|    Oct 19 Thu, 2017 7:23 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വേങ്ങരയില്‍ കേരളാ കോണ്‍ഗ്രസ് (എം) പിന്തുണ യുഡിഎഫിന്

Published : 1st October 2017 | Posted By: fsq

 

കോട്ടയം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കും. ലീഗുമായുള്ള ദീര്‍ഘകാലത്തെ ആത്മബന്ധംകൂടി കണക്കിലെടുത്താണ് പിന്തുണയെന്നു കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.അതേസമയം, പിന്തുണ നല്‍കിയതിനെ യുഡിഎഫ് പ്രവേശനത്തിനുള്ള പാലമായി ആരും വ്യാഖ്യാനിക്കേണ്ടതില്ല. പിന്തുണ സ്വാഭാവികം മാത്രമാണ്. പി കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്കു മല്‍സരിച്ചപ്പോഴും കേരളാ കോണ്‍ഗ്രസ്സിന്റെ പിന്തുണ ലീഗിനായിരുന്നു. മുന്നണിയില്‍ വേണോ വേണ്ടയോ എന്നു ചര്‍ച്ച ചെയ്ത് അപമാനിക്കരുത്. മുന്നണി പ്രവേശനത്തിന് ആരുടെയും പക്കല്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും മാണി ആവര്‍ത്തിച്ചു. കേരളാ കോണ്‍ഗ്രസ്സിന് എല്ലാവരോടും ഒരേ നിലപാടാണ്.  മുന്നണി പ്രവേശനം സംബന്ധിച്ചു ഡിസംബറില്‍ നടക്കുന്ന കേരളാ കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ തീരുമാനമുണ്ടാവുമെന്നും മാണി വ്യക്തമാക്കി. വേങ്ങരയില്‍ മാണിയുടെ പിന്തുണ തേടി ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് മാണിക്ക് കത്തയച്ചിരുന്നു. അതേസമയം, മുന്നണി പ്രവേശനത്തിന്റെ കാര്യത്തില്‍ കെ എം മാണി ഇതുവരെയായും മനസ്സ് തുറക്കാന്‍ തയ്യാറായിട്ടില്ല. യുഡിഎഫിന്റെ പ്രമുഖ നേതാക്കള്‍ അദ്ദേഹത്തെ ക്ഷണിച്ചെങ്കിലും മറുപടി അദ്ദേഹം നല്‍കിയിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക