|    Oct 16 Tue, 2018 8:59 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വേങ്ങര : യുഡിഎഫ്, എല്‍ഡിഎഫ്, എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

Published : 21st September 2017 | Posted By: fsq

 

മലപ്പുറം: വേങ്ങര നിയോജകമണ്ഡലത്തില്‍  11നു നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി അഡ്വ. കെഎന്‍എ ഖാദറും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎമ്മിലെ അഡ്വ. പി പി ബഷീറും എസ്ഡിപിഐ സ്ഥാനാര്‍ഥിയായി അഡ്വ. കെ സി നസീറും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.  അസി. റിട്ടേണിങ് ഓഫിസറായ വേങ്ങര ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍ നിബു ടി കുര്യന്‍ മുമ്പാകെ ഇന്നലെ ഒന്നരയോടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെഎന്‍എ ഖാദര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ഉച്ചയ്ക്ക് പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളുടെ വസതിയിലെത്തി തങ്ങളില്‍ നിന്നു നാമനിര്‍ദേശപത്രിക ഏറ്റുവാങ്ങിയ ഖാദര്‍   പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, വി വി പ്രകാശ്, പി കെ അബ്ദുല്‍ മജീദ് എന്നിവര്‍ക്കൊപ്പമെത്തിയാണു പത്രിക നല്‍കിയത്.  അഭിഭാഷകനായ കെഎന്‍എ ഖാദര്‍ 2001ല്‍ കൊണ്ടോട്ടി നിയോജകമണ്ഡലത്തില്‍ നിന്നും 2011ല്‍ വള്ളിക്കുന്ന് മണ്ഡലത്തില്‍ നിന്നും നിയമസഭാംഗമായിട്ടുണ്ട്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി, എസ്ടിയു സംസ്ഥാന പ്രസിഡന്റ്, റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മെംബര്‍, കേരള വഖ്ഫ് ബോര്‍ഡ് മെംബര്‍, നാഷനല്‍ സേവിങ് സ്‌കീം അഡൈ്വസറി കമ്മിറ്റി മെംബര്‍, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയ  സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചുവരികയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎമ്മിലെ അഡ്വ. പി പി ബഷീര്‍ ജില്ലാ ഭൂപരിഷ്‌കരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സജീവ് ദാമോദര്‍ മുമ്പാകെയാണു പത്രിക നല്‍കിയത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്നും നേതാക്കളായ പാലോളി മുഹമ്മദ്കുട്ടി, എ വിജയരാഘവന്‍, പി പി വാസുദേവന്‍, ടി കെ ഹംസ, പി പി സുനീര്‍, ഇ എന്‍ മോഹന്‍ദാസ്, കെ പി ഇസ്മായില്‍ എന്നിവരും ബഷീറിനൊപ്പം പത്രിക സമര്‍പ്പിക്കാനെത്തിയിരുന്നു. എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍ ഉപവരണാധികാരിയായ വേങ്ങര ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍ ലിബു ടി കുര്യന്‍ മുമ്പാകെയാണു സമര്‍പ്പിച്ചത്. ഉച്ചയ്ക്ക് 12.15നാണ് പത്രിക സമര്‍പ്പിച്ചത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍, കെ കെ അബ്ദുല്‍ജബ്ബാര്‍, കെ ഖാജാ ഹുസയ്ന്‍, ജലീല്‍ നീലാമ്പ്ര, ടി എം ഷൗക്കത്ത്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, എ ബീരാന്‍കുട്ടി, പി എം ഷരീഖാന്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രതിനിധികളായ കെ ബീരാന്‍കുട്ടി, സി പി അസീസ് ഹാജി എന്നിവരും നസീറിനൊപ്പം പത്രിക സമര്‍പ്പിക്കാനെത്തിയിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നാളെയാണ്. 25ന് നാമനിര്‍ദേശപത്രികയിലുള്ള സൂക്ഷ്മപരിശോദന നടത്തും. 27നാണു പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. 15ന് ഫലമറിയും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss