|    Oct 20 Sat, 2018 6:13 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വേങ്ങര : ഭരണവിലയിരുത്തലെന്ന് പറയാതെ പാര്‍ട്ടികള്‍

Published : 18th September 2017 | Posted By: fsq

 

കെ പി ഒ റഹ്്മത്തുല്ല

മലപ്പുറം: മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അനുഭവപാഠങ്ങളില്‍ നിന്നും മുന്‍കൂര്‍ ജാമ്യമെടുത്താണ് രാഷ്ട്രീയ പാര്‍ട്ടികള്‍ വേങ്ങര ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാവില്ലെന്നാണ് കഴിഞ്ഞദിവസം സ്ഥാനാര്‍ഥി നിര്‍ണയ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. ഇതൊരു നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പുമാത്രമാണ്. ഒരൊറ്റ മണ്ഡലത്തിലെ ഫലം വച്ചുകൊണ്ടല്ല സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തല്‍ നടക്കേണ്ടത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തല്‍ നടക്കുകയെന്നും കോടിയേരി പറഞ്ഞിരുന്നു. കഴിഞ്ഞ മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന് പറഞ്ഞ് കോടിയേരി നേരത്തെ വെട്ടിലായിരുന്നു. കുഞ്ഞാലിക്കുട്ടി വന്‍ ഭൂരിപക്ഷത്തിന് ജയിച്ചതോടെ ഈ പ്രസ്താവന തിരിഞ്ഞുകുത്തുകയായിരുന്നു. ഈ അനുഭവം ആവര്‍ത്തിക്കപ്പെടാതിരിക്കാനാണ് വേങ്ങര ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചയുമായി വന്ന ആദ്യദിവസം തന്നെ ഭരണത്തിന്റെ വിലയിരുത്തലാവില്ല രാഷ്ട്രീയ പോരാട്ടം മാത്രമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം പറഞ്ഞത്. ഇടതുപക്ഷം വിജയിക്കുമെന്നു പറയാനും കോടിയേരി തയ്യാറായില്ല.വേങ്ങര ഉപതിരഞ്ഞെടുപ്പ് കേന്ദ്ര ഭരണത്തിന്റെ വിലയിരുത്തലാണെന്നു പറയാന്‍ ബിജെപിയും തയ്യാറല്ല. മലപ്പുറത്തെത്തിയ ദേശീയ സമിതിയംഗം പി കെ കൃഷ്ണദാസിന് ഈ ചോദ്യത്തിന് മൗനമായിരുന്നു മറുപടി. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് കേന്ദ്ര ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന് തട്ടിവിട്ട കുമ്മനം രാജശേഖരനും പി കെ കൃഷ്ണദാസും എ എന്‍ രാധാകൃഷ്ണനുമെല്ലാം ബിജെപിക്ക് വോട്ട് കുറഞ്ഞതിനെ ന്യായീകരിക്കാന്‍ കഴിയാതെ വിഷമിക്കുകയായിരുന്നു.  ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ വന്‍ വോട്ട് വര്‍ധനവുണ്ടാവുമെന്നായിരുന്നു ബിജെപി കേന്ദ്ര നേതൃത്വത്തെ സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നത്. ഒരുലക്ഷം മുതല്‍ ഒന്നരലക്ഷം വരെ വോട്ട് ലഭിക്കുമെന്ന് നേതാക്കള്‍ അവകാശപ്പെടുകയുംചെയ്തിരുന്നു. എന്നാല്‍ 65,662 വോട്ട് മാത്രമാണ് കിട്ടിയത്. 2014ല്‍ കിട്ടിയതിനേക്കാള്‍ 974 വോട്ട് കുറവായിരുന്നുയിത്. പാര്‍ട്ടിക്ക് വോട്ട് കുറഞ്ഞ മണ്ഡലങ്ങളിലൊന്നാണ് വേങ്ങരയെന്ന് സമ്മതിക്കാന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഇപ്പോള്‍ മടിയില്ല.വിജയപ്രതീക്ഷയുള്ള യുഡിഎഫ് തിരഞ്ഞെടുപ്പ് ഫലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മാത്രമല്ല, മുന്‍ എംഎല്‍എ കുഞ്ഞാലിക്കുട്ടിയുടെ പ്രവര്‍ത്തനങ്ങളുടെ കൂടി വിലയിരുത്തലാവുമെന്നാണ് പറയുന്നത്. ഇരുമുന്നണികളുടേയും സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാവുന്നതോടെ മല്‍സരം കൊഴുക്കുമെന്നാണ് കരുതുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss