇതിനൊക്കെയപ്പുറം ഔദ്യോഗിക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കവച്ചുവച്ചുകൊണ്ട് രംഗത്തുവന്ന മല്‍സ്യത്തൊഴിലാളികള്‍ അടക്കമുള്ള കീഴാള ബഹുജനതയുടെ ഇടപെടലുകളും ലോകശ്രദ്ധ പിടിച്ചെടുക്കാന്‍ പോന്നവിധം ധീരവും സ്‌നേഹനിര്‍ഭരവുമായിരുന്നു.
എന്നാല്‍, പ്രകാശവും പ്രതീക്ഷയും നിറഞ്ഞ ഈ അന്തരീക്ഷത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ കൊണ്ട് ഉരുണ്ടുകൂടാന്‍ തുടങ്ങിയിരിക്കുന്ന ഇരുട്ട് നമ്മെ ആശങ്കയില്‍ ആഴ്ത്താന്‍ തുടങ്ങിയിരിക്കുന്നു. ശബരിമല ക്ഷേത്രത്തിലെ യുവതീപ്രവേശനത്തെ സംബന്ധിക്കുന്ന കോടതിവിധിയുമായി ബന്ധപ്പെട്ട് നമ്മുടെ രാഷ്ട്രീയ-സാംസ്‌കാരിക ജീവിതത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പുതിയ സംഭവങ്ങളെക്കുറിച്ചാണ് ഞാന്‍ സൂചിപ്പിക്കുന്നത്. പ്രളയക്കെടുതിക്കു സമാനമായ ഒരു ഭീഷണിയായി തന്നെയാണ് കേരളീയ സമൂഹം ഇന്ന് ഇതിനെ അഭിമുഖീകരിക്കുന്നത്.
ചുരുക്കത്തില്‍, നാം ഇന്നു നേരിടുന്നത് ഒരു വശത്ത് ആരെയും വിസ്മയിപ്പിക്കും വിധം കേരളത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന മാനവികതയുടെ ഒരു പുതിയ മുഖത്തെയും മറുവശത്ത് സ്ത്രീകളെ തെരുവിലിറക്കി സ്ത്രീവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിപ്പിക്കുന്ന സംഘപരിവാര രാഷ്ട്രീയത്തെയുമാണ്.
ഗാന്ധിവധത്തെ തുടര്‍ന്ന് ഇന്ത്യന്‍ ജനത പുറംതള്ളിയ സംഘപരിവാര രാഷ്ട്രീയം മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളെയെല്ലാം പിന്നിലാക്കി ഇന്ന് എങ്ങനെ ഇന്ത്യ ഭരിക്കുന്ന ഒരു രാഷ്ട്രീയശക്തിയായി വളര്‍ന്നു? എന്താണ് ഈ വിജയത്തിലേക്ക് അവരെ നയിച്ച രാഷ്ട്രീയ രസതന്ത്ര രഹസ്യം? ഇതിനെ നിര്‍വീര്യമാക്കുന്നതിനുള്ള ബദല്‍ രാഷ്ട്രീയ രസതന്ത്രവിദ്യ എന്താണ്?
ആധുനിക യാഥാസ്ഥിതികത്വത്തെ ആധുനിക പുരോഗമനവാദം കൊണ്ട് വിമര്‍ശിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന, അതുകൊണ്ടുതന്നെ നിലനില്‍ക്കുന്ന വ്യവസ്ഥയെ സേവിക്കുന്ന ലിബറല്‍ ഇടതുപക്ഷ മാധ്യമ-സാമൂഹികമാധ്യമ രീതിശാസ്ത്രത്തെ പൂര്‍ണമായും മുറിച്ചുകടക്കുകയും ഒഴിവാക്കുകയും ചെയ്യുന്നു.
മനുഷ്യജീവിത പുരോഗതിക്ക് ഒഴിവാക്കാനാവാത്തതെന്നു കരുതപ്പെട്ടുപോന്ന മുതലാളിത്ത വികസനവാദം എങ്ങനെ കാടും പുഴകളും മലകളും ഇല്ലാതാക്കി ജീവജാലങ്ങളുടെയും മനുഷ്യരുടെയും ആവാസവ്യവസ്ഥയെ തകര്‍ത്തുകളഞ്ഞുവോ അതിനു സമാനം തന്നെയാണ് ആധുനിക മുതലാളിത്ത പുരോഗമനവാദം മനുഷ്യജീവിതലോകത്തിന്റെ ആന്തരിക പരിസ്ഥിതിയെയും നശിപ്പിക്കുന്നത്. പഴയ വികസനവാദത്തെയും പഴയ പുരോഗമനവാദത്തെയും ഈ പ്രളയാനന്തരകാലത്ത് നാം ഒഴിവാക്കി നിര്‍ത്തുക തന്നെ വേണം. നമ്മുടെ നാട്ടിലെ ശാസ്ത്രവാദവും യുക്തിവാദവും സാഹിത്യ പുരോഗമനവാദവുമെല്ലാം ഈ പഴയ പുരോഗമനവാദത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
ഇന്നു നമ്മുടെ നാട്ടില്‍ നടക്കുന്ന ഏതാണ്ടെല്ലാ സംഘപരിവാര വിമര്‍ശനങ്ങളും ‘ആധുനിക യാഥാസ്ഥിതിക’ മതരാഷ്ട്രീയത്തെ അതിനെതിരായ ആധുനിക രേഖീയ പുരോഗമന ചരിത്രവാദങ്ങള്‍ നിരത്തി ആഘോഷപൂര്‍വം ആക്രമിക്കുന്നവയാണ്. അതിനാല്‍, കാലഹരണപ്പെട്ട രണ്ടു വിരുദ്ധ രീതിശാസ്ത്രങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്നതിന്റെ ഒരു നിഴല്‍നാടകം മാത്രമായി അവ അവസാനിക്കുന്നു. നിശ്ചയമായും വിമര്‍ശകര്‍ക്കും അതു കേട്ടു രസിച്ച് സ്വയം പ്രബുദ്ധരായിത്തീരുന്നു എന്നു ഭ്രമിക്കുന്നവര്‍ക്കും ഈ നാടകം ആത്മസംതൃപ്തിയും രാഷ്ട്രീയ കൃതകൃത്യതാബോധവും പ്രദാനം ചെയ്യുന്നുണ്ടാവാം. പക്ഷേ, മുന്നേറുന്ന സംഘപരിവാര രാഷ്ട്രീയത്തിന് അതൊരു ദോഷവും ചെയ്യുന്നില്ല.
അതിനാല്‍, മാര്‍ക്‌സും ഗാന്ധിയും അംബേദ്കറും വൈകുണ്ഠ സ്വാമികളും ശ്രീനാരായണ ഗുരുവും ഒക്കെ സഞ്ചരിക്കുന്ന ബദല്‍ ആധുനികതയുടെ ന്യൂനപക്ഷാത്മക കീഴാളപാതയുടെ വിപുലീകരണത്തിനും വിശദീകരണത്തിനും വേണ്ടി നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ കൃതി. സംഘപരിവാരത്തിന്റെ രാഷ്ട്രീയ യുക്തികള്‍ സ്വയം നിര്‍വീര്യമായി അകന്നുപോകുന്ന ഒരു ജീവിതമണ്ഡലമാണ് ഈ ബദല്‍ ആധുനികത ആവിഷ്‌കരിക്കുന്നത്.
ചുരുക്കത്തില്‍, ഈ കൃതി ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയം സംഘപരിവാര രാഷ്ട്രീയത്തെ അകറ്റിനിര്‍ത്തുക മാത്രമല്ല, അകലത്തില്‍ പോലും അസാധ്യമാക്കുന്ന ബദല്‍ ആധുനികതയുടെ ജനാധിപത്യത്തിന്റേതാണ്. ഈ ബദല്‍ ആധുനിക ജനാധിപത്യത്തെയാണ് കീഴാള ജനാധിപത്യം എന്ന് നാമകരണം ചെയ്തിരിക്കുന്നത്. ഈ ജനാധിപത്യ സങ്കല്‍പം ഭരിക്കപ്പെടുന്ന എല്ലാ കീഴാള ജനസഞ്ചയത്തിന്റെയും സ്വച്ഛന്ദമായ സ്വാധികാരത്തിന്റെ ഉണ്‍മയെ, രാഷ്ട്രീയ ഇച്ഛാശക്തിയെ ആധാരമാക്കിയുള്ളതാണ്.
ഈ കീഴാള ജനാധിപത്യ ശക്തിയെ ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ തുറന്നുവിടുക മാത്രമേ വേണ്ടൂ ഭരണവര്‍ഗ രാഷ്ട്രീയത്തിന്റെ ഏതു രൂപവും നമ്മെ വിട്ടൊഴിയാന്‍. അതിനാല്‍ ഭരണഘടനാവാദം, ലിബറല്‍ പുരോഗമനവാദം തുടങ്ങി ഇന്നു ‘യഥാസ്ഥിതി’ (സ്റ്റാറ്റസ്‌കോ)ക്കു വേണ്ടി നിലകൊള്ളുന്ന എല്ലാ രാഷ്ട്രീയ സമീപനങ്ങളെയും കീഴാള ജനാധിപത്യത്തിന്റെ കാഴ്ചപ്പാടില്‍ വിലയിരുത്താനും വിമര്‍ശിക്കാനുമാണ് ശ്രമിക്കുന്നത്.
സംഘപരിവാരത്തിനെതിരായ യഥാര്‍ഥ സമരത്തിന്റെ ഭാഗമായ ഈ ആശയം ഇനിയും നമുക്ക് മുന്നോട്ടുകൊണ്ടുപോകേണ്ടിയിരിക്കുന്നു. എന്നാല്‍, ഈ മുന്നോട്ടുപോക്ക് വളരെ ശ്രമകരമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. കാരണം, ഇന്ത്യയില്‍ ഒന്നുമല്ലാതിരുന്ന, ഇന്ത്യന്‍ ജനത പുറംതള്ളിയ സംഘപരിവാരത്തെ രാജ്യം ഭരിക്കുന്ന ശക്തിയാക്കി മാറ്റിയതില്‍, സാധാരണക്കാരായ ബഹുഭൂരിപക്ഷം വരുന്ന മതവിശ്വാസികളെ അവരുടെ ഭാഗത്തേക്കു തള്ളിയിടുന്നതില്‍ തങ്ങള്‍ വഹിച്ച പങ്ക് എന്തെന്നുകൂടി തിരിച്ചറിയാന്‍ പോലും കഴിയാതെ ഇപ്പോഴും ലിബറല്‍ മുതലാളിത്ത പുരോഗമനവാദികളും യുക്തിവാദികളും ശാസ്ത്രവാദികളം ഭരണഘടനാവാദികളും വര്‍ധിതാവേശത്തോടെ മുന്നോട്ടുപോവുകയാണ്.
അവരുടെ ഉച്ചത്തിലുള്ള പുരോഗമന യുക്തിവാദം കൊണ്ട് സംഘപരിവാരത്തില്‍ നിന്നു വിശ്വാസികള്‍ പിന്തിരിയുമെന്നാണ് അവര്‍ കരുതുന്നത്. കഴിഞ്ഞ 70 കൊല്ലക്കാലത്തെ സ്വന്തം പരാജയത്തില്‍ നിന്ന് അവര്‍ പാഠം പഠിക്കുന്നില്ല. സംഘപരിവാരം വലയെറിഞ്ഞ് അനായാസം പിടികൂടുന്ന വിശ്വാസിസമൂഹത്തെ യുക്തിവാദികളാക്കിക്കൊണ്ടല്ല, മറിച്ച്, ഭരണവര്‍ഗം തട്ടിയെടുത്ത വിശ്വാസികളെ കീഴാള ജനാധിപത്യത്തിന്റെ ധാര്‍മികതയുടെ പക്ഷത്തേക്ക് ആനയിച്ചുകൊണ്ടാണ് മോചിപ്പിക്കേണ്ടത്. മഹാത്മാഗാന്ധി സ്വാതന്ത്ര്യസമരത്തില്‍ ചെയ്ത് വിജയിച്ചത് അതാണ്. ശ്രീനാരായണ ഗുരുവും സഹോദരന്‍ അയ്യപ്പനും ഈ ധാര്‍മികതയെ ശക്തിപ്പെടുത്തിക്കൊണ്ടാണ് കീഴാള നവോത്ഥാനത്തെ നയിച്ചത്. നമ്മളും അത് തുടരുകയാണ് വേണ്ടത്.
കേരളത്തില്‍ വെള്ളപ്പൊക്കക്കാലത്ത് ഉയര്‍ന്നുവന്ന നവമാനവികതയും ആ കീഴാള ധാര്‍മികതയുടെ തുടര്‍ച്ചയായിരുന്നു. ലിബറല്‍ ഭരണവര്‍ഗ മാനവികതയില്‍ നിന്നുള്ള ഗുണപരമായ മുന്നോട്ടുപോക്കായിരുന്നു. ജനങ്ങളുടെ ഇച്ഛാശക്തിയുടെ ഉള്ളടക്കമില്ലെങ്കില്‍ ഒരു ഭരണഘടനയും കോടതിവിധിയും ഒന്നുമല്ലെന്ന, ചരിത്രം പഠിപ്പിച്ച പാഠങ്ങളെങ്കിലും നമ്മള്‍ ഓര്‍ക്കണം. ജനാധിപത്യത്തിന്റെ ഉള്ളടക്കം ജനങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിയല്ലാതെ ഒന്നുമല്ല. ി

(കടപ്പാട്: പാഠഭേദം, നവംബര്‍ 2018)

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss