|    Apr 23 Mon, 2018 5:43 am
FLASH NEWS
Home   >  Editpage  >  Article  >  

വേണം, ഒരു രണ്ടാം കുട്ടംകുളം സമരം

Published : 3rd October 2015 | Posted By: G.A.G

 

kuttamkulam

ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ അടച്ചുകെട്ടിയ വഴി

 


അവകാശങ്ങള്‍ നിഷേധങ്ങള്‍


ബാബുരാജ് ബി എസ്
ച്ചവച്ചു നടക്കണ ഭ്രാന്തുപിടിച്ച ഒരു തള്ള, അത്രയേ കരുതിയുള്ളൂ. എടക്കുളം നടവരമ്പില്‍ കല്യാണം കഴിച്ചുകൊടുത്ത ചേച്ചിയെ കാണാന്‍ ഇടയ്‌ക്കൊക്കെ വരും, പുല്ലൂര്ന്ന്. നടന്നുപോവുമ്പോ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാ ചൂടുകൂടും. തൊമ്മാനയുടെ കളത്തിലെ പണിക്കാരിയായിരുന്നു അവര്‍ – കുട്ടംകുളം സമരത്തെക്കുറിച്ചുള്ള പി എന്‍ സുരന്റെ ഓര്‍മകള്‍ ആരംഭിക്കുന്നത് ഈ നൊസ്സുകാരിയില്‍ നിന്നാണ്.

 

തൃശൂരിലെ സാമൂഹികപ്രവര്‍ത്തകനാണു സുരന്‍. അന്നൊന്നും സുരന് പക്ഷേ, ഇവരെക്കുറിച്ച് അധികമൊന്നുമറിയില്ലായിരുന്നു. പി സി ഉണ്ണിച്ചെക്കന്റെ മകള്‍ ബിരുദപഠനത്തിന്റെ ഭാഗമായി കുട്ടംകുളം സമരത്തെക്കുറിച്ച് ഒരു കുറിപ്പു തയ്യാറാക്കിയിരുന്നു. അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാനായി പലരെയും സമീപിച്ചു. കൂട്ടത്തില്‍ നാട്ടുകാരനായ സുരനെയും.

 

അന്നു നടത്തിയ അന്വേഷണത്തിലാണ് നൊസ്സുകാരി തള്ള ആരാണെന്ന് സുരന് മനസ്സിലായത്. ഓരോ അന്വേഷണവും ഓരോ പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്തി. പേര് പി സി കുറുമ്പ. പ്രസിദ്ധമായ കുട്ടംകുളം വഴിനടപ്പുസമരത്തിലെ നായിക. കൊച്ചി പോലിസിന്റെ ലാത്തിയും ബയണറ്റും കുറുമ്പയുടെയും കൂട്ടുകാരുടെയും ശരീരത്തില്‍ ഒരുപാടുതവണ മേഞ്ഞുനടന്നു. ആ ഒരൊറ്റ സ്മരണ മതിയായിരുന്നു സുരന് രണ്ടാംതവണയും കൊട്ടിയടച്ച ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിനു ചുറ്റുമുള്ള നടവഴി തുറക്കാനുള്ള സമരത്തില്‍ അണിചേരാന്‍.

 

ദേവസ്വം ബോര്‍ഡാണ് വഴി കൊട്ടിയടച്ചത്. അന്യമതസ്ഥര്‍ മീനും മറ്റുമായി പോവുന്നതാണ് വഴിയടയ്ക്കാന്‍ കാരണമെന്ന് ബോര്‍ഡ് വാദിക്കുന്നു. ഈ റോഡില്‍ വച്ച് മാലപൊട്ടിക്കലും മറ്റും നടക്കുന്നതുകൊണ്ടാണ് റോഡ് അടയ്ക്കുന്നതെന്ന വിചിത്രവാദവും അവര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഏറെക്കാലമായി ക്ഷേത്രത്തിനു പിറകില്‍ താമസിക്കുന്നവര്‍ ഉപയോഗിച്ചുവരുന്ന വഴിയാണ് ഇത്. പണ്ട് അതൊരു നടവഴി മാത്രമായിരുന്നു.

 

1980കളില്‍ ഇവിടെനിന്നു സ്വതന്ത്രസ്ഥാനാര്‍ഥിയായി വിജയിച്ച കൗണ്‍സിലര്‍ കാര്‍ത്തികേയന്റെ നേതൃത്വത്തിലായിരുന്നു ഈ റോഡ് ഇന്നു കാണുന്ന രൂപത്തിലാക്കിയത്. മെയിന്റനന്‍സ് നടത്തുന്നത് മുനിസിപ്പാലിറ്റിയാണെങ്കിലും റോഡിന്റെ ഉടമ തങ്ങളാണെന്ന് ദേവസ്വം പറയുന്നു. വഴി അടച്ചതോടെ നൂറുകണക്കിനു കുടുംബങ്ങള്‍ക്ക് കിലോമീറ്ററുകള്‍ വളഞ്ഞു പോവേണ്ട ഗതികേടാണ്.

 

പെരുവല്ലിപ്പാടത്തെ ദലിത് കുടുംബങ്ങള്‍ക്കാണ് ദുരിതമേറെ. അതേസമയം, സവര്‍ണര്‍ പാര്‍ക്കുന്ന വടക്കുപടിഞ്ഞാറു ഭാഗത്തെ റോഡുകള്‍ വളച്ചുകെട്ടിയിട്ടുമില്ല. കേരളത്തിന്റെ നവോത്ഥാനചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതപ്പെടേണ്ട ഒരു സമരത്തിന്റെ നീക്കിയിരിപ്പിനെയാണ് ദേവസ്വംബോര്‍ഡ് റദ്ദാക്കിയിരിക്കുന്നത്.

 

1946ല്‍ ആദ്യം സമസ്ത കൊച്ചി പുലയമഹാസഭയുടെ വാര്‍ഷികം ഇരിങ്ങാലക്കുട സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു. കൂടല്‍മാണിക്യം ക്ഷേത്രത്തിനു സമീപത്തുള്ള കുട്ടംകുളം റോഡില്‍ സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചില്ലെങ്കില്‍ നിയമലംഘനം നടത്തുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു. സാരിയുടുത്ത് ക്ഷേത്രപരിസരത്തിലൂടെ നടന്ന കെ വി കാളി, കെ കെ ചക്കി, പി സി കുറുമ്പ എന്നിവര്‍ക്കു നേരെ സവര്‍ണര്‍ മുറുക്കിത്തുപ്പി. റാലിയും ആക്രമിക്കപ്പെട്ടു.

 

ഇതേത്തുടര്‍ന്നാണ് അതേ വര്‍ഷം ജൂലൈ ആറാം തിയ്യതി കുട്ടംകുളം സമരം നടക്കുന്നത്. കമ്മ്യൂണിസ്റ്റ്പാര്‍ട്ടി, എസ്.എന്‍.ഡി.പി, പുലയമഹാസഭ, പ്രജാമണ്ഡലം എന്നീ സംഘടനകള്‍ സമരത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ്സുകാര്‍ പങ്കെടുത്തില്ല. അയ്യങ്കാവ് മൈതാനത്തുനിന്ന് കെ വി ഉണ്ണിയുടെയും പി ഗംഗാധരന്റെയും ചാത്തന്‍മാസ്റ്ററുടെയും നേതൃത്വത്തില്‍ ആയിരങ്ങള്‍ പ്രകടനമായി നീങ്ങി. കാളിയും ചക്കിയും കുറുമ്പയും മുന്‍നിരയിലുണ്ടായിരുന്നു. കുട്ടംകുളത്തിനു സമീപത്തു വച്ച് ജാഥ തടഞ്ഞു.

 

സൈമണ്‍ മാഞ്ഞൂരാന്റെ നേതൃത്വത്തില്‍ എം.എസ്.പിക്കാര്‍ പ്രകടനക്കാരെ വളഞ്ഞിട്ട് തല്ലി. നേതാക്കന്മാരെ പോസ്റ്റില്‍ കെട്ടിയിട്ടു. പി സി കുറുമ്പയെ നഗ്നയാക്കി ലോക്കപ്പിലിട്ട് മര്‍ദ്ദിക്കുകയായിരുന്നു. കൂടാതെ സഹതടവുകാരനെക്കൊണ്ട് ബലാല്‍സംഗം ചെയ്യിക്കാനും ശ്രമിച്ചു. കുട്ടംകുളം സമരത്തില്‍ 57 പേര്‍ക്കെതിരേയാണ് കേസെടുത്തത്.

 

കോടതിയില്‍ ഹാജരാക്കാന്‍ പോലിസുകാര്‍ തന്നെയാണ് ഇവരെ കൊച്ചിയിലേക്കു കൊണ്ടുപോയിരുന്നത്. ജൂലൈ ആറിന്റെ സംഭവവികാസത്തെ തുടര്‍ന്ന് ക്ഷേത്രപ്രവേശനവും ഉത്തരവാദഭരണവും അനുവദിക്കാത്തപക്ഷം സമരത്തിനിറങ്ങുമെന്ന് പ്രജാമണ്ഡലം പ്രഖ്യാപിച്ചു. കൊച്ചി തിളച്ചുമറിഞ്ഞു. വൈകാതെ പനമ്പിള്ളി അധികാരത്തിലെത്തി. ആ മന്ത്രിസഭയാണ് റോഡ് തുറന്നുകൊടുത്തത്. ഇങ്ങനെ ലഭിച്ച വഴി കൊട്ടിയടച്ചതിനെതിരേ വിവിധ കോണുകളില്‍നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. ഇരിങ്ങാലക്കുട കൂട്ടായ്മയും സ്വതന്ത്ര പുലയമഹാസഭയുമാണ് മുന്‍നിരയില്‍. തെക്കേനട റസിഡന്റ്‌സ് അസോസിയേഷനും സജീവമാണ്.

 

ഒരു രണ്ടാം കുട്ടംകുളം സമരത്തിന് വേദിയൊരുങ്ങിയിരിക്കുന്നു.കുറച്ചു നാളുകള്‍ക്കു മുമ്പ് മൂര്‍ക്കനാടും ഇത്തരമൊരു സംഭവം അരങ്ങേറിയിരുന്നു. പള്ളിയുടെ അമ്പുപെരുന്നാള്‍ ഘോഷയാത്ര ചിലര്‍ തടഞ്ഞു. രേഖപ്രകാരം റോഡ് ദേവസ്വത്തിന്റേതാണെന്നാണ് പറഞ്ഞ കാരണം.

(കടപ്പാട്: പി എന്‍ സുരന്‍, ഐ ഗോപിനാഥ്)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss