|    May 26 Fri, 2017 4:55 pm
FLASH NEWS

വെള്ളൂര്‍ ബസ് സ്റ്റാന്‍ഡിന് ശാപമോക്ഷം നല്‍കാന്‍ വാഹന വകുപ്പും

Published : 4th January 2016 | Posted By: SMR

തലയോലപ്പറമ്പ്: വര്‍ഷങ്ങളായി ഉപയോഗശൂന്യമായ വെള്ളൂര്‍ ഗ്രാമപ്പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ബസ് സ്റ്റാന്‍ഡിനു ശാപമോക്ഷം നല്‍കാന്‍ ഒടുവില്‍ വാഹന വകുപ്പും രംഗത്ത്. വാഹന വകുപ്പ് പറയുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ അംഗീകരിക്കപ്പെട്ടാല്‍ എ ക്ലാസ് പദവി അലങ്കരിക്കുന്ന പഞ്ചായത്തിനു വലിയൊരു മാറ്റമുണ്ടാക്കാന്‍ സാധിച്ചേക്കും. പഞ്ചായത്ത് ട്രാഫിക് ക്രമീകരണ സമിതിയുടെ ഒരു യോഗം പഞ്ചായത്ത് ഓഫിസില്‍ വച്ച് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ കൂടി.
പഞ്ചായത്തു പണികഴിപ്പിച്ചിട്ടുള്ളതും, പിറവം റോഡ് റെയില്‍വേ സ്റ്റേഷനിലേക്കു യാത്രക്കാര്‍ക്ക് എത്തിപ്പെടാന്‍ സൗകര്യപ്രദവുമായ ബസ് സ്റ്റാന്‍ഡ് തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അനുമതി നല്‍കണമെന്ന് യോഗം കോട്ടയം റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടിയോട് അഭ്യര്‍ഥിച്ചു. ദൂരസ്ഥലങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ന്യൂസ്പ്രിന്റ് ഫാക്ടറി, പിറവം റോഡ് റെയില്‍വേ സ്റ്റേഷന്‍, കൊച്ചിന്‍ സിമിന്റ്‌സ് എന്നിവിടങ്ങളിലേക്ക് എത്തിച്ചേരുന്നതിനു സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായാല്‍ വളരെയധികം ഗുണം ലഭിക്കും. ചെറുകര പാലം യാഥാര്‍ഥ്യമായതോടെ പാലത്തിനുസമീപമുള്ള സ്റ്റാന്റിന്റെ സാധ്യത വര്‍ധിച്ചിരിക്കുകയാണ്. പിറവം, മൂവാറ്റുപുഴ തുടങ്ങി റയില്‍വേ കടന്നു പോവാത്ത സ്ഥലങ്ങളിലെ ജനങ്ങളും ആശ്രയിക്കുന്ന സ്റ്റേഷന്‍ എന്ന നിലയിലും നിത്യേന വളരെയധികം യാത്രക്കാര്‍ ആശ്രയിക്കുന്ന പ്രദേശമാണ് ഇത്.
നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഇനിയും ചില മിനുക്കുപണികളും, പോരായ്മകളും ഉള്ളതു പഞ്ചായത്ത് മുന്‍കൈ എടുത്ത് ചെയ്തു തീര്‍ക്കണം. അടുത്ത ആര്‍ടിഎ യോഗമാണ് സ്റ്റാന്‍ഡിന് അനുമതി പരിഗണിക്കുക. ഇപ്പോള്‍ അനുമതി ഇല്ലാതെ റയില്‍വേയുടെ അധീനതയിലുള്ള റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്താണ് ബസ്സുകള്‍ സര്‍വീസ് നടത്തുന്നത്. പുതിയ സ്റ്റാന്‍ഡ് ഈ അപകടകരമായ അവസ്ഥ ഇല്ലാതാക്കുകയും ബസ്സുകള്‍ക്ക് കൂടുതല്‍ സമയം നിര്‍ത്തിയിട്ട് വിശ്രമിക്കാനും കഴിയും. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ലൈലാജമാല്‍, പോലീസ് എസ്‌ഐ വിജയന്‍ , പിഡബ്ല്യുഡി അസി. എന്‍ജിനീയര്‍ ജസ്‌ലിന്‍ജോസ്, റെയില്‍വേ ജെ ഇ സന്തോഷ്‌കുമാര്‍, ജോയിന്റ് ആര്‍ടിഒ വി സജിത്ത്, എംവിഐ സുരേഷ്ബാബു, കെഎഎംവിഐ ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ മോഹനന്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day