|    Aug 17 Fri, 2018 9:28 am

വെസ്റ്റ്‌നെല്‍ പനി: പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തില്ല

Published : 5th August 2018 | Posted By: kasim kzm

കോഴിക്കോട്: വെള്ളിയാഴ്ച കോഴിക്കോട്ട് കണ്ടെത്തിയ വെസ്റ്റ്‌നെല്‍ പനി ലക്ഷണങ്ങളോടെയുള്ള പുതിയ കേസുകള്‍ ഇന്നലെ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍. വെസ്റ്റ്‌നെല്‍ ലക്ഷണങ്ങളോടെ പാവങ്ങാട് സ്വദേശിനിയെയാണ് ജൂലൈ 13 ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇവരുടെ ശ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനക്കായി രണ്ടുപ്രാവശ്യം അയച്ചിരുന്നു. ആദ്യഫലം പോസിറ്റീവായിരുന്നു. രണ്ടാമത്തെ റിസള്‍ട്ട് കൂടി പോസിറ്റീവായാലേ രോഗം സ്ഥിരീകരിക്കുവാന്‍ സാധിക്കുകയുള്ളൂവെന്നാണ് ഡിഎംഒ ഡോ. വി ജയശ്രീ വെള്ളിയാഴ്ച പറഞ്ഞത്. എന്നാല്‍ രോഗിയുടെ നില മെച്ചപ്പെട്ടുവരുന്നതായാണ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചിട്ടുള്ളത്. അതിനിടെ കഴിഞ്ഞ ദിവസം സമാന ലക്ഷണങ്ങളോടെ മറ്റൊരാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇയാളും പ്രത്യേക നിരീക്ഷണത്തിലാണ്. എന്നാല്‍ കേരളത്തില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട വെസ്റ്റ്‌നെല്‍ പനി അത്ര മാരകമായതല്ലെന്നും ജപ്പാന്‍ ജ്വരത്തിന് സമാനമായ പനിയാണെന്നും മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. ജി അരുണ്‍ പറഞ്ഞു. 1960 മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ തന്നെ എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലും നേരത്തെ പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. കോഴിക്കോട് നിപാ വൈറസ് പനി ബാധിച്ചപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു ഡോ. അരുണ്‍. രണ്ടു മാസം മുന്‍പും ആലപ്പുഴയില്‍ ഇത്തരം പനി കണ്ടെത്തിയിരുന്നുവത്രെ. സാധാരണയായി 60 വയസിന് മുകളില്‍ പ്രായമുള്ളവരിലാണ് ഈ വൈറസ് കാണുന്നത്. അതിനിടെ വെസ്റ്റ്‌നെല്‍ പനി ലക്ഷണങ്ങളോടെ പ്രവേശിപ്പിക്കുന്ന രോഗികളില്‍ രോഗം സ്ഥിരീകരിക്കുന്നതിന് ഒരാഴ്ച സമയമെടുക്കുമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ ജി സജിത്കുമാര്‍ പറഞ്ഞു. നിപാ വൈറസ് ബാധ പോലെ പേടിക്കേണ്ടതല്ല വെസ്റ്റ്‌നെല്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss