|    May 28 Sun, 2017 10:13 pm
FLASH NEWS

വേങ്ങര-വെട്ടുതോട് റോഡ് യാത്ര ദുസ്സഹമായി

Published : 12th July 2016 | Posted By: SMR

കണ്ണമംഗലം: വേങ്ങര-വെട്ടുതോട് റോഡ് വഴിയുള്ള യാത്ര ദുരിത പൂര്‍ണമായി. പൂച്ചോലമാട് വഴി വേങ്ങരയിലേക്കുള്ള വെട്ടുതോട് റോഡ് ജലനിധിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി കീറിമുറിച്ചതോടെ ഇതുവഴിയുള്ള വാഹന ഗതാഗതവും കാല്‍നട യാത്രയും ദുസ്സഹമായിരിക്കുകയാണ്.
കുടിവെള്ള ക്ഷാമം രൂക്ഷമായ വേങ്ങര പഞ്ചായത്തിലെ വെട്ടുതോട് ഭാഗത്തുള്ള ജനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം അടക്കമുള്ള സമരപരിപാടികളുമായി രംഗത്തെത്തിയതോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് അടുപ്പിച്ച് വെട്ടുതോട് റോഡിന്റെ പകുതിയോളം ഭാഗം ഒന്നര കിലോമീറ്ററോളം ദുരത്തില്‍ ജെസിബി ഉപയോഗിച്ച് കീറിമുറിച്ച് പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്.
ശക്തമായ മഴകൂടി ആയതോടെ ഇതിലൂടെയുള്ള യാത്ര ദുരിത പൂര്‍ണമായിരിക്കുകയാണ്. ശക്തമായ മഴയില്‍ റോഡിലുള്ള മണ്ണ് ഒലിച്ചുപോയി വന്‍ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരുക്കയാണിപ്പോള്‍. കൂടാതെ, വാഹന അപകടങ്ങളും വാഹനം സൈഡ് നല്‍കുന്നത് സംബന്ധിച്ചുള്ള വാക്കുതര്‍ക്കങ്ങളും പതിവായിരിക്കുകയാണ്. മഴ തുടങ്ങിയതിന് ശേഷം നിരവധി ബൈക്ക് യാത്രക്കാരാണ് ഇവിടെ അപകടത്തില്‍പെട്ടത്. ഇനി മഴക്കാലം തീരാതെ റോഡിന്റെ പണി തുടങ്ങാനാവില്ലെന്നതിനാല്‍ പ്രദേശവാസികളും ഇതുവഴിയുള്ള യാത്രക്കാരും ആശങ്കയിലാണ്.
ചളിക്കളമായ റോഡ് എത്രയും പെട്ടൊന്ന് യാത്രായോഗ്യമാക്കണമെന്ന് എസ്ഡിപിഐ കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അശാസ്ത്രീയമായി നിര്‍മിച്ച വെട്ടുതോട് പാലം ശരിയായി രീതിയില്‍ പുതുക്കി പണിയണം. നിലവിലെ പഞ്ചായത്തംഗത്തിന്റെ സ്വാര്‍ത്ഥ താല്‍പര്യം മൂലമാണ് പാലം അപകടകരമായ രീതിയില്‍ തുടരാന്‍ കാരണം. റോഡിലെ അപകടവളവുകള്‍ നേരെയാക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് പാര്‍ടി നേതൃത്വം നല്‍കുമെന്നും പ്രസിഡന്റ് മുഹമ്മദ് ഷരീഖാന്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day