|    Oct 19 Fri, 2018 6:34 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വേങ്ങര ഉപതിരഞ്ഞെടുപ്പ് : കെ സി നസീര്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി

Published : 15th September 2017 | Posted By: fsq

 

മലപ്പുറം: ഒക്ടോബര്‍ 11നു നടക്കുന്ന വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. കെ സി നസീര്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയാവും. മലപ്പുറത്തു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസിയാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗമായ നസീര്‍ തിരൂര്‍ ബാറിലെ അഭിഭാഷകനും സാമൂഹികരംഗെത്ത നിറസാന്നിധ്യവുമാണ്. 2011 അസംബ്ലി തിരഞ്ഞെടുപ്പില്‍ കോട്ടക്കല്‍ മണ്ഡലത്തിലും 2016ല്‍ തിരൂരങ്ങാടി മണ്ഡലത്തിലും എസ്ഡിപിഐ സ്ഥാനാര്‍ഥിയായി മല്‍സരിച്ചിട്ടുണ്ട്.  ഡോ. ഹാദിയ വിഷയം അടക്കം മനുഷ്യാവകാശവുമായി ബന്ധപ്പെട്ട നിരവധി കേസുകളുടെ നടത്തിപ്പിനു മേല്‍നോട്ടം വഹിക്കുന്ന വ്യക്തിയാണു നസീര്‍. മുസ്‌ലിംകളുടെയും ദലിതുകളുടെയും ജീവനും ജീവിതവും കൂടുതല്‍ അപകടത്തിലാവുകയും  സിപിഎം സര്‍ക്കാര്‍ പോലും ഫാഷിസ്റ്റ് ഭരണകൂട ഭീഷണിയെ ഭയപ്പെടുകയും ചെയ്യുന്ന വര്‍ത്തമാന സാഹചര്യം വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ മാനം വര്‍ധിപ്പിക്കുകയാണെന്ന് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. ഡോ. ഹാദിയ നേരിടുന്ന  മനുഷ്യാവകാശ നിഷേധത്തെക്കുറിച്ചും വിവാഹം റദ്ദാക്കി ഹൈക്കോടതി അവരെ വീട്ടുതടങ്കലിലാക്കിയതിനെ ക്കുറിച്ചും എല്‍ഡിഎഫും യുഡിഎഫും തുടരുന്ന മൗനത്തിനു വേങ്ങര മണ്ഡലത്തിലെ വോട്ടര്‍മാര്‍ മറുപടി നല്‍കും.  ഗെയില്‍ വാതക പൈപ്പ്‌ലൈന്‍, മലപ്പുറം ജില്ലാ വിഭജനം തുടങ്ങിയവയില്‍ ഇരുമുന്നണികളും ബിജെപിയും ജനവിരുദ്ധ നിലപാടിലാണ്. വികസനത്തിനും വളര്‍ച്ചയ്ക്കും വേണ്ടി ജില്ല വിഭജിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ട് വച്ച എസ്ഡിപിഐ നിരന്തരമായ സമരപരിപാടികള്‍ നടത്തി. എന്നാല്‍ രാഷ്ട്രീയ സങ്കുചിതത്വവും ബിജെപി പ്രീണനവും നിമിത്തം ഈ ആവശ്യത്തോടു യുഡിഎഫും എല്‍ഡിഎഫും പുറംതിരിഞ്ഞു നില്‍ക്കുകയാണ്.     സംഘപരിവാരം ഉയര്‍ത്തുന്ന ഹിംസാത്മക രാഷ്ട്രീയത്തെ നേരിടുന്നതില്‍ മതേതര കക്ഷികളെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തികഞ്ഞ പരാജയമാണെന്നാണു നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.  രാഷ്ടീയ ഗിമ്മിക്കുകള്‍ കൊണ്ടു ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കാന്‍ വേങ്ങര നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ തയ്യാറാവണമെന്നു സംസ്ഥാന പ്രസിഡന്റ് അഭ്യര്‍ഥിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍, സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍,  ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, വി ടി ഇഖ്‌റാമുല്‍ ഹഖ് തുടങ്ങിയവരും പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss