|    Dec 13 Wed, 2017 9:12 am
Home   >  Todays Paper  >  Page 4  >  

വെള്ളൂര്‍ നോര്‍ത്ത് എല്‍പി സ്‌കൂളില്‍ പഠിക്കുന്നത് ഒരൊറ്റ കുട്ടി മാത്രം

Published : 21st August 2016 | Posted By: SMR

കെ എം സജേഷ്

നാദാപുരം:  കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു നല്‍കാനായി 1943ല്‍ തുടങ്ങിയ താണ് തൂണേരിയിലെ വെള്ളൂര്‍ നോര്‍ത്ത് എല്‍പി സ്‌കൂള്‍. നാദാപുരം ഗ്രാമപ്പഞ്ചായത്തില്‍ സ്‌കൂളുകളുടെ എണ്ണം തീരെ കുറവായിരുന്ന കാലത്താണ് വെള്ളൂര്‍ നോര്‍ത്ത് എല്‍പി സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. പരിസരപ്രദേശത്തെ മിക്ക കുട്ടികളും വെള്ളൂര്‍ നോര്‍ത്ത് എല്‍പി സ്‌കൂളിലായിരുന്നു പഠിച്ചത്. എന്നാല്‍, പഠന നിലവാരത്തില്‍ ഏറെ മികവ് പുലര്‍ത്തിയിരുന്ന സ്‌കൂളിന്റെ ഇപ്പോഴത്തെ സ്ഥിതി ഏറെ പരിതാപകരമാണ്. ഇപ്പോള്‍ സ്‌കൂളില്‍ വിദ്യാര്‍ഥിയായുള്ളത് രണ്ടാം ക്ലാസുകാരി മാത്രം. തൂണേരി, വെള്ളൂര്‍ എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കൊണ്ടും കൊലപാതകങ്ങള്‍ കാരണവും ഈ മേഖലയിലെ രക്ഷിതാക്കള്‍ തങ്ങളുടെ പിഞ്ചോമനകളെ സ്‌കൂളിലേക്കയക്കാന്‍ വിമുഖത കാട്ടുകയാണ്.
രണ്ടു വര്‍ഷത്തിനിടെ നടന്ന രണ്ടു കൊലപാതകങ്ങള്‍ തൂണേരി, വെള്ളൂര്‍ മേഖലയെ സംഘര്‍ഷഭൂമിയാക്കിയിട്ടുണ്ട്. മുമ്പ് നടന്ന ആക്രമണങ്ങളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സി കെ ഷിബിന്റെ വധവും മറ്റുമാണ് സ്‌കൂളിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് പ്രധാന കാരണമെന്നു രക്ഷിതാക്കളും പ്രദേശവാസികളും ഒന്നടങ്കം പറയുന്നു. സ്‌കൂളിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് കൊല ചെയ്യപ്പെട്ടവരുടെ വീടുകള്‍.
ഷിബിന്‍ വധത്തെ തുടര്‍ന്ന് കുട്ടികള്‍ ഭയവിഹ്വലതയാല്‍ കൂട്ടത്തോടെ സ്‌കൂള്‍ വിട്ടൊഴിയാ ന്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം കുട്ടികളുടെ എണ്ണം ഒന്നിലേക്കൊതുങ്ങി. കഴിഞ്ഞ വര്‍ഷം ഇവിടെ പഠിക്കാനുണ്ടായിരുന്നത് കേവലം നാലു കുട്ടികള്‍ മാത്രമായിരുന്നു. സ്‌കൂളിലെ ഏക വിദ്യാര്‍ഥിയെ പഠിപ്പിക്കാനുള്ളത് പ്രധാനാധ്യാപികയായ സുജാതയും സഹായിയായി വേറൊരു ടീച്ചറും മാത്രം. നാല് അധ്യാപകര്‍ ഉണ്ടായിരുന്നതില്‍ രണ്ടുപേര്‍ പ്രൊട്ടക്ഷന്‍ ലഭിച്ച് മറ്റു സ്‌കൂളുകളിലേക്ക് മാറിപ്പോവുകയായിരുന്നു.
പതിവുപോലെ ഈ വര്‍ഷവും വളരെ ഭംഗിയായി പ്രവേശനോല്‍സവം നടത്തി.  പഠന നിലവാരത്തിലും മറ്റും ഏറെ മുന്‍പന്തിയിലുണ്ടായിരുന്ന സ്‌കൂളിന്റെ സ്ഥിതിയില്‍ പരിതപിക്കുകയാണ് പ്രദേശവാസികളായ രക്ഷിതാക്കളും നാട്ടുകാരും. തൂണേരി ഗ്രാമപ്പഞ്ചായത്തിന്റെ നിര്‍ദേശാനുസരണം പിടിഎ ഭാരവാഹികള്‍ ഒത്തുചേര്‍ന്ന് സ്‌കൂളിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. സ്‌കൂളിന്റെ ഗതകാല പ്രതാപം തിരിച്ചുപിടിക്കാനുള്ള ദേശസ്‌നേഹികളുടെ ശ്രമത്തിനിടയിലാണ് അസ്‌ലമിന്റെ കൊലപാതകം നടന്നത്. പഴയകാല പ്രതാപം തിരിച്ചുവരുമെന്ന ശുഭപ്രതീക്ഷയിലാണ് സുജാത ടീച്ചറും സുമനസ്സുകളായ നാട്ടുകാരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക