|    Jun 22 Fri, 2018 6:54 pm
FLASH NEWS
Home   >  Editpage  >  Editorial  >  

വേണ്ടത് അന്തസ്സുറ്റ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം

Published : 4th May 2016 | Posted By: SMR

മലയാളികള്‍ക്ക് തിരഞ്ഞെടുപ്പ് ഉല്‍സവം തന്നെ. 140 മണ്ഡലങ്ങളിലായി 1,203 സ്ഥാനാര്‍ഥികള്‍. 2011ലെ തിരഞ്ഞെടുപ്പില്‍ 971 സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചേടത്ത് ഇത്തവണ 232 പേര്‍ കൂടുതല്‍ മല്‍സരിക്കുന്നു എന്നു പറയുമ്പോള്‍ ഓരോ തിരഞ്ഞെടുപ്പ് വരുന്നതിനുമൊത്ത് ആളുകള്‍ക്ക് ഹരം പെരുകുന്നു എന്നാണ് അനുമാനിക്കേണ്ടത്. അതോടൊപ്പം ഒരുകാര്യം കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ഇവയില്‍ നിരവധിപേര്‍ അപരന്‍മാരാണ്. പേരിലെ സാമ്യം മുതലെടുത്ത് എതിര്‍സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ മൂന്നു മുന്നണികളും തിരഞ്ഞെടുത്തയക്കുന്ന ചാവേറുകള്‍. മുമ്പൊരിക്കല്‍ ആലപ്പുഴയില്‍ മറ്റൊരു സുധീരനെ നിര്‍ത്തി വി എം സുധീരനെ തോല്‍പിക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചതിന്റെ പ്രചോദനത്തിലാണ് ഈ പരീക്ഷണം ഇപ്പോഴും നടക്കുന്നത്. കേരളം ബുദ്ധിപരമായി ഒരുപാട് വളര്‍ന്നു എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇപ്പോഴും അപരന്‍മാര്‍ പലരുടെയും വിജയപരാജയങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്നു.
അപരന്‍മാരെ നിര്‍ത്തി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്ന നാണംകെട്ട പരിപാടിയില്‍നിന്ന് എന്തുകൊണ്ടാണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയകക്ഷികള്‍ പിന്‍മാറാത്തത് എന്നു തീര്‍ച്ചയായും ആലോചിക്കണം. യഥാര്‍ഥത്തില്‍ രാഷ്ട്രീയകക്ഷികള്‍ പാലിക്കേണ്ട ‘പെരുമാറ്റച്ചട്ട’ത്തിന്റെ ഭാഗമായിരിക്കണം അപരന്‍മാരെ മല്‍സരിപ്പിക്കാതിരിക്കുക എന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തില്‍ യാതൊന്നും ചെയ്യാന്‍ സാധിക്കുകയില്ലായിരിക്കാം. പക്ഷേ, രാഷ്ട്രീയകക്ഷികള്‍ക്കു കഴിയുമല്ലോ. അന്തസ്സുകെട്ട ഈ പണി പാടില്ലെന്ന് പ്രധാന രാഷ്ട്രീയകക്ഷിനേതാക്കളും മുന്നണി ഭാരവാഹികളുമെല്ലാം കൂടിയിരുന്നാലോചിച്ചു തീരുമാനമെടുക്കേണ്ട കാലം അതിക്രമിച്ചു. എന്നാല്‍, സംഭവിക്കുന്നതു മറിച്ചാണ്. ഉന്നത നേതൃത്വങ്ങളുടെ അറിവോടും ഒത്താശയോടും കൂടി പാര്‍ട്ടിപ്രവര്‍ത്തകര്‍ അപരന്‍മാരെ തേടിപ്പിടിച്ചുകൊണ്ടുവന്ന്, പലപ്പോഴും പല പ്രലോഭനങ്ങളിലും വീഴ്ത്തി അപരസ്ഥാനാര്‍ഥികളാക്കി മല്‍സരിപ്പിക്കുകയാണ്. തീര്‍ത്തും അനാരോഗ്യകരവും അനഭിലഷണീയവുമായ ഈ പ്രവൃത്തിക്ക് പ്രോല്‍സാഹനം നല്‍കുന്ന രാഷ്ട്രീയകക്ഷികള്‍, സത്യം പറഞ്ഞാല്‍ മലയാളി സമ്മതിദായകരുടെ പ്രബുദ്ധതയുടെ നേരെ കൊഞ്ഞനംകുത്തുകയാണു ചെയ്യുന്നത്. ഇത്ര അന്തസ്സും വിവേകവുമേയുള്ളുവോ നമ്മുടെ നാട്ടിലെ രാഷ്ട്രീയനേതൃത്വങ്ങള്‍ക്ക് എന്നോര്‍ക്കുമ്പോള്‍ തലകുനിഞ്ഞുപോവും.
പുറമേക്ക് ആദര്‍ശം പറയുന്ന പല രാഷ്ട്രീയകക്ഷികളും മുന്നണിഭേദമെന്യേ പ്രായോഗിക രാഷ്ട്രീയരംഗത്ത് ഗര്‍ഹണീയമായ പല അടവുകളും പ്രയോഗിക്കുന്നു എന്ന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തെളിയിക്കുന്നു. ജാതി, മതം, പ്രാദേശികത, സാമുദായികത- എല്ലാ ചീട്ടുകളും ഇറക്കുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാലും അവയെ മുഴുവനും തോല്‍പിക്കാനുള്ള മെയ്‌വഴക്കമുണ്ട് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ക്കെല്ലാം. ജനാധിപത്യപ്രക്രിയയോട് അല്‍പമെങ്കിലും ആദരവുണ്ടെങ്കില്‍ രാഷ്ട്രീയപ്പാര്‍ട്ടികളും മുന്നണികളും ചെയ്യേണ്ടത്, അപരന്‍മാരെ നിര്‍ത്താതിരിക്കുക, പ്രചാരണങ്ങളില്‍ വിവേകപൂര്‍വമായ സമീപനം പുലര്‍ത്തുക തുടങ്ങിയ കാര്യങ്ങളാണ്. സ്വന്തം അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന ഇത്തരമൊരു പെരുമാറ്റച്ചട്ടമാണ് നമുക്ക് ആദ്യമായി ആവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss