|    Oct 18 Thu, 2018 7:45 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വേങ്ങര: കേരളാ കോണ്‍ഗ്രസ് (എം) തീരുമാനം വൈകാതെയെന്ന് ജോസ് കെ മാണി

Published : 27th September 2017 | Posted By: fsq

 

കോട്ടയം: വേങ്ങര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേരളാ കോണ്‍ഗ്രസ്സി (എം)ന്റെ നയം ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി എംപി. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേങ്ങരയുടെ കാര്യത്തില്‍ അഭിപ്രായവ്യത്യാസമുള്ളതുകൊണ്ടല്ല തീരുമാനം വൈകുന്നത്. പാര്‍ലമെന്റ്് തിരഞ്ഞെടുപ്പില്‍ വര്‍ഗീയശക്തികള്‍ക്കെതിരെയാണു കേരളാ കോണ്‍ഗ്രസ് തീരുമാനമെടുത്തത്. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ അത്തരത്തില്‍ തിരക്കിട്ട് തീരുമാനമെടുക്കേണ്ട സാഹചര്യമില്ലാത്തതിനാലാണു വൈകുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയില്‍ വേങ്ങര ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചയായെങ്കിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ അന്തിമതീരുമാനമെടുത്തിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചരല്‍ക്കുന്ന് ക്യാംപിലെ തീരുമാനങ്ങളുമായാണ് പാര്‍ട്ടി മുന്നോട്ടുപോവുന്നത്. മുന്നണി പ്രവേശനവും മറ്റു കാര്യങ്ങളും പാര്‍ട്ടി പിന്നീട് ചര്‍ച്ചചെയ്ത് ഉചിതമായ തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ വ്യക്തിപരമായി അഭിപ്രായം പറയാനാവില്ല. കുട്ടനാട്ടില്‍ തോമസ് ചാണ്ടി ഭൂമി കൈയേറിയോ എന്ന കാര്യത്തില്‍ അന്തിമ അന്വേഷണറിപോര്‍ട്ട് പുറത്തുവന്നാല്‍ തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കും. എവിടെയെങ്കിലും കൈയേറ്റമുണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, റബര്‍ ഇറക്കുമതിയിലൂടെ കേന്ദ്രസര്‍ക്കാരിന് ലഭിച്ച 3,335 കോടി രൂപയുടെ ഇറക്കുമതി ചുങ്കം റബര്‍ കര്‍ഷകര്‍ക്കു തിരികെ നല്‍കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വാണിജ്യമന്ത്രി സുരേഷ് പ്രഭുവിനും നിവേദനം നല്‍കിയതായും അദ്ദേഹം അറിയിച്ചു. കര്‍ഷകര്‍ക്ക് അവകാശപ്പെട്ട ഇറക്കുമതി ചുങ്കത്തിലൂടെ ലഭിക്കുന്ന പണം അതതു മേഖലയിലെ അര്‍ഹരായവര്‍ക്കു തിരിച്ചുനല്‍കുന്ന നൂതനമായ പദ്ധതിയാണു കേരളാ കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. ആഗോളവല്‍ക്കരണ നയങ്ങള്‍മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരെ രക്ഷിക്കാന്‍ ജനകീയ ബദല്‍ പദ്ധതിക്കു കഴിയും. പദ്ധതി നടപ്പാക്കാനാവശ്യമായ അഭിപ്രായരൂപീകരണത്തിനും പ്രക്ഷോഭങ്ങള്‍ക്കും ദേശീയ തലത്തില്‍ കേരളാ കോണ്‍ഗ്രസ് മുന്‍കൈയെടുക്കുമെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss