|    Nov 18 Sat, 2017 11:52 am
Home   >  National   >  

വേട്ടക്കാര്‍ നായ്ക്കിന്റെ വാതിലിലുമെത്തി;അടുത്ത ഇര ആര്‍?

Published : 19th November 2016 | Posted By: G.A.G

imthihan-SMALL
ടുവില്‍ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. ഡോക്ടര്‍ സാക്കിര്‍ നായിക്കിന്റെ നേതൃത്വത്തിലുളള എന്‍ ജി ഒ ആയ ഇസ്‌ലാമിക് റിസര്‍ച്ച്  ഫൗണ്ടേഷനെ(ഐ ആര്‍ എഫ്)  കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നു. പ്രമുഖ ഇസ്‌ലാമിക പ്രബോധക പ്രവര്‍ത്തകനായ സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളും റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളും മതസ്പര്‍ധ വളര്‍ത്തുന്നുവെന്നാരോപിച്ച് നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യു എ പി എ) അനുസരിച്ചാണ് നിരോധനം. ദീര്‍ഘ കാലമായി ഇന്ത്യയിലും വിദേശത്തും ഇസ്‌ലാമിക പ്രബോധനം മുന്‍ നിര്‍ത്തി നിരവധി പ്രഭാഷണങ്ങളും സംവാദങ്ങളും നടത്തിക്കൊണ്ടിരുന്ന സാക്കിര്‍ നായിക്കിന്റെ പ്രവര്‍ത്തനം ആയിരക്കണക്കിനാളുകളെ ഇസ്‌ലാമിലേക്കാകര്‍ഷിച്ചിരുന്നു.
ധാക്കാസ്‌ഫോടന കേസ് പ്രതികളിലൊരാളുടെ പക്കല്‍ നിന്ന് സാക്കിര്‍ നായിക്കിന്റെ പ്രഭാഷണ സിഡി പിടിച്ചുവെന്നാരോപിച്ചാണ് സാക്കിര്‍ നായിക്കിനെതിരെ മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്രസര്‍ക്കാറും നടപടികളെടുക്കാനരംഭിച്ചത്. സിഡി പിടിച്ചുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രം പിന്നീട് പ്രസ്തുത വാര്‍ത്ത തിരുത്തിയെങ്കിലും കേന്ദ്രസര്‍ക്കാറും മഹാരാഷ്ട്രയും നടപടികളുമായി മുമ്പോട്ട് തന്നെ നീങ്ങുകയായിരുന്നു.
മാസങ്ങള്‍ നീണ്ടു നിന്ന അന്വേഷണത്തിനു ശേഷം സാക്കിര്‍ നായിക്കിനെതിരെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ  വംശീയസ്പര്‍ധ സൃഷ്ടിച്ചതിനോ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര സ്‌പെഷല്‍ പോലീസ് (എസ്എടി) റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഈയടുത്തിടെയാണ്. എന്നാല്‍ തങ്ങള്‍ നേരത്തേ തീരുമാനിച്ചുറപ്പിച്ച തിരക്കഥക്ക് പിന്‍ബലമേകുന്ന റിപ്പോര്‍ട്ടുകളായിരുന്നു കേന്ദ്ര-സംസ്ഥാന ബി ജെപി സര്‍ക്കാറുകള്‍ക്കാവശ്യം. അതിനാല്‍ തന്നെ രാജ്യം  നോട്ടു പ്രതിസന്ധിക്കു പിന്നാലെ പരക്കം പായുന്ന സന്ദര്‍ഭത്തില്‍ പുര കത്തുമ്പോള്‍ വാഴവെട്ടുന്നവനെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ മോഡി സര്‍ക്കാര്‍ ഡോക്ടര്‍ നയിക്കിന്റെ ട്രസ്റ്റിനെ നിരോധിച്ചിരിക്കുന്നു.
സാക്കിര്‍ നായിക്ക് ഇന്ത്യക്ക് വെളിയിലാണുളളത്. പ്രസംഗ വിവാദം ഉയര്‍ന്നു വന്നപ്പോള്‍ സൗദിയിലായിരുന്ന അദ്ദേഹം അറസ്റ്റും മഅ്ദനി മോഡല്‍ അനന്തമായ വിചാരണയും മുന്‍കൂട്ടി കണ്ട് ഇന്ത്യയിലേക്ക് മടങ്ങാതെ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍  പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ്. സാക്കിര്‍ നായിക്കിനും ട്രസ്റ്റിനുമെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയോ തങ്ങളുടെ ഭാഗം വിശദീകരിക്കുവാന്‍ അവര്‍ക്ക് അവസരം നല്‍കുകയോ പോലും ചെയ്യാതെ തികച്ചും ഏകപക്ഷീയമായാണ് നിരോധിച്ചിരിക്കുന്നത്.
ഡോ.സാക്കിര്‍ നായിക്കിന്റെ ആശയാദര്‍ശങ്ങളോടും പ്രവര്‍ത്തന രീതികളോടും പലര്‍ക്കും അഭിപ്രായവ്യത്യാസങ്ങളുണ്ടാവാം. പക്ഷെ അതെങ്ങനെയാണ്  ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസ-അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ അദ്ദേഹത്തിന് നിഷേധിക്കുന്നതിന്  ന്യായീകരണമാവുക. സാക്കിര്‍ നായിക്ക് ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത നിരവധി പരിപാടികള്‍ ഇന്ത്യയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. അവയുടെ വീഡിയോകളാകട്ടെ യൂട്യൂബ് പോലുളള ഷെയറിങ് വീഡിയോകളിലൂടെയും മറ്റും ദര്‍ശിക്കുന്നത് പത്തുകോടിയിലേറെ പേരാണ്. എന്നാല്‍ ഇക്കാരണത്താല്‍ ഇന്ത്യയില്‍ എവിടെയും വര്‍ഗീയ കലാപങ്ങളോ സംഘര്‍ഷങ്ങളോ ഉണ്ടായതായി ആരും ആരോപിച്ചിട്ടില്ല. ഒരു പോലീസ് സ്‌റ്റേഷനിലും അദ്ദേഹത്തിനെതിരില്‍ ഒരു പെറ്റികേസു പോലും നിലവിലില്ല. എന്നിട്ടു പോലും സ്വന്തം പിതാവിന്റെ ശവസംസ്‌കാര ചടങ്ങുകളില്‍ പോലും പങ്കെടുക്കാനാവാതെ അദ്ദേഹം വിപ്രാവാസ ജീവിതം നയിക്കേണ്ടി വന്നിരിക്കുകയാണ്. മറുവശത്ത് ഉത്തരേന്ത്യയില്‍ പ്രാച്ചിമാരും സ്വാധിമാരും തൊഗാഡിയകളും വിന്ധ്യനിപ്പുറം പ്രവീണ്‍മുത്തലിക്കുമാരും ഇങ്ങ് കേരളത്തില്‍ ശശികലമാരും വര്‍ഗീയ കാളകൂട വിഷം ഒഴുക്കിക്കൊണ്ടിരിക്കുമ്പോഴും സര്‍വതന്ത്ര സ്വതന്ത്രരായി വിലസുകയും കേന്ദ്രമന്ത്രിസഭയില്‍ വരെ അംഗങ്ങളാവുകയും ചെയ്യുമ്പോഴാണിതെന്നോര്‍ക്കണം.
സാക്കിര്‍ നായിക്കിനെ ഉന്നം വെക്കുന്നവര്‍ അതിലൂടെ യഥാര്‍ത്ഥത്തില്‍ ലക്ഷ്യം വെക്കുന്നത് മുസലിം സമുദായത്തെയും അവരുടെ ആശയാദര്‍ശങ്ങളെയും തന്നെയാണ് എന്നതാണ് വാസ്തവം. സമുദായമാകുന്ന അരുവിയെ  പോഷിപ്പിക്കുന്ന ഓരോ കൈവഴികളെയും സവര്‍ണഹിന്ദുത്വശക്തികള്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനു മുമ്പ് ഫാഷിസ്റ്റ് ശക്തികള്‍ എ ബി വാജ്‌പേയിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറിയപ്പോള്‍ സമാനമായ നീക്കം  സിമിക്കെതിരെ നടത്തിയത് ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. നിരോധനത്തിനു മുമ്പ് നിയമലംഘനത്തിന്റെയോ രാജ്യദ്രോഹത്തിന്റെയോ പേരില്‍ ഒരു എഫ്‌ഐആര്‍ പോലുമില്ലാതിരുന്ന സിമി പ്രവര്‍ത്തകര്‍ ഇന്ന് രാജ്യവ്യാപകമായി വേട്ടയാടപ്പെടുകയും ഏറ്റുമുട്ടല്‍ കൊലകളുടെ ബലിയാടുകളാവുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

അന്ന് അത് സിമിയുടെ ആത്യന്തിക നിലപാടുകളുടെ സ്വാഭാവികപരിണിതഫലമായി കണക്കാക്കാനായിരുന്നു സമുദായ സംഘടനകളുടെ താല്‍പര്യം.
ഞങ്ങളെ നോക്കൂ, ഞങ്ങളില്‍ തീവ്രവാദമെന്നല്ല, മിതവാദം പോലുമില്ലെന്ന് തെളിയിക്കാനായിരുന്നു സമുദായനേതാക്കളുടെ വ്യഗ്രത.  ഏകശിലാ സംസ്‌കാരത്തിന്റെ പ്രണേതാക്കള്‍ക്ക് തങ്ങളുടേതല്ലാത്ത ഒന്നിനെയും അതിന്റെ നാമമാത്ര അവസ്ഥയില്‍ പോലും ഉള്‍ക്കൊളളാനാവില്ലെന്ന് തിരിച്ചറിയാന്‍ മുസലിം സഘടനകള്‍ക്കായില്ല. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ; പല സംഘടനകളും ഈ വസ്തുത അത്യന്തം വിഷമകരമായ ഈയവസ്ഥയിലും തിരിച്ചറിഞ്ഞിട്ടില്ല. അവരില്‍ പലരും സലഫി ചിന്താധാരയോടുളള  സാക്കിര്‍ നായിക്കിന്റെ അടുപ്പമാണ് പ്രശ്‌നങ്ങളുടെ മൂലകാരണമെന്നു കരുതുന്നു. അങ്ങനെ അവര്‍ സലഫിസത്തിന് തീവ്രവാദവുമായുളള ജനിതകബന്ധത്തെക്കുറിച്ച് ഗവേഷണ പ്രബന്ധങ്ങള്‍ രചിക്കുന്നു. ഏതായിരുന്നാലും വേട്ടക്കാര്‍ നായിക്കിന്റെ വാതിലിന് മുമ്പിലെത്തിക്കഴിഞ്ഞു. അടുത്ത ഊഴം ആരുടേത് ?

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക