|    Jan 16 Mon, 2017 6:38 pm

വേഗപ്പൂട്ട്: പ്രതിഷേധവുമായി മോട്ടോര്‍ വാഹന തൊഴിലാളി യൂനിയനുകള്‍

Published : 15th August 2016 | Posted By: SMR

കൊച്ചി: വാഹനങ്ങളില്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിഷേധവുമായി മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍ രംഗത്ത്. ഉത്തരവിനെതിരേ വിവിധ മോട്ടോര്‍ തൊഴിലാളി യൂനിയനുകളുടെ സംയുക്ത സമിതിയായ ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഈ മാസം 23ന് മോട്ടോര്‍ വാഹന വകുപ്പിന്റെ സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ ഓഫിസുകളിലേക്കും മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു.
പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളിയൂനിയന്‍ നേതാക്കളുമായി നാളെ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഒഴികെയുള്ള എല്ലാ വാഹനങ്ങള്‍ക്കും നിര്‍ബന്ധമായും വേഗപ്പൂട്ട് ഘടിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, കേരളത്തിലെ ഗതാഗത സംവിധാനത്തെ മുഴുവന്‍ ഈ നിര്‍ദേശം താറുമാറാക്കുമെന്നാണ് ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ കണ്‍വീനര്‍ പി നന്ദകുമാര്‍ പറയുന്നത്.
സുപ്രിംകോടതി വിധിയുടെ പേര് പറഞ്ഞാണ് കേരളത്തില്‍ മാത്രമായി വേഗപ്പൂട്ട് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ബസ്സുകള്‍ക്കും ട്രക്കുകള്‍ക്കും നേരത്തെ തന്നെ വേഗപ്പൂട്ട് ഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും  മറ്റു സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ച് അതില്‍ നിന്നും ഒഴിവായിരുന്നു. അന്നും കേരളത്തില്‍ മാത്രമാണ് ഇത് നടപ്പിലായതെന്നും നന്ദകുമാര്‍ പറഞ്ഞു. പുതിയ ഉത്തരവും കേരളത്തില്‍ മാത്രമാണ് നടപ്പിലാക്കാന്‍ പോവുന്നത്. ഇതര സംസ്ഥാനങ്ങളിലെ വാഹനങ്ങള്‍ വേഗപ്പൂട്ടില്ലാതെ കേരളത്തില്‍ യഥേഷ്ടം സര്‍വീസ് നടത്തുമ്പോള്‍ കേരളത്തിലെ വാഹനങ്ങള്‍ക്ക് ഇത് വലിയ തിരിച്ചടിയാവുമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നോ രണ്ടോ കമ്പനികളുടെ വേഗപ്പൂട്ട് മാത്രമാണ് കേരളത്തില്‍ ലഭ്യമായിട്ടുള്ളത്. ഇവയുടെ തുടര്‍ സേവനമാവട്ടെ തൃപ്തികരമല്ലെന്നും നന്ദകുമാര്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കേ കേരളത്തില്‍ മാത്രമായി വേഗപ്പൂട്ട് സംവിധാനം ഏര്‍പ്പെടുത്താന്‍ അനുവദിക്കില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.
റോഡ് സുരക്ഷയുടെ പേര് പറഞ്ഞ് റോഡ് ഗതാഗത മേഖലയെ കുത്തകവല്‍ക്കരിക്കാനുള്ള ശ്രമം നടന്നു വരുന്നുണ്ട്. മോട്ടോര്‍ വാഹന ഭേദഗതി ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന ദിവസം ദേശവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തുകയും വഴിതടയല്‍ സമരം സംഘടിപ്പിക്കുകയും ചെയ്യുമെന്നും നന്ദകുമാര്‍ പറഞ്ഞു. വേഗപ്പൂട്ട് വിഷയത്തില്‍ നാളെ മന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനം ആകുന്നില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായിമുന്നോട്ടു പോവുമെന്ന് മോട്ടോര്‍ തൊഴിലാളി യൂനിയന്‍(എച്ച്എംഎസ്) സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് മനോജ് ഗോപി തേജസിനോട് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക