|    Oct 16 Tue, 2018 1:13 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വേങ്ങരയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പിഴവില്ല

Published : 28th September 2017 | Posted By: fsq

 

തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതില്‍ മുസ്‌ലിംലീഗിന് പിഴവ് പറ്റിയിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. പത്രപ്രവര്‍ത്തക യൂനിയന്‍ കേസരിഹാളില്‍ സംഘടിപ്പിച്ച വേങ്ങരക്കാര്യം എന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗ് നേതൃത്വം ഒന്നാകെയാണ് കെ എന്‍ എ ഖാദറിനെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത്. ഇക്കാര്യത്തില്‍ ലീഗില്‍ അപസ്വരമുണ്ട് എന്ന നിലയില്‍ വന്ന മാധ്യമ വാര്‍ത്തകള്‍ തന്നെ അദ്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. വേങ്ങരയിലെ തിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചതാണെന്ന പ്രചാരണത്തിലും അര്‍ഥമില്ല. വേങ്ങരക്കാര്‍ നിലവിലെ സാഹചര്യത്തെ അംഗീകരിച്ചു എന്നതിന് തെളിവാണ് തനിക്ക് പാര്‍ലമെന്റ് ഇലക്ഷനില്‍ ലഭിച്ച ഭൂരിപക്ഷം. ലീഗ് വിമത സ്ഥാനാര്‍ഥി എന്ന നിലയില്‍ വേങ്ങരയില്‍ ആരും മല്‍സരിക്കുന്നില്ല. അക്കാര്യം അവകാശപ്പെട്ട് വന്നയാള്‍ക്ക് ലീഗ് നേതാവെന്ന പരിവേഷം മാധ്യമങ്ങള്‍ മാത്രമാണ് നല്‍കുന്നതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയുള്ള ജനവികാരം വേങ്ങരയില്‍ പ്രതിഫലിക്കുമെന്നതില്‍ സംശയമില്ല.   അനുദിനം കൂടിക്കൊണ്ടിരിക്കുന്ന പെട്രോള്‍-ഡീസല്‍ വിലയും ജിഎസ്ടി നടപ്പാക്കിയതിലെ പാകപ്പിഴയുമടക്കം രാജ്യം ഇന്നനുഭവിക്കുന്ന പല വിഷയങ്ങളലും കേന്ദ്രസര്‍ക്കാരിന്റെ പിഴവാണ്. സോളാര്‍ റിപോര്‍ട്ടില്‍ എതിരായൊന്നുമില്ലെന്നാണ് മാധ്യമങ്ങളിലൂടെ മനസ്സിലാക്കിയത്. അതുകൊണ്ടുതന്നെ വേങ്ങരയില്‍ സോളാര്‍ ചര്‍ച്ചയാവുന്നതില്‍ ഭയമില്ല. രാജ്യത്ത് ബിജെപി സര്‍ക്കാരിനെതിരേയുള്ള ദേശീയ ഇടപെടലില്‍ മുസ്‌ലിംലീഗിനും മുഖ്യപങ്കുണ്ട്. ബിജെപി സ്വീകരിക്കുന്ന പല നിലപാടുകളിലും പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ അപസ്വരങ്ങളുണ്ട്. റോഹിന്‍ഗ്യന്‍ വിഷയത്തില്‍ വരുണ്‍ ഗാന്ധിയെടുത്ത നിലപാട് ഇതിനു തെളിവാണ്. ബിജെപിയുടെ ദലിത്-മുസ്‌ലിം വിഭാഗങ്ങള്‍ക്കെതിരേയുള്ള നടപടികളെ എതിര്‍ക്കുന്ന നിലപാടില്‍ രാജ്യം ഇന്ന് ഒറ്റക്കെട്ടാണ്. ബിജെപിയുടെ ജന പിന്തുണ ദേശീയ തലത്തില്‍ കുറയുകയാണ്. ബിഡിജെഎസ് യുഡിഎഫിലേക്ക് വന്നാല്‍ ലീഗ് മാത്രമായി എതിര്‍ക്കില്ല. മാണിയുടെ കാര്യത്തിലും സമാന നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറയില്‍ യോഗാ കേന്ദ്രത്തില്‍ നടന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടിരുന്നു. ഇക്കാര്യത്തില്‍ നോര്‍ത്ത് ഇന്ത്യയിലെപ്പോലൊരു സാഹചര്യം കേരളത്തിലുണ്ടാകാനിടയില്ല. എങ്കിലും നമ്മള്‍ ജാഗ്രത പുലര്‍ത്തണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss