|    Nov 21 Wed, 2018 1:11 am
FLASH NEWS
Home   >  Todays Paper  >  page 10  >  

വെസ്റ്റ് നൈല്‍ വൈറസ്

Published : 7th August 2018 | Posted By: kasim kzm

രാത്രികാലങ്ങളില്‍ കാണപ്പെടുന്ന ക്യൂലക്‌സ് കൊതുകുകളിലൂടെ മനുഷ്യ ശരീരത്തിലെത്തുന്ന വൈറസാണ് വെസ്റ്റ് നൈല്‍. ഈ വൈറസ് ആദ്യമായി റിപോര്‍ട്ട് ചെയ്തത് ആഫ്രിക്കയിലെ വെസ്റ്റ് നൈല്‍ പ്രദേശത്താണ്. ഇതില്‍ നിന്നാണ് ഈ വൈറസിന് വെസ്റ്റ് നൈല്‍ എന്ന പേര് വന്നത്. നേരിട്ട് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരാത്ത പനിയാണ് ഈ വൈറസിലൂടെ ഉണ്ടാവുന്നത്. 2011-12 കാലത്ത് ആലപ്പുഴയില്‍ ഈ രോഗം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 1970-80 കാലത്ത് ഈ രോഗം വ്യാപിച്ചിരുന്നതായാണ് വിവരം. ലോകത്ത് 12ഓളം രാജ്യങ്ങളില്‍ ഇതിനകം രോഗം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
വെസ്റ്റ് നൈല്‍ രോഗകാരണമായ വൈറസുകള്‍ പക്ഷികളിലാണ് കാണപ്പെടുന്നത്. ദേശാടനക്കിളികളാണ് മിക്കപ്പോഴും ഇവയുടെ വാഹകര്‍. പക്ഷികളില്‍ നിന്ന് കൊതുകുകളിലേക്കും കൊതുകില്‍ നിന്ന് മനുഷ്യനിലേക്കും വൈറസ് എത്തുകയാണ് ചെയ്യാറ്.
സിക്ക, ഡെങ്കി, മഞ്ഞപ്പനി തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമായ പ്ലാവി വൈറസ് വിഭാഗത്തില്‍ പെട്ടവയാണ് വെസ്റ്റ് നൈല്‍ വൈറസുകള്‍. ചിക്കുന്‍ ഗുനിയ പരത്തുന്ന ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളും, ജപ്പാന്‍ ജ്വരവും ഫൈലേറിയാസിസും രോഗങ്ങള്‍ പരത്തുന്ന ക്യൂലക്‌സ് കൊതുകുകളും വഴിയും വെസ്റ്റ് നൈല്‍ വൈറസുകള്‍ മനുഷ്യരില്‍ എത്തും. വെസ്റ്റ് നൈല്‍ വൈറസിനുള്ള പ്രതിരോധ വാക്‌സിന്‍ കണ്ടെത്തിയിട്ടില്ല. കൊതുകു നശീകരണവും കൊതുകുകടി ഒഴിവാക്കലുമാണ് പ്രതിരോധ മാര്‍ഗങ്ങള്‍.
രക്തദാനത്തിലൂടെയും അവയവദാനത്തിലൂടെയും അമ്മയില്‍ നിന്നു മുലപ്പാലിലൂടെ കുഞ്ഞിനും ഗര്‍ഭിണിയില്‍ നിന്ന് ഗര്‍ഭസ്ഥശിശുവിനും അപൂര്‍വമായി രോഗം ബാധിക്കാം. സാധാരണ വൈറല്‍ പനിക്ക് ഉണ്ടാവുന്ന തരത്തില്‍ കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛര്‍ദി, വയറിളക്കം, ചര്‍മത്തിലെ തടിപ്പുകള്‍ തുടങ്ങിയവയാണ് വെസ്റ്റ് നൈല്‍ പനിയുടെ ലക്ഷണങ്ങള്‍. ചിലപ്പോള്‍ ശരീരത്തില്‍ കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടാം.
പലരിലും രോഗലക്ഷണങ്ങളൊന്നും പ്രകടമാകാറില്ല. രോഗം തലച്ചോറിനെ ബാധിക്കുമ്പോള്‍ മാത്രമേ മാരകമാവുകയുള്ളൂ. റിപോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഒരു ശതമാനം പേരില്‍ തലച്ചോര്‍ വീക്കം, മെനിഞ്ചൈറ്റിസ് എന്നിവ ബാധിച്ചതായാണ് കണക്കുകള്‍.
വൈറസ് ബാധയേറ്റ് 2-6 വരെ ദിവസങ്ങളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. 14 ദിവസം വരെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാതിരിക്കുന്ന കേസുകളും ഉണ്ട്.
സാധാരണയായി വെസ്റ്റ് നൈല്‍ വൈറസ് ബാധ അധികം അപകടകാരിയല്ല. വൈറസ് ബാധയേറ്റ് 80 ശതമാനം പേരെയും പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
വെസ്റ്റ് നൈല്‍ വൈറസ് ഏതു പ്രായത്തിലുള്ളവരെയും ഉണ്ടായേക്കാം. എന്നാല്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, ഡയബറ്റിസ്, കാന്‍സര്‍, രക്തസമ്മര്‍ദം, കിഡ്‌നി രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ വൈറസ് ബാധ ഗുരുതരമാവാം. മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ഉള്ളവരില്‍ രോഗം മൂര്‍ച്ഛിക്കാം.
കൊതുകിനെ
നശിപ്പിക്കാന്‍

ി വേപ്പെണ്ണ കൊതുകിനെ അകറ്റാനുള്ള വഴിയാണ്. ഇത് നേര്‍പ്പിച്ചു സ്‌്രേപ ചെയ്യാം. മിക്കവാറും എല്ലാ ക്ഷുദ്രജീവികള്‍ക്കെതിരേയും പ്രയോഗിക്കാവുന്ന ഒന്നാണ് വേപ്പെണ്ണ.

ി കാപ്പിപ്പൊടി അല്‍പം തുറന്ന ബൗളില്‍ സൂക്ഷിക്കുന്നത് കൊതുകുകളെ അകറ്റും.

ി ഒരു പാത്രത്തില്‍ ചകിരി, ചിരട്ട എന്നിവയിട്ട് പുകയ്ക്കാം. കര്‍പ്പൂരവും കൊതുകിനെ ഓടിക്കാനുള്ള ഒരു മാര്‍ഗമാണ്. ഇതിലെ സള്‍ഫറാണ് ഇതിനു സഹായിക്കുന്നത്.

ി കൊതുകുകളുടെ ലാര്‍വകള്‍ കൂടുകൂട്ടുന്ന മേഖലകളില്‍ പപ്പായയില പിഴിഞ്ഞെടുത്ത നീര് വെള്ളത്തില്‍ കലക്കി ഒഴിച്ചാല്‍ നീണ്ട കാലയളവിലേക്കു കൊതുകിനെ അകറ്റാം.

ി ഉണക്കിയ പപ്പായ ഇല പൊടിച്ചു മെഴുകുമായി നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന മെഴുകുതിരി കത്തിക്കുന്നത് കൊതുകിനെ അകറ്റാന്‍ വളരെ ഉപകാരപ്രദമാണ്. പപ്പായ ഇലയില്‍ അടങ്ങിയിരിക്കുന്ന പ്രത്യേക രാസവസ്തുവാണ് കൊതുകിനെ തുരത്താന്‍ സഹായിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss