|    Oct 17 Wed, 2018 12:05 am
FLASH NEWS

വെള്ളൂര്‍ക്കുന്നത്തു നിന്നും നൈട്രാസെപാം ഗുളികകള്‍ പിടികൂടി

Published : 6th September 2017 | Posted By: fsq

 

മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നത്തുനിന്നും മയക്കുമരുന്നിനത്തില്‍പ്പെട്ട നൈട്രാസെപാം ഗുളികകള്‍ പിടികൂടി. എക്‌സൈസ് സിഐ കെ കെ അനില്‍കുമാറിന്റെ നിര്‍ദേശാനുസരണം മൂവാറ്റുപുഴ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി കെ രഘുവിന്റെ നേതൃത്വത്തില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി കരയില്‍ തോപ്പില്‍ വീട്ടില്‍ ഷാജഹാന്‍(28)മയക്കുമരുന്നു ഗുളികകളുമായി പിടിയിലായത്. മയക്കുമരുന്നു വില്‍പന നടത്തുന്നതായി നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് എത്തിയ എക്‌സൈസ് സംഘത്തെക്കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ എക്‌സൈസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. നിരവധി മയക്കുമരുന്നു ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പ്രതിക്ക് സ്ഥിരം ഉപഭോക്താക്കളുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യുന്നവര്‍ക്കെതിരേ ഭീഷണിയും അസഭ്യ പദപ്രയോഗങ്ങളും നടത്തുക പതിവാണ്. വെള്ളൂര്‍ക്കുന്നം ഭാഗത്ത് സദാസമയവും ചുറ്റിക്കറങ്ങുന്ന ഇയാള്‍ക്കെതിരേ വ്യാപാരികളും പരിസരവാസികളും നിരവധി പരാതികള്‍ ഉന്നയിച്ചിരുന്നു. മൂവാറ്റുപുഴ ഗവ.ആശുപത്രിയില്‍ നിന്നും മയക്കുമരുന്നിന് അടിമകളായവരെ ഘട്ടംഘട്ടമായി മോചിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്ന മരുന്ന് പ്രതി ദുരുപയോഗം ചെയ്യുന്നതായും പരാതിയുണ്ട്. പ്രതിയെ മൂവാറ്റുപുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രിവന്റിവ് ഓഫിസര്‍മാരായ എംഎകെ ഫൈസല്‍, ടി കെ ബാബു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി ഇ ബഷീര്‍, പി എം കബീര്‍ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss