|    Oct 17 Wed, 2018 12:41 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വേങ്ങര: ലീഗിലെ പടലപ്പിണക്കം തുണയ്ക്കുമെന്ന് എല്‍ഡിഎഫ്

Published : 22nd September 2017 | Posted By: fsq

 

മലപ്പുറം: ഭരണത്തിലെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങള്‍ തിരിച്ചടിയാവുമ്പോഴും വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും മറ്റുമുണ്ടായ പടലപ്പിണക്കങ്ങള്‍ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. കെ എന്‍ എ ഖാദര്‍ ഭീഷണിപ്പെടുത്തിയാണു സ്ഥാനാര്‍ഥിത്വം നേടിയെടുത്തതെന്നു പറഞ്ഞു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തുവന്നിരുന്നു. മുസ്്‌ലിംലീഗ് കടുത്ത ആഭ്യന്തര പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലീഗ് വിമതനായി അഡ്വ. കെ ഹംസ മല്‍സരിക്കുന്നതോടെ നല്ലൊരു വിഭാഗം വോട്ടുകള്‍ അങ്ങോട്ടു മാറുമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതെ ലീഗ് നേതാക്കള്‍ ബിജെപിയുമായി ഒത്തുകളിച്ചുവെന്ന പ്രചാരണത്തിലൂടെ മുസ്‌ലിം വോട്ടുകള്‍ അനുകൂലമാക്കാന്‍ കഴിയുമെന്നും അവര്‍ കണക്കുകൂട്ടുന്നു. ആദ്യം കെ പി എ മജീദും പിന്നീട് അഡ്വ. യു എ ലത്തീഫും സ്ഥാനാര്‍ഥിയാവുമെന്ന് ഉറപ്പിച്ചിരുന്നിടത്താണ് ഒടുവില്‍ കെ എന്‍ എ ഖാദറിന് ടിക്കറ്റ് ലഭിച്ചത്. ഇത് ലീഗ് അണികളില്‍ അസംതൃപ്തിക്കു കാരണമായിട്ടുണ്ടെന്നും ആ വോട്ടുകള്‍ തന്റെ പെട്ടിയില്‍ വീഴുമെന്നുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി ബഷീര്‍ സൂചിപ്പിക്കുന്നത്. ഭരണ നേട്ടങ്ങളും സര്‍ക്കാരിന്റെ വികസന പദ്ധതികളും മുന്‍നിര്‍ത്തി വോട്ട് ചോദിക്കുന്നതിനേക്കാള്‍ നല്ലത് ലീഗിന്റെ പിഴവുകളും ആഭ്യന്ത ശൈഥില്യവും മുതലെടുക്കാനുള്ള തന്ത്രങ്ങളാണ് എന്നാണ് എല്‍ഡിഎഫ് കരുതുന്നത്. കേന്ദ്രത്തിലെ ഹിന്ദുത്വ ഫാഷിസത്തെ പ്രതിരോധിക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കു മാത്രമേ സാധിക്കുകയുള്ളൂവെന്ന പ്രചാരണത്തിലൂടെ ന്യൂനപക്ഷ വോട്ടുകള്‍ സ്വന്തമാക്കാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. ലീഗില്‍ നിന്നു പല കാരണങ്ങളാല്‍ വിഘടിച്ചു പോയ നേതാക്കളെ പ്രചാരണ രംഗത്ത് സജീവമാക്കുന്നതിനെക്കുറിച്ച് ഇടതുപക്ഷം ആലോചിക്കുന്നുണ്ട്. ഐഎന്‍എല്‍ നേതാക്കളെ വ്യാപകമായി പ്രചാരണ യോഗങ്ങളില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇ കെ വിഭാഗം സമസ്തയുമായി പിണറായിയും സര്‍ക്കാരും സ്ഥാപിച്ച സൗഹാര്‍ദം വോട്ടാക്കി മാറ്റാനുള്ള തന്ത്രങ്ങളും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. എ പി വിഭാഗം സുന്നികള്‍ ഇത്തവണയും ഇടതുപക്ഷത്തെ തുണയ്ക്കുമെന്നാണ് ധാരണ. ഡോ. കെ ടി ജലീല്‍, വി അബ്ദുര്‍റഹ്മാന്‍, അഡ്വ. പി ടി എ റഹീം, റസാഖ് കാരാട്ട്, എളമരം കരീം, ടി കെ ഹംസ, പി വി അന്‍വര്‍ എന്നിവരെയെല്ലാം തിരഞ്ഞെടുപ്പു യോഗങ്ങളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. ലീഗിന്റെ ഹിന്ദുത്വ ഫാഷിസത്തോടുള്ള മൃദു സമീപനങ്ങള്‍ക്കും ഒളിച്ചുകളികള്‍ക്കുമെതിരേ കടുത്ത വിമര്‍ശനം പ്രചാരണ രംഗത്ത് അഴിച്ചുവിട്ട് വോട്ടുകള്‍ പിടിച്ചെടുക്കാമെന്നാണ് ഇടതുകേന്ദ്രങ്ങള്‍ കണക്കു കൂട്ടുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss