വെസ്റ്റ് മപ്പാട്ടുകര ഉപതിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് വിമതന് അട്ടിമറി ജയം
Published : 2nd March 2018 | Posted By: kasim kzm
പട്ടാമ്പി: കുലുക്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് ഏഴാം വാര്‍ഡ് വെസ്റ്റ് മപ്പാട്ടുകര ഉപതിരഞ്ഞെടുപ്പില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തി സ്വതന്ത്രനായി മല്‍സരിച്ച രാജന് പൂതനായില്‍ വിജയിച്ചു. യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികളെ 210 വോട്ടിന് പിന്നിലാക്കിയാണ് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് കൂടിയായ രാജന് വിജയിച്ചത്.
യുഡിഎഫ് സ്ഥനാര്‍ഥിയെ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിഭാഗീയത രൂപപ്പെട്ട വാര്‍ഡില്‍ അവസാന നിമിഷം രാജന് പൂതനായില്‍ സ്വതന്ത്രനായി മല്‍സരിക്കുകയായിരുന്നു.
മപ്പാട്ടുകര എഎംഎല്‍പി സ്കൂളിലെ രണ്ടു ബൂത്തുകളിലാണ് ബുധനാഴ്ച പോളിങ് നടന്നത്.
ആകെയുള്ള 1550 വോട്ടര്‍മാരില്‍ 1192 പേര് സമ്മതിദാനം വിനിയോഗിച്ചു. രാജ ന് പൂതനായില്‍ 552 വോട്ട് നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ ഉസ്മാന് 342, യുഡിഎഫ് സ്ഥാനാര്‍ഥി സി മുഹമ്മദ് നിസാര്‍ 246 വോട്ടും നേടി. ബിജെപി സ്ഥാനാര്‍ഥി സുമേഷ് കണ്ണന് 52 വോട്ടേ നേടാനായുള്ളൂ. കോണ്‍ഗ്രസ് വിമതനായി മല്‍സര രംഗത്തെത്തിയ രാജന്റെ വിജയം കുലുക്കല്ലൂര്‍ പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല.
ഏഴാം വാര്‍ഡ് അംഗവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കോണ്‍ഗ്രസ് അംഗം സുലൈഖ ജമീല ഉമര്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നു രാജി വച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
വിജയിയെ അഭിനന്ദിച്ചും വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തിയും ഒരുവിഭാഗം യുഡിഎഫ് പ്രവര്‍ത്തകര്‍ കുലുക്കല്ലൂര്‍ പഞ്ചായത്തിലെ മുളയങ്കാവ്, മപ്പാട്ടുകര എന്നിവിടങ്ങളില്‍ ആഹ്ലാദ പ്രകടനം നടത്തി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.