|    Oct 20 Sat, 2018 2:25 am
FLASH NEWS

വേങ്ങരയിലെ ബിജെപി സ്ഥാനാര്‍ഥിയെ തീരുമാനിക്കാനായില്ല

Published : 20th September 2017 | Posted By: fsq

 

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചയാളെ അംഗീകരിക്കില്ലെന്ന് മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചതോടെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് പ്രതിസന്ധിയിലായി. പാര്‍ട്ടി സംസ്ഥാന ജന. സെക്രട്ടറി ശോഭാസുരേന്ദ്രനെ വേങ്ങരയില്‍ സ്ഥാനാര്‍ഥിയാക്കാനാണ് 16നു ചേര്‍ന്ന സംസ്ഥാന നേതൃയോഗം തീരുമാനിച്ചത്. എന്നാല്‍ ശോഭാസുരേന്ദ്രനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം. ഇവരെ സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ച സംസ്ഥാന കമ്മിറ്റി തീരുമാനം പുനപരിശോധിക്കണമെന്നും ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. വേങ്ങരയില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിന് ബിജെപി സംസ്ഥാന നേതൃത്വം കഴിഞ്ഞയാഴ്ച ജില്ലയിലെത്തി ജില്ലാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജില്ലാ കമ്മിറ്റി എഴുതി നല്‍കിയ സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്നും ഒരാളെ തിരഞ്ഞെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഈ പട്ടികയിലില്ലാത്ത ശോഭാസുരേന്ദ്രനെയാണ് പിന്നീട് സംസ്ഥാന കമ്മിറ്റി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ജില്ലാ നേതൃത്വത്തിന് താല്‍പര്യമില്ലാത്ത വ്യക്തിയെ സ്ഥാനാര്‍ഥിയാക്കുന്നത് തിരഞ്ഞെടുപ്പില്‍ വോട്ട് കുറയാന്‍ കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ജില്ലാ കമ്മിറ്റി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എതിര് നിന്നതോടെ വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണയം പ്രതിസന്ധിയിലായിട്ടുണ്ട്. യുഡിഎഫും എല്‍ഡിഎഫും മറ്റു പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് പ്രചാരണം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും സ്ഥാനാര്‍ഥിയെ തീരുമാനിക്കാനാവാത്ത അവസ്ഥയിലാണ് ബിജെപി നേതൃത്വം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss