|    Oct 16 Tue, 2018 1:07 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വേങ്ങര പ്രചാരണ രംഗത്ത് വിമാനവിവാദം പുകയുന്നു ; മറുപടി പറയാനാവാതെ ലീഗ്

Published : 24th September 2017 | Posted By: fsq

 

മലപ്പുറം: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വിമാനം വൈകിയ കാരണം പറഞ്ഞു വോട്ട് ചെയ്യാതിരുന്ന മുസ്്‌ലിംലീഗ് എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടിയുടെയും പി വി അബ്ദുല്‍ വഹാബിന്റെയും നടപടി മുസ്‌ലിംലീഗിന് വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പൊല്ലാപ്പായി. വിവാദം കെട്ടടങ്ങുമെന്നായിരുന്നു ലീഗ് നേതൃത്വം ആശ്വാസം കൊണ്ടിരുന്നത്. എന്നാല്‍ വോട്ട് വിവാദം ഉപതിരഞ്ഞെടുപ്പോടെ വീണ്ടും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വോട്ട് ചെയ്യാതെ സംഘപരിവാരത്തെ സഹായിക്കുകയായിരുന്നു ലീഗ് എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സംഘപരിവാരത്തിനെതിരേ ഡല്‍ഹിയില്‍ പൊതുവേദി രൂപീകരിക്കുമെന്നു വീമ്പിളക്കിയാണ് എംഎല്‍എ സ്ഥാനം രാജി വച്ച് കുഞ്ഞാലിക്കുട്ടി എംപിയായി ജയിച്ച് ഇന്ദ്രപ്രസ്ഥത്തേക്കു വിമാനം കയറിയത്. എന്നാല്‍ പുത്തരിയില്‍ തന്നെ കല്ലു കടിച്ചു എന്നതായി അനുഭവം. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി രാജ്യസഭാ എംപി പി വി അബ്ദുല്‍ വഹാബിനോടൊപ്പം കുഞ്ഞാലിക്കുട്ടി കരിപ്പൂരില്‍ നിന്നു വിമാനം കയറിയതു രാവിലെയായിരുന്നു. മണിക്കൂറുകളോളം മുംബൈ വിമാനത്താവളത്തില്‍ വിമാനത്തിനകത്ത് കഴിച്ചുകൂട്ടേണ്ടി വന്നു. ഡല്‍ഹിയിലെത്തിയപ്പോള്‍ വോട്ടെടുപ്പ് സമയം കഴിഞ്ഞിരുന്നു. പരാതി പറഞ്ഞിട്ടും വിമാനം തുറന്നുതന്നില്ലെന്നാണ് ഇരുവരും പറഞ്ഞത്. ഇവര്‍ മുംബൈയില്‍ വിമാനത്തിലിരിക്കുമ്പോള്‍ 22ലേറെ വിമാനങ്ങള്‍ നാലു മണിക്കു മുമ്പെ ഡല്‍ഹിയിലേക്കു പറന്നിരുന്നു. എംപിമാരായിട്ടും വിമാനം മാറിക്കയറാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ ദുരൂഹമാണ്. ഇക്കാര്യം  പത്രങ്ങള്‍ വാര്‍ത്തയാക്കിയപ്പോള്‍ വ്യോമയാന സഹമന്ത്രിക്കു പരാതി കൊടുത്തുവെന്നാണു ലീഗ് നേതാക്കളുടെ വിശദീകരണം.  ലോക്‌സഭാ സ്പീക്കര്‍ക്കോ, രാജ്യസഭാ ഉപാധ്യക്ഷനോ പരാതി നല്‍കിയിട്ടില്ല. സ്വന്തമായി കേസ് കൊടുക്കുമെന്നും ലീഗ് നേതാക്കള്‍ വിശദീകരിച്ചിരുന്നു. മന്ത്രിക്കു നല്‍കിയ പരാതിയില്‍ എന്തായി എന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. വ്യവസായ പ്രമുഖനായ രാജ്യസഭാഗം നടത്തിയ നീക്കങ്ങളാണു വോട്ട് ചെയ്യാതിരിക്കാന്‍ കാരണമെന്ന് ആരോപണമുണ്ടായിരുന്നു.  വേങ്ങരയില്‍ ഇക്കാര്യം പ്രചാരണ വിഷയങ്ങളില്‍ പ്രാമുഖ്യം നേടുമെന്നു പാര്‍ട്ടി വിചാരിച്ചിരുന്നില്ല. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ലീഗ് നേതാക്കള്‍ വോട്ട് ചെയ്യാതെ ഹിന്ദുത്വ രാഷ്ട്രീയക്കാരെ പിന്തുണച്ചുവെന്ന് ഇടതുപക്ഷം പ്രചരിപ്പിക്കുന്നുണ്ട്. സംസ്ഥാന സെക്രട്ടറി തന്നെയാണു വേങ്ങരയില്‍ വന്ന് പ്രചാരണോദ്ഘാടന വേദിയില്‍ ഈ വെടിപൊട്ടിച്ചത്. വരും ദിവസങ്ങളിലും ഈ പ്രചാരണം നടക്കും. വേങ്ങരയിലെ വോട്ടെടുപ്പ് ദിവസം വരെ ഈ തരംഗം നിലനിര്‍ത്താനാണ് ഇടതുപക്ഷ നേതാക്കളുടെ തീരുമാനം. കുടുംബയോഗങ്ങളിലും മുസ്്‌ലിംകള്‍ കൂടുതലുള്ള സ്ഥലങ്ങളിലെ പൊതുയോഗങ്ങളിലുമെല്ലാം പ്രധാന വിഷയമായി ഇത് ഉന്നയിക്കാനാണു തീരുമാനം. ഇതിനു മറുപടി പറയാന്‍ സാധിക്കാതെ ലീഗ് വിഷമിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss