|    Oct 18 Thu, 2018 11:23 am
FLASH NEWS

വേങ്ങര ഉപതിരഞ്ഞെടുപ്പ് : സൗഹൃദസന്ദര്‍ശനങ്ങള്‍ കഴിഞ്ഞ് സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാരിലേക്ക്

Published : 26th September 2017 | Posted By: fsq

 

മലപ്പുറം: സൗഹൃദ സന്ദര്‍ശനങ്ങളും കുടുംബ കാരണവന്‍മാരെ കണ്ടുള്ള വോട്ടഭ്യര്‍ഥനകളും പൂര്‍ത്തിയാക്കി വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാരെ തേടിയിറങ്ങുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനു ശേഷം അടുത്ത ദിവസങ്ങളില്‍ പ്രധാന സ്ഥാനാര്‍ഥികളെല്ലാം പാര്‍ട്ടികളിലെ പ്രമുഖ വ്യക്തികളേയും മണ്ഡലത്തിലെ പ്രധാന കുടുംബങ്ങളിലെ കാരണവന്മാരെയും പഴയ സുഹൃത്തുക്കളെയുമെല്ലാം കണ്ട് പിന്തുണ ഉറപ്പിക്കുന്നതിലാണ് പ്രധാനമായും ശ്രദ്ധിച്ചിരുന്നത്. പ്രചരണോദ്ഘാടനങ്ങളും പഞ്ചായത്ത്തല പൊതുയോഗങ്ങളും ഉണ്ടായിരുന്നു. ഇനി നേരിട്ട് വോട്ടര്‍മാരിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് സ്ഥാനാര്‍ഥികള്‍. യുഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദറും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി ബഷീറും എസ്ഡിപിഐ സ്ഥാനാര്‍ഥി കെ സി നസീറും ബിജെപി സ്ഥാനാര്‍ഥി കെ ജനചന്ദ്രനുമെല്ലാം ഇപ്പോള്‍ സജീവമായി തന്നെ തിരഞ്ഞെടുപ്പ് പ്രചരണ രംഗത്താണുള്ളത്. കുടുംബ യോഗങ്ങളും പഞ്ചായത്ത്തല പര്യടനവുമെല്ലാം ഒക്ടോബര്‍ ഒന്നോടെ ആരംഭിക്കുമെന്നാണ് സൂചന. പൊതു പരിപാടികളും പ്രസംഗങ്ങളും വോട്ടായി മാറില്ലെന്നും വോട്ടര്‍മാരെ നേരില്‍ കണ്ട് നടത്തുന്ന അഭ്യര്‍ഥനകളെ ഫലം കാണൂവെന്നും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് നന്നായി അറിയാം. അതിനുള്ള ഒരുക്കങ്ങളിലാണ് അവരെല്ലാം. ഒക്ടോബര്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ള തിയ്യതികളില്‍ മണ്ഡലത്തിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള പര്യടനമാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദര്‍ നടത്തുന്നത്. എആര്‍ നഗറില്‍ നിന്നും ആരംഭിക്കുന്ന  പര്യടനം ഏഴിന് കണ്ണമംഗലത്ത് സമാപിക്കും. ഓരോ പഞ്ചായത്തിലും സമാപന പൊതുയോഗവും ഉണ്ടായിരിക്കും. കോണ്‍ഗ്രസിലേയും ലീഗിലേയും ഉന്നത നേതാക്കളെല്ലാം പര്യടനത്തിനെത്തുമെന്നാണ് സൂചന. എ കെ ആന്റണി, വി എം സുധീരന്‍, കെ മുരളീധരന്‍, ബിന്ദുകൃഷ്ണ തുടങ്ങിയവരെല്ലാം വരും ദിവസങ്ങളില്‍ വിവിധ പരിപാടികളില്‍ എത്തുന്നുണ്ട്. നാളെ മുതലാണ് ഇടതുസ്ഥാനാര്‍ഥി പി പി ബഷീറിന്റെ മണ്ഡലം പര്യടനം ആരംഭിക്കുന്നത്. ഒതുക്കുങ്ങലില്‍ നിന്നും ആരംഭിക്കുന് പരിപാടി കണ്ണമംഗലത്ത് സമാപിക്കും. എല്ലാ പഞ്ചായത്തുകളിലും സമാപന പൊതുയോഗത്തോടനുബന്ധിച്ച് പഞ്ചായത്ത് റാലികളും ആസൂത്രണം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, എം എ ബേബി, തോമസ് ഐസക്, എളമരം കരീം, ഡോ. കെ ടി ജലീല്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരെ ല്ലാം പ്രചരണത്തിനെത്തും. ആരോഗ്യ പ്രശ്‌നങ്ങളാല്‍ വി എസ് ഇത്തവണ എത്തില്ലെന്നാണ് സൂചന. ബിജെപിക്ക് വേണ്ടി കേന്ദ്ര-സംസ്ഥാന നേതാക്കള്‍ എത്തും. എസ്ഡിപിഐക്ക് വേണ്ടി അഖിലേന്ത്യാ പ്രസിഡന്റ് എ സഈദ്, സംസ്ഥാന നേതാക്കളായ മുവാറ്റുപുഴ അഷ്‌റഫ് മൗലവി, എം കെ മനോജ്കുമാര്‍, തുളസീധരന്‍ പള്ളിക്കല്‍ എന്നിവരും വരും ദിവസങ്ങളില്‍ എത്തും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ന്യൂനപക്ഷവിരുദ്ധ സമീപനങ്ങള്‍ വിശദീകരിച്ച് കൊണ്ട് എസ്ഡിപിഐ നടത്തുന്ന പ്രചരണങ്ങള്‍ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നുണ്ട്. പൊതുയോഗങ്ങള്‍ക്കുപകരം ഓരോ വോട്ടറേയും നേരില്‍ കണ്ടുള്ള പ്രചരണ പരിപാടികള്‍ക്കാണ് പാര്‍ട്ടി രൂപം നല്‍കിയിട്ടുള്ളത്. വെല്‍ഫെയര്‍, പിഡിപി, ആം ആദ്മി എന്നീ ചെറുപാര്‍ട്ടികള്‍ മത്സരിക്കുന്നില്ല. വിവാദമായ ഹാദിയ വിഷയത്തിലെ അഭിഭാഷകന്‍ എന്ന നിലയില്‍ നല്ല സ്വീകരണമാണ് വോട്ടര്‍മാരില്‍ നിന്നും ലഭിക്കുന്നതെന്ന് നസീര്‍ പറഞ്ഞു. കഴിഞ്ഞ തവണ സ്ഥാനാര്‍ഥിയായതിലൂടെ മണ്ഡലത്തിലുണ്ടാക്കിയെടുത്ത സൗഹൃദങ്ങള്‍ വോട്ടായി മാറുമെന്ന പ്രത്യാഷയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി ബഷീര്‍ പങ്കുവെച്ചത്. തിരഞ്ഞെടുപ്പ് രംഗത്തെ മുന്‍പരിചയം ഗുണം ചെയ്യുമെന്നും നിയമസഭയിലെ മെച്ചപ്പെട്ട മുന്‍കാല പ്രവര്‍ത്തനങ്ങള്‍ മുതല്‍കൂട്ടാവുന്നുണ്ടെന്നും കെ എന്‍ എ ഖാദറും പറയുന്നു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാന്‍ വൈകിയതിനാല്‍ മറ്റുള്ളവരോടൊപ്പമെത്താന്‍ പാടുപെടേണ്ട അവസ്ഥയാണ് ബിജെപി സ്ഥാനാര്‍ഥി ജനചന്ദ്രനുള്ളത്. ഇടതുപക്ഷ നേതാക്കള്‍ ലീഗ് നേതാക്കളെ വ്യക്തിപരമായി വിമര്‍ശിക്കുന്ന ശൈലി പുതിയതാണ്. കോടിയേരിയും എ സി മൊയ്തീനുമെല്ലാം പാണക്കാട് തങ്ങളേയും കുഞ്ഞാലിക്കുട്ടിയേയും ഖാദറിനേയും അതിരൂക്ഷമായ ഭാഷയിലാണ് പൊതുയോഗങ്ങളില്‍ വിമര്‍ശിച്ചത്. വേങ്ങര മണ്ഡലത്തില്‍ കെ എം മാണിയെ കൊണ്ടുവരാന്‍ യുഡിഎഫ് ശ്രമിക്കുന്നുണ്ട്. ലീഗിനോടൊപ്പം കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായിട്ടുണ്ട്. വേങ്ങരയിലെ തിരഞ്ഞെടുപ്പ് പ്രചരണ രംഗം പതുക്കെ പതുക്കെ ചൂടുപിടിക്കുകയാണ്. രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നതോടെ രാഷ്ട്രീയമായി വീറുറ്റ പോരിന്റെ തുടക്കമാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഭൂരിപക്ഷം കുറഞ്ഞാല്‍ സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തലെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ എല്‍ഡിഎഫിന് കഴിയും. ഭൂരിപക്ഷം വര്‍ധിച്ചാലല്ലാതെ യുഡിഎഫിന് പിടിച്ചു നില്‍ക്കാനാവില്ല. കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയ വ്യക്തിപരമായ വോട്ടുകള്‍ ഖാദറിന് കിട്ടുമോ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പടലപ്പിണക്കങ്ങള്‍ ലീഗിന് തിരിച്ചടിയാവുമോ എന്ന ഭയവും അവര്‍ക്കുണ്ട്. പ്രചരണ രംഗത്ത് ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിക്കാനാണ് നാലു സ്ഥാനാര്‍ഥികളും വരും ദിവസങ്ങളില്‍ ശ്രമിക്കുക. വേങ്ങരയിലെ പ്രബുദ്ധരായ വോട്ടര്‍മാരുടെ തീരുമാനം ഒക്ടോബര്‍ 15നറിയാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss